

നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി വരാനിരിക്കുകയാണ്. കേരളം ഒന്നാകെ കാത്തിരിക്കുകയാണ് ആ വിധിക്കായി. നീണ്ട എട്ട് വർഷത്തെ വിചാരണക്കൊടുവിലാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്.
കേസില്‍ അറസ്റ്റിലായ ദിലീപ് 80 ദിവസത്തോളം ജയിലില്‍ കിടന്നു. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പ്രതികളാണ് വിചാരണ നേരിട്ടത്. പള്‍സര്‍ സുനി എന്ന എന്‍ എസ് സുനില്‍ കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. സുനിയെക്കാള്‍ ദിലീപിന്‍റെ കാര്യത്തില്‍ കോടതി എന്തുപറയുമെന്നാണ് മലയാളികൾ കാത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്.
അതേസമയം ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയ ദിലീപിന് ജീവിതത്തിൽ മാത്രമായിരുന്നില്ല സിനിമയിലും അത്ര നല്ല കാലമായിരുന്നില്ല. സിനിമകൾ എട്ട് നിലയിൽ പൊട്ടി എന്ന് മാത്രമല്ല, മുടക്കു മുതൽ പോലും തിരിച്ചു പിടിക്കാൻ കഴിയാതെ പല സിനിമകളും ബോക്സോഫീസിൽ തകർന്നടിഞ്ഞു.
രാമലീല, കമ്മാര സംഭവം, കോടതിസമക്ഷം ബാലൻ വക്കീൽ, ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മൈ സാന്റ, ബാന്ദ്ര, പവി കെയർ ടേക്കർ, തങ്കമണി, വോയ്സ് ഓഫ് സത്യനാഥൻ, പ്രിൻസ് ആൻഡ് ഫാമിലി തുടങ്ങിയ ചിത്രങ്ങളായിരുന്നു അറസ്റ്റിനും ജയിൽ വാസത്തിനും ശേഷം ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ.
എന്നാൽ ഈ സിനിമകളിലെല്ലാം സ്വയം വെള്ള പൂശുന്ന അല്ലെങ്കിൽ താനൊരു തെറ്റും ചെയ്തിട്ടില്ല എല്ലാവരും ചേർന്ന് തന്നെ കുടുക്കുകയാണെന്ന് നിരന്തരം വിളിച്ചു പറയുന്ന ഒരു ദിലീപിനെയാണ് പ്രേക്ഷകർക്ക് കാണാനായത്. ഈ പറച്ചിലുകളെല്ലാം പല രൂപങ്ങളിലായിരുന്നുവെന്ന് മാത്രം. എങ്ങനെയാണ് തന്റെ സിനിമകളിലൂടെ ദിലീപ് ഇക്കാര്യം പൊതുജനത്തിന് മുന്നിൽ അവതരിപ്പിച്ചത് എന്ന് നോക്കിയാലോ.
അറസ്റ്റും ജയിലും കാരണം റിലീസ് വൈകിയ രാമലീലയില്‍ ദിലീപ് നിരപരാധിയാണെന്ന് കാണിക്കുന്നുണ്ട്. അറസ്റ്റും പ്രതിപട്ടികയിൽ പേര് ചേർത്തതും മനപൂർവം കുടുക്കിയതാണെന്ന തരത്തിലൊക്കെ രാമലീലയിൽ ഡയലോഗുകളുണ്ടായിരുന്നു. വെട്ടിച്ചിതറിച്ചിട്ടും മുറിക്കൂടി തിരിച്ച് വന്നില്ലേ.. എന്നൊക്കെയുള്ള ഡയലോഗും ചിത്രത്തിലുണ്ടായിരുന്നു. ചിത്രത്തിലെ 'നെഞ്ചിലെരി തീയേ… എങ്കിലും നീയേ...' എന്ന പാട്ടും ഇത്തരത്തിലായിരുന്നു.
