

മമ്മൂട്ടി-ലാല്‍ ജോസ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രമായിരുന്നു പട്ടാളം. രസകരമായ തമാശ രംഗങ്ങളിലൂടെ ഇന്നും രസിപ്പിക്കുന്ന ചിത്രം. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട സിനിമയാണ് പട്ടാളം. മാസ് ഹീറോയായി കണ്ട് ശീലിച്ച മമ്മൂട്ടിയുടെ കോമഡിയും മണ്ടത്തരങ്ങളും ഉള്‍ക്കൊള്ളാന്‍ അന്ന് ആരാധകര്‍ തയ്യാറായിരുന്നില്ലെന്നതാണ് വസ്തുത.
പട്ടാളത്തിന്റെ പരാജയത്തെ തുടര്‍ന്ന് ലാല്‍ ജോസിന് നേരിടേണ്ടി വന്നത് കടുത്ത പ്രതിസന്ധികളാണ്. മമ്മൂട്ടി ആരാധകരില്‍ നിന്നും ഭീഷണി വരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. മുമ്പൊരിക്കല്‍ തന്നെ തേടി വന്ന ഭീഷണി ഫോണ്‍കോളിനെക്കുറിച്ച് ലാല്‍ ജോസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് ആ ഓര്‍മ പങ്കുവച്ചത്.
'പട്ടാളത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സങ്കടമുള്ളൊരു ഓര്‍മയുണ്ട്. പട്ടാളം റിലീസ് ചെയ്തു, പരാജയപ്പെട്ടു. ഒരു ദിവസം എന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അന്ന് നാല് വയസുള്ള എന്റെ രണ്ടാമത്തെ മോളാണ് ഫോണെടുത്തത്. നിന്റെ തന്ത വീട്ടിലുണ്ടോ? അയാളോട് പറഞ്ഞേക്ക് മമ്മൂട്ടിയെന്ന മഹാനായ നടനെ ഓട്ടിന്‍ പുറത്ത് കയറ്റിയും പാമ്പിനേയും പട്ടിയേയും പിടിക്കാന്‍ ഓടിച്ചും കോമാളിത്തം ചെയ്ത അവന് മാപ്പില്ല, അവന്റെ കൈ ഞങ്ങള്‍ വെട്ടും എന്ന് പറഞ്ഞേക്ക് എന്ന് അയാള്‍ മോളോട് പറഞ്ഞു' ലാല്‍ ജോസ് പറയുന്നു.
'നാല് വയസുള്ള കുട്ടിയോടാണ് അങ്ങനെ പറഞ്ഞത്. പിന്നെ മോള്‍ എന്നെ പുറത്തു പോകാന്‍ സമ്മതിക്കില്ല. പപ്പാ നമുക്ക് സിനിമ വേണ്ട. ഇവിടെ ഊണും കഴിച്ച് സുഖമായി ജീവിക്കാം എന്ന് പറയും. അവളെന്നെ പുറത്തേക്ക് വിടില്ലായിരുന്നു. ചാവക്കാട് നിന്നായിരുന്നു ആ കോള്‍ വന്നത്. ഏതോ ആരാധകനാണ്. സിനിമ പരാജയപ്പെട്ടു കഴിഞ്ഞാല്‍ അതിന് വേണ്ടി നമ്മള്‍ അനുഭവിച്ച ത്യാഗവും ടെന്‍ഷനും ബുദ്ധിമുട്ടുകളും എല്ലാവരും മറക്കം. ചെയ്ത പുണ്യങ്ങളും പാപങ്ങളായി മാറും. സിനിമ ജയിച്ചാല്‍ ആ സമയത്ത് ചെയ്ത പാപങ്ങളൊക്കെ പുണ്യങ്ങളായി മാറുകയും ചെയ്യും. സിനിമയുടെ വിചിത്രമായ നിയമമാണത്' എന്നും ലാല്‍ ജോസ് പറയുന്നു.
2003ലാണ് പട്ടാളം പുറത്തിറങ്ങിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയുടെ രചന റെജി നായര്‍ ആയിരുന്നു. ബിജു മേനോന്‍, ജ്യോതിര്‍മയി, ടെസ ജോസഫ്, കലാഭവന്‍ മണി, സലിം കുമാര്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. തിയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും ചിത്രം ടിവിയിലെത്തിയതോടെ മലയാളികളുടെ പ്രിയം നേടി. ഇന്നും ചിത്രത്തിലെ രംഗങ്ങളും തമാശകളും ചര്‍ച്ചയാകാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates