

മലയാളത്തിലെ സൂപ്പർ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നാണ് സിബിഐ. സേതുരാമയ്യർ സിബിഐ എന്ന ഐക്കോണിക് കഥാപാത്രമായി മമ്മൂട്ടിയെത്തിയ ഈ സീരിസിൽ ഇതുവരെ അഞ്ച് സിനിമകളാണ് പുറത്തുവന്നത്. ഈ അഞ്ച് സിനിമകളും വലിയ വിജയമാണ് തിയറ്ററുകളിൽ നേടിയത്.
സിബിഐ സീരിസിലെ ആറാമത്തെ സിനിമ വരുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിൽ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കെ മധു.
"ഒരു കാര്യം കൂടി നിങ്ങളോട് ചോദിച്ചിട്ട് താഴേക്ക് ഇറങ്ങാമെന്ന് വിചാരിച്ചു. സിബിഐയുടെ അഞ്ച് ഭാഗങ്ങളും കണ്ടവരാണോ നിങ്ങൾ. ഉറപ്പാണേ. നാളെ മാറ്റി പറയരുത്. അഞ്ച് ഭാഗവും കണ്ട് ഇഷ്ടപ്പെട്ടോ ?. ആറാം ഭാഗം കാണണോ ?. എന്നാൽ ഉടനെ വരും. ആറാം ഭാഗം ഉടനെ പ്രതീക്ഷിക്കാം". - ഒരു പൊതുപരിപാടിയിൽ വെച്ച് കെ മധു പറഞ്ഞു.
ആദ്യ അഞ്ച് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ടീം ആകും ഇത്തവണ സേതുരാമയ്യരുമായി എത്തുക. രേഖാചിത്രം എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിൻ ടി ചാക്കോ ആകും ഈ ആറാം ഭാഗം ഒരുക്കാൻ പോകുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
സിബിഐയുടെ ആദ്യ അഞ്ച് ഭാഗങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് കെ മധു ആണ്. എസ് എൻ സ്വാമി ആണ് ഈ സീരിസിലെ എല്ലാ സിനിമകളുടെയും തിരക്കഥ ഒരുക്കിയത്. ആറാം ഭാഗവുമായി സേതുരാമയ്യർ എത്തുമ്പോൾ വിജയം ആവർത്തിക്കാൻ സാധിക്കുമെന്ന് പലരും എക്സിലൂടെ കുറിക്കുന്നത്.
സിബിഐ സീരീസിലെ അഞ്ചാം ചിത്രമായാണ് സിബിഐ 5 ദ് ബ്രെയ്ന്‍ എത്തിയത്. വമ്പന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിന് ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സേതുരാമയ്യർ ആയുള്ള മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധ നേടിയെങ്കിലും സിനിമയുടെ മേക്കിങ്ങും തിരക്കഥയും മറ്റു പ്രകടനങ്ങളും വിമർശനത്തിനിരയായി.
ആഗോള ബോക്സ് ഓഫീസിൽ നിന്നും 37 കോടി രൂപ സിനിമ നേടിയിരുന്നു. 1988 ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989-ല്‍ ജാഗ്രത, 2004 ല്‍ സേതുരാമയ്യര്‍ സിബിഐ, 2005 ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഒരേ സംവിധായകനും നായകനും ഒന്നിച്ചുള്ള അഞ്ചാം ഭാഗം ഇറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates