

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ മോഹന്‍ലാല്‍ ഭഭബയുടെ പോസ്റ്റര്‍ പങ്കിട്ടതിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. ദിലീപ് നായകനായ ഭഭബയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒരു നിമിഷം പോലും മോഹന്‍ലാല്‍ താന്‍ ചെയ്യുന്നത് എന്തെന്ന് ചിന്തിച്ചില്ലല്ലോ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. ഐഎഫ്എഫ്‌കെ വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
അതിജീവിത പരാതി നല്‍കിയില്ലായിരുന്നുവെങ്കില്‍ അടുത്ത ഇര മഞ്ജു വാര്യരാകുമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. അതിജീവിത കേസ് കൊടുത്തതു കൊണ്ട് മാത്രമാണ് പല പെണ്‍കുട്ടികളും രക്ഷപ്പെട്ടതെന്നും അവര്‍ പറയുന്നു. സിനിമാ മേഖലയില്‍ നിന്നും അതിജീവിതയ്ക്ക് പിന്തുണ ലഭിക്കാതിരിക്കാന്‍ കാരണം ദിലീപിന്റെ കയ്യിലെ പണമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.
''വിധി വന്ന ദിവസം തന്നെയല്ലേ നമ്മള്‍ ഒരുപാട് സ്‌നേഹിക്കുന്ന മോഹന്‍ലാല്‍ ആ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്. ഒരു നിമിഷം ചിന്തിക്കണം ഞാന്‍ എന്താണ് ചിന്തിക്കുന്നത് എന്ന്. അവന് വേണ്ടിയും അവള്‍ക്ക് വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മള്‍ കേട്ടു. ഇതെല്ലാം അയാള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്‌പെയ്‌സ് ആണ്. അതാണ് നമ്മള്‍ കണ്ടത്'' ഭാഗ്യലക്ഷ്മി പറയുന്നു.
''പലരും വിചാരിക്കുന്നുണ്ട് ഈ വിധിയോട് കൂടി അവള്‍ തളര്‍ന്നു, ഇനി അവള്‍ മുന്നോട്ട് പോകില്ല എന്ന്. ഒരിഞ്ചു പോലും അവള്‍ തളര്‍ന്നിട്ടില്ല. അതിശക്തമായി തന്നെ മുന്നോട്ട് സഞ്ചരിക്കാന്‍ അവള്‍ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിന്റെ ഏത് അറ്റം വരെയും അവള്‍ പോകും. ഇതിനേക്കാളും അപ്പുറം അപമാനമൊന്നും അവള്‍ക്ക് ഇനി സംഭവിക്കാനില്ല. രണ്ട് മണിക്കൂര്‍ ആ കാറിനുള്ളില്‍ സംഭവിച്ചതിനേക്കാള്‍ അപമാനം അവള്‍ അടച്ചിട്ട കോടതി മുറിക്കുള്ളില്‍ അനുഭവിച്ചു. ഇതില്‍ കൂടുതല്‍ എനിക്കൊന്നും സംഭവിക്കാനില്ലല്ലോ എന്ന രീതിയിലാണ് അവള്‍ ഇപ്പോള്‍ പോസ്റ്റിട്ടിരിക്കുന്നത്'' ഭാഗ്യലക്ഷ്മി പറയുന്നു.
''തീര്‍ച്ചയായും അപ്പീല്‍ പോയിരിക്കും. അത് അന്ന് തന്നെ തീരുമാനിച്ചതാണ്. ഞാന്‍ മുന്നോട്ട് സഞ്ചരിക്കുന്നുവെന്ന് ഔദ്യോഗികമായി പറയേണ്ടത് അവള്‍ തന്നെയാണ്. ഞങ്ങളെല്ലാവരും ഉള്ളിന്റെ ഉള്ളില്‍ സംസാരിക്കുന്നുണ്ട്. തീര്‍ച്ചയായും അപ്പീല്‍ പോകും. നിയമത്തിന്റെ ഏതറ്റം വരെയും പോകും. അവളെ തളര്‍ത്താമെന്ന് പിആര്‍ വര്‍ക്ക് ചെയ്യുന്നവരോ ക്വട്ടേഷന്‍ കൊടുത്ത വ്യക്തിയോ പൈസ വാങ്ങിയ വ്യക്തിയോ ആരും തന്നെ വിചാരിക്കണ്ട. ശക്തമായി അവളോട് കൂടെ നില്‍ക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്'' എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
''മുമ്പ് അമ്പത് ശതമാനം ആളുകളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷെ ഈ വിധി വന്നതോടെ കുറേക്കൂടി വ്യക്തമായി എല്ലാവര്‍ക്കും മനസിലായി ഇദ്ദേഹം തന്നെയാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന്. അത് പറയാന്‍ കാരണം എന്താണ്? സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. കോടതിയില്‍ നിന്നും വിധി കേട്ട് വന്നാല്‍ എനിക്ക് വളരെ സന്തോഷമുണ്ട്, സത്യം ജയിച്ചു എന്നാകും സാധാരണ പറയുക. അതിന് പകരം മറ്റൊരു പെണ്ണിന്റെ പേരാണ് പറയുന്നത്. ആ നടി ഒരിക്കലും അദ്ദേഹത്തിന്റെ പേര് പറഞ്ഞു കൊണ്ടല്ല സംസാരിച്ചത്.''
ഇത് എന്നെക്കുറിച്ച് എന്നെക്കുറിച്ച് തന്നെയാണ് എന്ന് അദ്ദേഹം ചിന്തിക്കുന്നത് അത് അദ്ദേഹം ചെയ്തതു കൊണ്ടാണെന്ന് അദ്ദേഹത്തിന് നല്ല ഉറപ്പുള്ളതുകൊണ്ട്. അദ്ദേഹത്തിന്റെ വില്ലനിസം തീര്‍ന്നിട്ടില്ല. ഇനിയും ഞാന്‍ ഇത് തന്നെ ചെയ്യുമെന്ന ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ആ വിധിയിലൂടെയാണ്. ആ വിധി എങ്ങനെ നേടിയെടുത്തുവെന്നും എന്താണ് അയാളുടെ ധൈര്യമെന്നും എല്ലാവര്‍ക്കും അറിയാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates