

രജനികാന്തിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് പേടിച്ച് തനിക്ക് പനി വരെ പിടിച്ചിട്ടുണ്ടെന്ന് നടി ദുഷാര വിജയൻ. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'വേട്ടയ്യൻ' എന്ന ചിത്രത്തിലായിരുന്നു സൂപ്പർ സ്റ്റാറിനൊപ്പം ദുഷാര സ്ക്രീൻ പങ്കിട്ടത്. ചിത്രത്തിലെ ദുഷാരയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
"വേട്ടയ്യൻ' ഓഡിയോ ലോഞ്ചിൽ രജനി സാർ എന്നെക്കുറിച്ച് പറഞ്ഞിരുന്നു. ഈ കുട്ടി എന്താ നമ്മളോട് മിണ്ടാത്തത് എന്നോർത്ത് ഞാൻ പോയി മിണ്ടി. എന്നാൽ മിണ്ടി കഴിഞ്ഞപ്പോൾ സംസാരം നിർത്തുന്നില്ല എന്ന്. സത്യം പറഞ്ഞാൽ എനിക്ക് അദ്ദേഹത്തോട് നല്ല ബഹുമാനമാണ്. എനിക്ക് പനി വരെ പിടിച്ചു. 'വേട്ടയ്യ'നിൽ എന്റെ ആദ്യത്തെ ഷോട്ട് അദ്ദേഹത്തിനൊപ്പമായിരുന്നു.
തലേന്ന് രാത്രി അദ്ദേഹത്തെ കാണണമല്ലോ എന്നാലോചിച്ച് പേടിച്ച് എനിക്ക് പനി പിടിച്ചു. ബഹുമാനം കൂടി പേടിയായി. ചെറുപ്പത്തിൽ ഞാൻ കെ ടിവിയിൽ 'മുത്ത്', 'പടയപ്പ', 'ബാഷ' തുടങ്ങിയ പടങ്ങളൊക്കെ കണ്ട് കണ്ട്... അദ്ദേഹത്തിന്റെ കൂടെ ഞാൻ അഭിനയിക്കാൻ പോകുന്നു എന്നോർത്തപ്പോൾ, എനിക്കറിയില്ല അതെങ്ങനെ ചെയ്യുമെന്ന്. മനസ് ഒന്ന് പറയുന്നു, എന്റെ ശരീരം എന്തൊക്കെയോ പറയുന്നു.
അപ്പോൾ എന്നെക്കൊണ്ട് അത് കൈകാര്യം ചെയ്യാൻ പറ്റാതായി. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു, സാർ ഞാൻ ദുഷാര. എനിക്കറിയാം. 'സാർപ്പട്ടൈ പരമ്പരൈ'യിൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എനിക്കപ്പോൾ 'നീ ജയിച്ചിട്ടേ മാരാ...'എന്നൊക്കെ പറയില്ലേ. ആ ഒരു ഫീൽ ആയിരുന്നു. അതുപോലെയുള്ള അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ പറ്റി എന്നത് തന്നെ വലിയ കാര്യം.
പിന്നെ ആളുകൾ എന്നോട് എപ്പോഴും ചോദിക്കാറുണ്ട്. നിങ്ങൾക്ക് എങ്ങനെയാണ് എപ്പോഴും വലിയ താരങ്ങൾക്കൊപ്പമുള്ള സിനിമകൾ കിട്ടുന്നത് എന്ന്. ഞാൻ പറയും, അതെനിക്ക് ശരിക്കും അറിയില്ലെന്ന്. ആളുകൾ നമ്മളെ കുറിച്ച് നല്ലതും ചീത്തയും പറയും. വിമർശനങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. ഞാൻ അത്തരം കമന്റുകളൊന്നും മൈൻഡ് ആക്കാറില്ല.
ഞാൻ അത്തരം കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാറില്ല. കാരണം എനിക്ക് ചുറ്റും ഒരുപാട് മനോഹരമായ കാര്യങ്ങളുണ്ട്. എന്റെ ജീവിതത്തിലും ഒരുപാട് മനോഹരമായ കാര്യങ്ങളുണ്ട്. അതുകൊണ്ട് മറ്റു കാര്യങ്ങളെല്ലാം വിട്ട് ഞാൻ സന്തോഷമായി ഇരിക്കുന്നു. നല്ല കാര്യങ്ങൾ മാത്രം നോക്കി പോകുന്നു. ചില സമയത്ത് നമ്മുടെ കൂടെയുള്ളവർ തന്നെയാണ് പ്രശ്നം.
ഞാൻ എല്ലാവരെയുമല്ല പറയുന്നത്. കൂടെയുള്ളവരും ചില സമയത്ത് നമുക്ക് പ്രശ്നമാകാറുണ്ട്. സുഹൃത്തുക്കൾ ഉള്ളത് സന്തോഷമാണ്. ജീവിതത്തിൽ വളരണമെങ്കിൽ അവർ വേണം. പക്ഷേ അതേ സൗഹൃദം തന്നെ നമ്മളെ തകർക്കുകയും ചെയ്യും". - എസ് എസ് മ്യൂസിക് പോഡ്കാസ്റ്റിൽ ദുഷാര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates