

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ നസ്രിയ നാസിമും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് ആവേശകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നസ്രിയ.
തനിക്കും അത്തരമൊരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നല്ലൊരു കഥ വരട്ടെയെന്നും താരം പറഞ്ഞു. സൂര്യ നായകനായെത്തിയ 'സീൻ' സിനിമയുടെ വിജയാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു നസ്രിയയുടെ പ്രതികരണം.
നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രം പ്രതീക്ഷിക്കാമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, "യെസ്, നിങ്ങൾ പ്രതീക്ഷിക്കണം. എനിക്കും നല്ല ആഗ്രഹമുണ്ട്. അത്തരത്തിലുള്ള ഒരു കഥ വരട്ടെ. വരും. നിങ്ങളെല്ലാവരും പ്രാർഥിക്കൂ. ഞാനത് മാനിഫെസ്റ്റ് ചെയ്യുന്നു" എന്നായിരുന്നു നസ്രിയയുടെ മറുപടി. താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
അൻവർ റഷീദ് സംവിധാനം ചെയ്ത 'ട്രാൻസ്' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിലെ നസ്രിയയുടെ വ്യത്യസ്തമായ ഗെറ്റപ്പും പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ചൊരു സിനിമയിൽ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പുതിയൊരു കൂട്ടുകെട്ടിനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്.
സൂര്യ നായകനായ 'സീൻ' സിനിമയിലെ നസ്രിയയുടെ പ്രകടനവും ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും വ്യത്യസ്തമായ ഭാവപ്രകടനങ്ങളും പ്രേക്ഷകരുടെ ശ്രദ്ധ നേടി. 'എക്സ്പ്രഷൻ ക്വീൻ ഈസ് ബാക്ക്' എന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates