

മോഹൻലാലിനൊപ്പം സംവിധായകൻ ചിദംബരത്തിന്റെ സിനിമ വരുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ചിദംബരത്തിന്റെ അച്ഛൻ സതീഷ് പൊതുവാൾ മോഹൻലാലിനൊപ്പമുള്ള ചിദംബരത്തിന്റെ ചിത്രം കൂടി പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് ചിദംബരം.
അച്ഛൻ എന്തിനാണ് അങ്ങനെയൊരു ചിത്രം പങ്കുവച്ചതെന്ന് തനിക്കറിയില്ലെന്നും അത് അച്ഛനോട് തന്നെ ചോദിക്കണമെന്നും പറയുകയാണ് ചിദംബരം. ലാലേട്ടനൊപ്പമുള്ള പടം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ചിദംബരം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. "ലാലേട്ടനൊപ്പം സിനിമ ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട്.
എന്തായാലും നല്ല പടം തന്നെ ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട്. എന്നാൽ ലാലേട്ടനുമായി ചർച്ചകളൊന്നും നടന്നിട്ടില്ല. അതുകൊണ്ട് അതേപ്പറ്റി പറയുന്നതിൽ കാര്യമില്ല. അച്ഛൻ ആരെങ്കിലും പറഞ്ഞ് കേട്ട് ഷെയർ ചെയ്തതായിരിക്കും. ലാലേട്ടനെ ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ സംസാരിച്ചിട്ടില്ല.
മമ്മൂക്കയുമായി സംസാരിച്ചിട്ടുണ്ട്. ലാലേട്ടനുമായി സിനിമ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. അവസരം കിട്ടിയാൽ ചെയ്തിരിക്കും. മമ്മൂക്കയായാലും ലാലേട്ടനായാലും ഏത് കഥാപാത്രത്തിലേക്കും അഡാപ്റ്റ് ആകുന്ന ആളുകളാണ്. നമ്മളെന്ത് കൊടുത്താലും അവരത് ചെയ്യും. മമ്മൂട്ടി, മോഹൻലാൽ എന്ന സ്റ്റാറിലേക്ക് പോകുന്നതിനേക്കാൾ അവരുടെ ഉള്ളിലെ നടനെ തേടി പോകുന്നതായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്.
ലാലേട്ടൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ പൊടി പറക്കണം സ്ക്രീനിൽ... മീശ പിരിക്കണം പൊടി പറക്കണം. അത് രണ്ടും നടത്തിയിരിക്കും. ലാലേട്ടനെ കൊണ്ടുവന്നാൽ അത്രയും നമ്മൾ ചെയ്യണ്ടേ. ആരാധകർ പ്രതീക്ഷിക്കുന്നതും അതാണ്. ലാലേട്ടന്റെ പടങ്ങൾ ഒരു ആഘോഷമാണ്. മമ്മൂക്കയുടെ പടങ്ങൾ ആയാലും.
അവർ രണ്ടു പേരും അവരുടെ കരിയറിൽ ബെസ്റ്റ് ആണ്. അവരത്രയും ഉയരങ്ങളിലാണ്. മമ്മൂക്ക തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ മറ്റൊരാൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്ത് കാരക്ടർ കൊടുത്താലും അവർ ചെയ്യും. അത്രയും ആർത്തിയുള്ള രണ്ട് ആളുകളാണ് അവർ". - ചിദംബരം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates