"താരങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ മിനിമം പ്രൊഫൈല്‍ കൂടി തീരുമാനിക്കട്ടെ!": അശ്വതി ശ്രീകാന്ത് 

'തേച്ച് ഒട്ടിച്ച തഗ്ഗ്' ക്യാപ്ഷനുമായി വരുന്ന വിഡിയോകള്‍ക്ക് പിന്നിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ വിവരിക്കുകയാണ് അശ്വതി
അശ്വതി ശ്രീകാന്ത്
അശ്വതി ശ്രീകാന്ത്
Updated on
2 min read

സിനിമാ പ്രമോഷന്റെ ഭാഗമായും മറ്റും നല്‍കുന്ന അഭിമുഖങ്ങളില്‍ താരങ്ങള്‍ നല്‍കുന്ന ചില മറുപടികള്‍ക്ക് കിട്ടുന്ന വരവേല്‍പ്പും ചോദ്യകര്‍ത്താവ് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണവും തുറന്നുകാട്ടി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. 'തേച്ച് ഒട്ടിച്ച തഗ്ഗ്' ക്യാപ്ഷനുമായി വരുന്ന വിഡിയോകള്‍ക്ക് പിന്നിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ വിവരിക്കുകയാണ് അശ്വതി. 

"തങ്ങളോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ക്ക് ഒരു കൃത്യമായ നിലവാരം വേണമെന്ന് ആഗ്രഹിക്കുന്ന താരങ്ങള്‍ അവരെ ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ മിനിമം പ്രൊഫൈല്‍ എന്താവണം എന്ന് കൂടി തീരുമാനിക്കട്ടെ! അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന നിലവാരം ഉള്ള ചാനലുകള്‍ക്ക് മാത്രം ഇന്റര്‍വ്യൂ കൊടുത്താല്‍ മതിയല്ലോ!",  എന്നാണ് അശ്വതി ചോദിക്കുന്നത്. 

