

മുംബൈ: ചലച്ചിത്ര നിർമാതാവും മുൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചെയർപേഴ്‌സണുമായ പഹ്‌ലജ് നിഹലാനി (76) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 2015- 2017 കാലത്താണ് അദ്ദേഹം സിബിഎഫ്‌സി ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചത്.
സെൻസർ ബോർഡിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത്, പഹ്‌ലജ് നിഹലാനിയുടെ നിരവധി തീരുമാനങ്ങൾ ചലച്ചിത്ര മേഖലയിൽ വിവിധ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ബ്ലോക്ക്ബസ്റ്റർ സിനിമകളടക്കം നിരവധി സിനിമകൾ നിഹലാനി നിർമിച്ചിട്ടുണ്ട്. 1980 കളുടെ തുടക്കത്തിൽ ഒരു നിർമാതാവായാണ് നിഹലാനി തന്റെ സിനിമാ യാത്ര ആരംഭിച്ചത്.
1982 ൽ പുറത്തിറങ്ങിയ 'ഹാത്ത്കഡി' ആണ് ആദ്യം നിർമിച്ച സിനിമ. 1986 ൽ നടൻ ഗോവിന്ദയുടെ അരങ്ങേറ്റ ചിത്രം 'ഇൽസാം' നിർമിച്ചതാണ് വഴിത്തിരിവായി മാറിയത്. ആഗ് ഹീ ആഗ് എന്ന ചിത്രത്തിലൂടെ ചങ്കി പാണ്ഡെയെ ഹിന്ദി സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയതും നിഹലാനി ആയിരുന്നു.
'ഗുണഹോൻ കാ ഫൈസ്‌ല', 'പാപ് കി ദുനിയ', 'മിട്ടി ഔർ സോന', 'ഷോല ഔർ ഷബ്‌നം', 'ആംഖെൻ', 'തലാഷ്', 'രംഗീല രാജ', 'ജൂലി 2' എന്നിവയുൾപ്പെടെ നിരവധി കൊമേഴ്സ്യൽ ചിത്രങ്ങളും അദ്ദേഹം ചെയ്തു. 2012-ൽ ഗോവിന്ദയെ നായകനാക്കി അവതാർ എന്ന ചിത്രം സംവിധാനം ചെയ്തു. 2008 ൽ പുറത്തിറങ്ങിയ ഹല്ലാ ബോൽ എന്ന ചിത്രത്തിൽ അദ്ദേഹം ഒരു അതിഥി വേഷത്തിലും എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates