അച്ഛൻ വാങ്ങി നൽകിയ വിഡിയോ കാമറയുമായി ഹോളിവുഡിനെ വരെ വിറപ്പിച്ച എം.നൈറ്റ് ശ്യാമളൻ; ട്വിസ്റ്റുകളുടെ തോഴൻ

ചിത്രത്തിന്റെ ക്ലൈമാക്സിലെ ട്വിസ്റ്റിനെക്കുറിച്ച് സിനിമാ പ്രേമികൾ ഇന്നും വാ തോരാതെ സംസാരിക്കാറുണ്ട്.
Mollywood Times, M. Night Shyamalan
Mollywood Times, M. Night Shyamalanഇൻസ്റ്റ​ഗ്രാം
Edited By:
Updated on
2 min read

അഭിനവ് സുന്ദർ വിനായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്' മികച്ച അഭിപ്രായങ്ങളുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നസ്‍ലിൻ നായകനായെത്തിയ ചിത്രത്തിന്റെ മേക്കിങ്ങും കഥയുമെല്ലാം സിനിമാ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയാണ്. ചിത്രത്തിൽ മലയാളിയായ ഒരു ഹോളിവുഡ് സംവിധായകനെ പറ്റിയും പരാമർശിക്കുന്നുണ്ട്.

ഹോളിവുഡിലെ ഹൊറർ കാഴ്ചകൾക്ക് മറ്റൊരു തലം നൽകിയ എം. നൈറ്റ് ശ്യാമളൻ എന്നറിയപ്പെടുന്ന മനോജ് നെല്ലിയാട്ട് ശ്യാമളൻ. വെറുമൊരു സാധാരണ ഫിലിംമേക്കർ‌ അല്ല എം. നൈറ്റ് ശ്യാമളൻ. സാധാരണ രീതിയിൽ കഥ തുടങ്ങി, പ്രേക്ഷകൻ ഊഹിച്ചുവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളെയും തകിടം മറിച്ച് പുതിയൊരു സിനിമാനുഭവം സമ്മാനിക്കുന്ന സംവിധായകൻ.

കുട്ടിക്കാലം മുതലേ സിനിമ സ്വപ്നം കണ്ടു നടന്നിരുന്ന ആളായിരുന്നു എം. നൈറ്റ് ശ്യാമളൻ. അച്ഛൻ വാങ്ങി നൽകിയ ഒരു വിഡിയോ കാമറയുമായി ശ്യാമളൻ നടന്നു കയറിയത് അങ്ങ് ഹോളിവുഡിലേക്ക് ആയിരുന്നു. നെല്ലിയാട്ട് സി ലക്ഷ്മണന്റെയും ജയലക്ഷ്മിയുടെയും മകനായി 1970 ൽ മാഹിയിലായിരുന്നു എം.നൈറ്റ് ശ്യാമളന്റെ ജനനം.

മനോജ് ജനിച്ച് അധികം വൈകാതെ തന്നെ അദ്ദേഹത്തിൻ്റെ കുടുംബം അമേരിക്കയിലെ ഫിലാഡൽഫിയയിലേക്ക് കുടിയേറുകയായിരുന്നു. അവിടെയാണ് പിന്നീട് മനോജ് വളർന്നതും പഠിച്ചതുമെല്ലാം. നിഗൂഢതകളും, സൂപ്പർ നാച്വറൽ ഘടകങ്ങളും, അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയനായത്.

'ദ് സിക്സ്ത് സെൻസ്' എന്ന ഒരൊറ്റ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം മാത്രം മതി എക്കാലവും എം.നൈറ്റ് ശ്യാമളൻ എന്ന ഫിലിംമേക്കറെ സിനിമാ പ്രേമികൾക്ക് ഓർത്തിരിക്കാൻ. 1999 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് കഥയൊരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിലെ ട്വിസ്റ്റിനെക്കുറിച്ച് സിനിമാ പ്രേമികൾ ഇന്നും വാ തോരാതെ സംസാരിക്കാറുണ്ട്.

ഈ ചിത്രം മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കുമുള്ള ഓസ്കർ നാമനിർദ്ദേശങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുക്കുകയും ചെയ്തു. പിന്നീട് 'അൺബ്രേക്കബ്ൾ', 'സൈൻസ്', 'ദ് വില്ലേജ്' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ​ഹോളിവുഡിൽ അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചു. 2010 ൽ പുറത്തിറങ്ങിയ 'ദ് ലാസ്റ്റ് എയർബെൻഡർ', 2013ൽ പുറത്തിറങ്ങിയ 'ആഫ്റ്റർ എർത്ത്' എന്നീ ചിത്രങ്ങളുടെ പരാജയം വലിയൊരു ക്ഷീണമാണ് എം.നൈറ്റ് ശ്യാമളനുണ്ടാക്കിയത്.