കുറിപ്പിന്റെ പൂർണ്ണരൂപം

അടുത്ത കാലത്തായി യൂട്യൂബ് ചാനലുകളില്‍ പതിവായി കാണുന്ന ഒരു ക്യാപ്ഷനാണ് അവതാരകയെ/ അവതാരകനെ തേച്ച് ഒട്ടിച്ച് താരം...!!!കൊള്ളാല്ലോ സംഭവം. ആങ്കര്‍ എയറിലായി, അവതാരകയ്ക്ക് അണ്ണാക്കില്‍ കൊടുത്തു, മുതലായ വളരെ സഭ്യമായ ക്യാപ്ഷനുകളും സുലഭമാണ്. ഇത്ര കഴിവുള്ള താരത്തോട് മുട്ടി നില്‍ക്കാന്‍ കഴിവില്ലാത്ത വിവരദോഷികളായ അവതാരകര്‍ക്ക് അങ്ങനെ തന്നെ വേണം എന്ന് തോന്നിയില്ലേ? അവന്റെ/ അവളുടെ ആ ചോദ്യത്തിന് ഇത് കിട്ടിയാല്‍ പോരാ എന്ന് തോന്നിയില്ലേ? ആര്‍ക്കായാലും തോന്നും!
ഏതെങ്കിലും സിനിമാ പ്രൊമോഷന്റെ ഭാഗമായി അഭിനേതാക്കള്‍ നല്‍കിയ ഇന്റര്‍വ്യൂവില്‍ അവതാരകര്‍ ചോദിച്ച ചോദ്യങ്ങളും അതിനുള്ള താരത്തിന്റെ തഗ്ഗ് മറുപടികളും ബിജിഎം ഇട്ട് ഇറക്കിയ ആ വീഡിയോകളുടെ കമന്റ് ബോക്‌സ് കണ്ടാല്‍ അറിയാം ആളുകള്‍ക്ക് അതെത്ര സുഖിക്കുന്നുണ്ടെന്ന്. സ്വാഭാവികമാണ്. മുന്നിലിരിക്കുന്ന അതിഥിയെക്കുറിച്ച് കൃത്യമായ അറിവോ പരിചയമോ ഇല്ലാതെ അഭിമുഖത്തിന് പോയിരിക്കുന്നതും അവരെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്ന, പ്രകോപിപ്പിക്കുന്ന, അല്ലെങ്കില്‍ തികച്ചും അവസരോചിതമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും ഒരിക്കലും ഒരു നല്ല പ്രവണതയല്ല. അങ്ഹനെ ചെയ്താല്‍ എന്ത് വരെ സംഭവിക്കാം എന്ന് ഓസ്‌കര്‍ വേദിയില്‍ നമ്മള്‍ കണ്ടതുമാണ്. ആ ബോധ്യത്തോടെ തന്നെ ഇതിന്റെ മറുവശം കൂടി പറയട്ടെ!
ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ഇന്റര്‍വ്യൂകള്‍ വാരി കോരി കൊടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകും എന്ന് അറിയുന്നത് കൊണ്ട് തന്നെ, പേരുള്ളതും ഇല്ലാത്തതുമായ ഒരു നൂറു ചാനലുകളാണ് (ടി വി ചാനലുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉള്‍പ്പെടെ) അഭിമുഖം ഷൂട്ട് ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും വിചാരിക്കുന്ന സമയത്ത് അനുയോജ്യരായ അവതാരകരെ കിട്ടാനുള്ള സാധ്യത വളരെ കുറവുമാണ്. 
മൂവി പ്രൊമോഷന്‍ സമയത്ത് ഒരു ദിവസം തന്നെ പത്തിന് മുകളിലാണ് ഇന്‍ര്‍വ്യൂകള്‍. താരങ്ങള്‍ വേഷം മാറുന്നു, ഒരു ഹോട്ടലിന്റെ തന്നെ പല ഭാഗത്ത് പല ചാനലുകള്‍ സെറ്റ് ചെയ്ത ലൊക്കേഷനുകളില്‍ ഇരുന്ന് അഭിമുഖങ്ങള്‍ കൊടുക്കുന്നു. പല അവതാരകരും തങ്ങളുടെ പേപ്പറിലോ മൊബൈല്‍ നോട്ട് പാഡിലോ കുറിച്ചിട്ട ചോദ്യങ്ങളുമായി ഊഴം കാത്ത് നില്‍ക്കും. ഞാനും പലവട്ടം നിന്നിട്ടുണ്ട്. വലിയ താരങ്ങള്‍ വരുന്നത് കാണുമ്പോള്‍ തന്നെ കൈയ്യും കാലും വിയര്‍ത്ത് പാനിക്ക് അറ്റാക്ക് ഉണ്ടാവുന്ന അവസ്ഥയിലാണ് മിക്കവാറും പുതിയ അവതാരകര്‍ അല്ലെങ്കില്‍ അവതാരകരാവാന്‍ നിര്‍ബന്ധിതരായവര്‍ നില്‍ക്കാറ്. 
എനിക്ക് തോന്നുന്നത് തങ്ങളോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ക്ക് ഒരു കൃത്യമായ നിലവാരം വേണമെന്ന് ആഗ്രഹിക്കുന്ന താരങ്ങള്‍ അവരെ ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ മിനിമം പ്രൊഫൈല്‍ എന്താവണം എന്ന് കൂടി തീരുമാനിക്കട്ടെ! അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന നിലവാരം ഉള്ള ചാനലുകള്‍ക്ക് മാത്രം ഇന്റര്‍വ്യൂ കൊടുത്താല്‍ മതിയല്ലോ!  പക്ഷെ സംഭവം സ്വന്തം സിനിമയുടെ പ്രൊമോഷന്‍ ആവുമ്പോള്‍ ആങ്കര്‍ ആരാണെന്നോ ചാനല്‍ ഏതാണെന്നോ പലരും നോക്കാറു പോലുമില്ല. നമ്മക്ക് എല്ലാരും വേണ്ടേ എന്നതാണ് ന്യായം. നിങ്ങള്‍ തന്നെ ക്വാളിറ്റി ക്രോംപ്രമൈസ് ചെയ്യാന്‍ നിന്ന് കൊടുത്തിട്ട് ഒപേറ വിന്‍ഫ്രി ലെവല്‍ ഇന്റര്‍വ്യൂ പ്രതീക്ഷിച്ചാല്‍ നിരാശയുണ്ടാവും. പ്രസ് മീറ്റുകളുടെ അവസ്ഥ വ്യത്യസ്തമാണ്. പക്ഷെ അഭിമുഖങ്ങള്‍ ആര്‍ക്ക് കൊടുക്കണം എന്നതില്‍ എങ്കിലും ആര്‍ട്ടിസ്റ്റിനു അല്ലെങ്കില്‍ അവരുടെ ടീമിന് ചോയ്‌സ് ഉണ്ടാവുന്നത് നല്ലതാണ്. 
തമാശകളും കൗണ്ടറുകളും ഒക്കെ കൊണ്ട് സജീവമാവുമ്പോഴും പരസ്പര ബഹുമാനം എന്ന വലിയൊരു ഹ്യൂമാനിറ്റേറിയന്‍ എലമെന്റ് കൂടി ഉണ്ടാവുമ്പോള്‍ മാത്രമാണ് ഏത് സംഭാഷണത്തിനും മൂല്യം ഉണ്ടാവുന്നത്. അത് രണ്ട് കൂട്ടരും ഓര്‍ക്കുന്നത് നല്ലതാണെന്ന് തോന്നുന്നു! പിന്നെ രണ്ട് കൂട്ടരും ഡിപ്ലോമാറ്റിക്ക് ആയി പറഞ്ഞ് അവസാനിപ്പിച്ച ഇന്റര്‍വ്യൂവില്‍ നിന്ന് പോലും തഗ് തിരഞ്ഞ് പിടിച്ച് ബിജിഎം ഇടുന്ന, തുടക്കത്തില്‍ പറഞ്ഞത് പോലെയുള്ള വൈറല്‍ ക്യാപ്ഷന്‍ ഇടുന്ന ആളുകളും ഓര്‍ക്കണെ ഇരുപക്ഷത്തും നമ്മളെ പോലെ തന്നെ ഉള്ള മനുഷ്യരാണെന്ന്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com