

തമിഴ് ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി രജനീകാന്ത് ചിത്രം 'ജയിലർ 2'. വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്തത 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (GOAT) എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്നാണ് ജയിലർ 2 നേട്ടം സ്വന്തമാക്കിയത്. ഇതോടെ തമിഴ്നാട്ടിൽനിന്നും ഏറ്റവുമധികം കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ 2 സ്വന്തമാക്കി.
സാക്നിൽ റിപ്പോർട്ട് പ്രകാരം നവംബർ എട്ടുവരെ തമിഴ്‌നാട്ടിൽ നിന്ന് 217.75 കോടി രൂപയാണ് ചിത്രം നേടിയിരുന്നത്. 218 കോടി രൂപയിലധികം നേടിയിരുന്ന GOAT-ന്റെ റെക്കോർഡിന് തൊട്ടുപിന്നിലായിരുന്നു ചിത്രം. എന്നാൽ 26-ാം ദിവസത്തെ കളക്ഷനോടെ 218 കോടി രൂപ എന്ന നാഴികക്കല്ല് മറികടന്നതായാണ് റിപ്പോർട്ട്. ഇതോടെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ തമിഴ് സിനിമയായി ജയിലർ 2 മാറി. കണക്കുകൾ പ്രാഥമികമാണെന്നും അന്തിമ കളക്ഷനിൽ മാറ്റമുണ്ടാകാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
തമിഴ്‌നാടിന് പുറമെ കേരളം, കർണാടക, ആന്ധ്രപ്രദേശ്–തെലങ്കാന വിപണികളിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന നേട്ടം ജയിലർ 2 സ്വന്തമാക്കിയിട്ടുണ്ട്. നാല് പ്രധാന ദക്ഷിണേന്ത്യൻ വിപണികളിലും 75 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും സിനിമയ്ക്കുണ്ടെന്നാണ് സാക്നിൽ റിപ്പോർട്ട് ചെയ്യുന്നത്.
നവംബർ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 550.15 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കളക്ഷൻ 217.75 കോടി രൂപയാണ്. ഇന്ത്യയിലെ മൊത്തം കളക്ഷന്റെ 60 ശതമാനത്തിലധികവും തമിഴ്‌നാടിന് പുറത്തുനിന്നാണ് ലഭിച്ചത് എന്നതും ചിത്രത്തിന്റെ വിജയത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ജയിലർ 2. ഇന്ത്യയിലും വിദേശ വിപണികളിലും മികച്ച പ്രകടനമാണ് ചിത്രം നടത്തിയത്. ആഗോളതലത്തിൽ 800 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ ഇതിനോടകം നേടിയിട്ടുണ്ട്.
രജനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ്കുമാർ, വിനായകൻ, രമ്യാ കൃഷ്ണൻ, വിദ്യാ ബാലൻ, വിജയ് സേതുപതി, മിഥുൻ ചക്രവർത്തി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ നിർമാണത്തിൽ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയത്.