'ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ?' പുണെയില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് മമ്മൂക്കയുടെ വിളി എത്തി

ഷൂട്ടിങ്ങിന് ശേഷം കൊച്ചിയിൽ വന്നതിനു ശേഷം താൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് പങ്കുവച്ചതിനു പിന്നാലെയാണ് വൈദ്യസഹായവുമായി താരം എത്തിയത്
ബ്രഹ്മപുരം തീപിടുത്തം/ എക്സ്പ്രസ് ചിത്രം, മമ്മൂട്ടി/ ചിത്രം; ഫെയ്സ്ബുക്ക്
ബ്രഹ്മപുരം തീപിടുത്തം/ എക്സ്പ്രസ് ചിത്രം, മമ്മൂട്ടി/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പുക പത്ത് ദിവസത്തിൽ അധികമാണ് കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചത്. പുകയിൽ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് സഹായവുമായി ആദ്യം എത്തിയത് നടൻ മമ്മൂട്ടിയായിരുന്നു. ഷൂട്ടിങ്ങിന് ശേഷം കൊച്ചിയിൽ വന്നതിനു ശേഷം താൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് പങ്കുവച്ചതിനു പിന്നാലെയാണ് വൈദ്യസഹായവുമായി താരം എത്തിയത്. ഇപ്പോൾ ബ്രഹ്മപുരം വിഷയത്തിലെ മമ്മൂട്ടിയുടെ ഇടപെടലുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരത്തിന്റെ പേഴ്സനൽ പിആർഒ ആയ റോബർട്ട് ജിൻസ്. പുണെയില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് 'ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ?' എന്ന് മമ്മൂട്ടി ഫോൺവിളിച്ച് ചോദിക്കുകയായിരുന്നു എന്നാണ് റോബർട്ട് ഫെയ്സ്ബുക്കിൽ കുറിച്ചത്. 

റോബർട്ട് ജിൻസിന്റെ കുറിപ്പ് 

പുണെയില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയതിന്റെ പിറ്റേന്നാണ് മമ്മൂക്കയുടെ വിളി വരുന്നത്. 'ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ?' ആ ചോദ്യത്തിലുണ്ടായിരുന്നു കടലോളമുള്ള കരുതല്‍. 'നമ്മള്‍ ചെയ്താല്‍ പിന്നെ മറ്റുള്ളവര്‍ക്കും പ്രചോദനമാകും' മമ്മൂക്കയുടെ ഈ ആത്മവിശ്വാസത്തിന്റെ ഉറപ്പില്‍ ഒരു ദൗത്യം ആരംഭിക്കുകയായിരുന്നു. ഉടന്‍ തന്നെ മമ്മൂക്കയുടെ സന്തത സഹചാരിയും കെയര്‍ ആന്റ് ഷെയറിന്റെ സാരഥികളിലൊരാളുമായ എസ്.ജോര്‍ജ്, സംഘടനയുടെ നേതൃസ്ഥാനത്തുള്ള കെ.മുരളീധരന്‍,ഫാ.തോമസ് കുര്യന്‍ എന്നിവരുമായി തുടര്‍ചര്‍ച്ചകള്‍. രാജഗിരി ആശുപത്രിയും,ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയും പങ്കാളികളായി അതിവേഗം കടന്നുവരുന്നു. ആദ്യഘട്ടത്തില്‍ രാജഗിരിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം എന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തുന്നു. വയനാട്ടിലെ ഷൂട്ടിങ് തിരക്കിനിടയിലും എല്ലാ കാര്യങ്ങളിലും മമ്മൂക്കയുടെ മേല്‍നോട്ടം. ഒടുവില്‍ ചൊവ്വാഴ്ച രാവിലെ വിഷപ്പുക ഏറ്റവും കൂടുതല്‍ ബാധിച്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്മപുരത്ത് നിന്ന്  രാജഗിരിയിലെ ഡോക്ടര്‍മാരുടെ സംഘം പര്യടനം തുടങ്ങി. അവര്‍ മൂന്നുദിവസങ്ങളില്‍ മരുന്നുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മാസ്‌കുകളുമായി ശ്വാസംമുട്ടിക്കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ വീടിനടുത്തേക്കെത്തും. ഇത് ഒരു തുടക്കം മാത്രമാണെന്ന് മമ്മൂക്കയുടെ ഓര്‍മപ്പെടുത്തല്‍. ബുധന്‍,വ്യാഴം ദിവസങ്ങളില്‍ യഥാക്രമം കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട,തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയലെ വടക്കേ ഇരുമ്പനം എന്നിവിടങ്ങളില്‍ മെഡിക്കല്‍സംഘം പരിശോധന പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ തുടര്‍പ്രവര്‍ത്തനങ്ങളും ഉടനെയുണ്ടാകും. ഇത് മമ്മൂട്ടി എന്ന മനുഷ്യന്റെ,അദ്ദേഹത്തിന് അപരനോടുള്ള അപാരമായ കരുതലിന്റെ അടയാളങ്ങളിലൊന്നുമാത്രം. ആ മനസ്സില്‍ ഇനിയുമുണ്ട് ഒപ്പമുള്ളവരുടെ സങ്കടങ്ങള്‍ ഒപ്പുന്നതിനുള്ള സ്‌നേഹത്തൂവാലകള്‍. ആ യാത്രയില്‍ ഒപ്പം ചേരാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യതകളിലൊന്ന് എന്നത് വ്യക്തിപരമായ സന്തോഷം,അഭിമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com