എന്നാൽ തന്റെ പ്രിയപ്പെട്ട സിനിമാ പ്രേക്ഷകർക്ക് വേണ്ടി 2015 ൽ 'ദ് വിസിറ്റ്' എന്ന ഹൊറർ ചിത്രത്തിലൂടെ ഒരു ​ഗംഭീര തിരിച്ചുവരവ് തന്നെ അദ്ദേഹം നടത്തി. പിന്നാലെ 2016 ൽ 'സ്പ്ലിറ്റ്' എന്ന ചിത്രത്തിലൂടെ ശ്യാമളൻ തന്റെ ആരാധകരെ വീണ്ടും ഞെട്ടിച്ചു. മൾട്ടിപ്പിൾ പേഴ്സ്ണാലിറ്റി ഡിസോർഡർ എന്ന അവസ്ഥയെ കുറിച്ച് പറഞ്ഞ 'സ്പ്ലിറ്റ്' കൊമേഴ്സ്യലി വലിയ വിജയമായി മാറിയെങ്കിലും മാനസിക രോഗത്തെ കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ് ചിലർ ചിത്രത്തെ വിമർശിച്ച് രം​ഗത്തെത്തുകയും ചെയ്തു.

2019 ൽ പുറത്തിറങ്ങിയ ​'ഗ്ലാസ്' എന്ന ചിത്രം കൂടി വന്നതോടെ എം.നൈറ്റ് ശ്യാമളൻ എന്ന ഫിലിംമേക്കറിലുള്ള പ്രേക്ഷകരുടെ വിശ്വാസം നൂറിരിട്ടയായി. സിനിമയുടെ കഥാഗതിയെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള അപ്രതീക്ഷിത ക്ലൈമാക്സുകളാണ് മറ്റു സംവിധായകരിൽ നിന്ന് എം.നൈറ്റ് ശ്യാമളനെ വ്യത്യസ്തനാക്കുന്നത്. തന്റെ മിക്ക സിനിമകളിലും ചെറിയ റോളുകളിൽ അദ്ദേഹം അഭിനയിക്കാറുമുണ്ട്.

Mollywood Times, M. Night Shyamalan
'അന്നൊരുപാട് പരീക്ഷണങ്ങൾ ഇല്ലായിരുന്നു, ഉണ്ടായിരുന്നെങ്കിൽ ഞാൻ ശ്രമിച്ചേനേ'; സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ച് അബ്ബാസ്

2024 ൽ പുറത്തിറങ്ങിയ 'ദ് ട്രാപ്' ആണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അച്ഛന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളും സിനിമാ രം​ഗത്ത് തന്നെയാണ് ചുവടുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു മകൾ സലേഖ നൈറ്റ് ശ്യാമളൻ അറിയപ്പെടുന്ന ഒരു പാട്ടുകാരിയും അഭിനേത്രിയുമാണ്. 'ദ് ട്രാപ്' എന്ന ചിത്രത്തിൽ സലേഖയും അഭിനയിച്ചിട്ടുണ്ട്.

Mollywood Times, M. Night Shyamalan
'ആ കേട്ടത് നായക്കുട്ടിയുടെ കരച്ചില്‍, വന്യ ഭാവനകള്‍ നിയന്ത്രിക്കണം'; വൈറല്‍ വിഡിയോയില്‍ നുഷ്രത്ത് ബറൂച്ച

മറ്റൊരു മകളായ ഇഷാന നൈറ്റ് ശ്യാമളൻ അച്ഛനെ പോലെ തന്നെ എഴുത്തിലും സംവിധാന രം​ഗത്തേക്കുമാണ് കടന്നിരിക്കുന്നത്. 2024 ൽ പുറത്തിറങ്ങിയ ഹൊറർ ഫാന്റസി ചിത്രം 'ദ് വാച്ചേഴ്‌സി'ലൂടെയാണ് ഇഷാനയുടെ സംവിധാന അരങ്ങേറ്റം. സൂപ്പർ നാച്ചുറൽ റൊമാന്റിക് ത്രില്ലറായി ഒരുങ്ങുന്ന 'റിമെയ്ൻ' ആണ് എം.നൈറ്റ് ശ്യാമളന്റേതായി ഇനി വരാനുള്ള ചിത്രം. 2027 ഫെബ്രുവരി 5 ന് ചിത്രം റിലീസ് ചെയ്യും.

Summary

Career and life of Hollywood filmmaker M. Night Shyamalan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com