അറസ്റ്റിന് മുൻപ് ഷൂട്ട് പൂര്‍ത്തിയായ ചിത്രമായതിനാല്‍ ഇത് വെറും യാദൃച്ഛികതയാണെന്ന് ചിലര്‍ അവകാശപ്പെട്ടു. 'ചുറ്റിലുമാരോ കാവലാ.. കെട്ടി വരിഞ്ഞു തീവല.. അത് വെട്ടി മുറിച്ചു പുറത്തു കടക്കുക രാമാ, ആര് ചെയ്ത പാപമിന്നു പേറിടുന്നു രാമാ തീ പിടിച്ച പോലെ അങ്ങ് പാഞ്ഞിടുന്ന ലീല' എന്നൊക്കെയുള്ള പാട്ടിന്റെ വരികളും വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ജയില്‍വാസത്തിന് ശേഷം ദിലീപ് പൂര്‍ത്തിയാക്കിയ കമ്മാര സംഭവത്തിലും താന്‍ നിരപരാധിയാണെന്ന് വാദിക്കുന്ന തരത്തില്‍ ചില ഡയലോഗുകളുണ്ടായിരുന്നു. ഇനിയൊരു കത്ത് വേണോ, ഒരെണ്ണത്തിന്റെ ക്ഷീണം തീരുന്നതല്ലേയുള്ളൂ, ആരെങ്കിലും എന്റെ പേര് കേസില്‍ ചേര്‍ത്താല്‍ ഞാന്‍ പ്രതിയാകുമോ, നാളെ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ എന്ത് ചെയ്യും തുടങ്ങിയ ഡയലോഗുകള്‍ ചിത്രത്തിലുണ്ടായിരുന്നു.
ഒടുവില്‍ വിവാദങ്ങള്‍ക്ക് ശേഷം ഈ ഡയലോഗുകള്‍ നീക്കം ചെയ്യുകയും ചെയ്തു. പിന്നാലെയെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രവും താന്‍ നിരപരാധിയാണെന്ന് പറയാതെ പറയുന്ന തരത്തിലായിരുന്നു. ഒരു പെണ്‍കുട്ടി എന്ത് പറഞ്ഞാലും അത് കോടതിയും മാധ്യമങ്ങളും വിശ്വസിക്കുമെന്നാണ് ചിത്രം പറയാന്‍ ശ്രമിച്ചത്.
ബോക്സോഫീസിൽ ഈ ചിത്രവും മികച്ച പ്രകടനം കാഴ്ചവച്ചില്ല. വോയ്സ് ഓഫ് സത്യനാഥന്‍, തങ്കമണി എന്നീ സിനിമകളും ചെയ്യാത്ത തെറ്റിന് ജയിലില്‍ പോകേണ്ടി വരുന്ന പാവം മനുഷ്യന്റെ കഥ തന്നെയായിരുന്നു പറഞ്ഞത്. പവി കെയർ ടേക്കറിലും കാലം തിരശീല മാറ്റി കൺമുൻപിൽ കൊണ്ടുവരും എന്ന തരത്തിലുള്ള ഡയലോഗ് ഉണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ വന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലും സ്വയം വെള്ളപൂശുന്ന ഡയലോഗ് വെക്കാന്‍ മറന്നിട്ടില്ല.
ആര്‍ക്കും സത്യം അറിയണ്ട. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടാല്‍ എല്ലാവരും ഒരുമിച്ച് കല്ലെറിയും. സത്യം ആര്‍ക്കും അറിയണ്ട എന്നായിരുന്നു നായകന്റെ കൂട്ടുകാരന്റെ ഡയലോഗ്. കേസിന് പിന്നാലെ ദിലീപിന്റെ പത്തോളം സിനിമകൾ തിയറ്ററുകളിലെത്തിയെങ്കിലും കമ്മാര സംഭവം, വോയ്സ് ഓഫ് സത്യനാഥൻ, കോടതിസമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളാണ് ഒരു ശരാശരി വിജയമെങ്കിലും നേടിയത്.
ഭ ഭ ബ ആണ് ഇനി പുറത്തുവരാനുള്ള ദിലീപ് ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 18 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഈ ചിത്രത്തിലും ദിലീപിനെ വെളുപ്പിക്കൽ തന്നെയാണോ എന്നുള്ളത് കാത്തിരുന്ന് കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates