

നടനും മിമിക്രി താരവുമായിരുന്ന അബിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ലാല്‍ ജോസ്. അബിയും ദിലീപും മിമിക്രി ലോകത്തെ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നുവെന്നാണ് ലാല്‍ ജോസ് പറയുന്നത്. എന്തുകൊണ്ടാണ് അബിയ്ക്ക് സിനിമയില്‍ പ്രതീക്ഷിച്ച ഉയരങ്ങളിലെത്താന്‍ സാധിക്കാതെ പോയതെന്നും ലാല്‍ ജോസ് പറയുന്നുണ്ട്. തന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ലാല്‍ ജോസ് മണ്‍മറഞ്ഞ കൂട്ടുകാരനെ ഓര്‍ത്തത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:
സൈന്യം എന്ന സിനിമയില്‍ അബിയ്ക്കും ദിലീപിനും ഒരുമിച്ച് അവസരം കിട്ടി. അബി സെറ്റിലെ ആളുകളായി പെട്ടെന്നു മിങ്കിളാകില്ല. അബി തന്റെ പൊസിഷന്‍ കീപ്പ് ചെയ്യും. കാരണം മിമിക്രിയിലെ രാജാവാണ്. പക്ഷെ ദിലീപ് സെറ്റിലെ എല്ലാവരുമായി നല്ല സൗഹൃദമുണ്ടാക്കി. തന്റെ സീനുകള്‍ ഏതെന്ന് നേരത്തെ ചോദിച്ച് മനസിലാക്കി അതില്‍ തമാശ കൂട്ടാനൊക്കെ സഹായിച്ചു. കിട്ടിയ കഥാപാത്രത്തെ ദിലീപ് പൊലിപ്പിച്ചു. പേരില്ലാത്തൊരു കഥാപാത്രമായിരുന്നു ദിലീപിന്റേത്. പക്ഷെ തന്നെ കൊക്ക് ഗോപാ എന്ന് വിളിക്കാന്‍ പറഞ്ഞു. കൂട്ടത്തിലെ മെലിഞ്ഞ ആളായിരുന്നു ദിലീപ്. അത് തന്നെ തമാശയുണ്ടാക്കാന്‍ ദിലീപ് ഉപയോഗിച്ചു.
സിനിമ വന്നപ്പോള്‍ രണ്ട് പേര്‍ക്കും ഒരേ ഫൂട്ടേജും ലെങ്തും തന്നെയാണ്. പക്ഷെ ദിലീപിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഒന്ന് രണ്ട് ചിരികള്‍ ദിലീപിന് അധികം കിട്ടി. അത് പിന്നീട് ഏഴരക്കൂട്ടം എന്ന സിനിമയില്‍ കുറേക്കൂടി വലിയ വേഷം കിട്ടാന്‍ സഹായിച്ചു. അവിടെ നിന്നും സല്ലാപത്തിലേക്ക് വിളിച്ചു. സല്ലാപം വലിയ വിജയമായി. ദിലീപിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. സ്വാഭാവികമായിട്ടും അബിയ്ക്ക് സങ്കടം ആയിട്ടുണ്ടാകും. അബി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത പൊസിഷനിലേക്ക് ദിലീപാണ് ആദ്യം എത്തിയത്. അബി പിന്നീട് നായകനായി അഭിനയിച്ചുവെങ്കിലും ദിലീപിനുണ്ടായ വളര്‍ച്ച ഉണ്ടായില്ല. ദിലീപ് തനിക്ക് കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കുകയും അതിന് വേണ്ടി കഠിനമായി പ്രയത്‌നിക്കുകയും ചെയ്തു. വര്‍ക്ക് ചെയ്ത് ഉണ്ടായ വളര്‍ച്ചയാണ്.
രസികനില്‍ മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും തമ്മിലുള്ള പ്രശ്‌നങ്ങളാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകനായി ദീലിപിനേയും മമ്മൂട്ടി ആരാധകനായി അബിയേയും തീരുമാനിച്ചു. അബിയെ വിളിക്കാം അവന് നല്ലൊരു അവസരം കൊടുക്കാന്‍ നമുക്ക് ഇതുവരെ പറ്റിയില്ലല്ലോ എന്ന് പറഞ്ഞത് ദിലീപാണ്. അങ്ങനെ അബിയെ കാസ്റ്റ് ചെയ്തു. പക്ഷെ അബിയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു. പഴയ അബി തന്നെയായിരുന്നു അപ്പോഴും.
അബി ഷൂട്ടിന് ഇടയ്ക്ക് വേറെ മിമിക്രി പരിപാടി പിടിക്കുമോ എന്ന ആശങ്ക ഉണ്ടായി. അതുകാരണം അബിയുടെ സംഘത്തില്‍ ചെറിയൊരു വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടിനേയും കാസ്റ്റ് ചെയ്തു. സുരാജ് മിമിക്രി വേദികളിലെ താരമാണ്. അബിയ്ക്ക് ശേഷം മമ്മൂട്ടിയെ നന്നായി അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ്. ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു.
ദിലീപും അബിയും മുഖാമുഖം വരുന്ന പാട്ട് ആ സിനിമയിലെ ഹൈലൈറ്റായിരുന്നു. ഇവര്‍ രണ്ടു പേരേയും അറിയുന്നവര്‍ക്ക് ആ പാട്ടൊരു കൗതുകമായേനെ. ഷൂട്ട് ചെയ്യാനുള്ള ദിവസം മദ്രാസില്‍ നിന്നും ഡാന്‍സ് മാസ്റ്ററും ഡാന്‍സേഴ്‌സും വന്നു. പക്ഷെ രാവിലെ നോക്കുമ്പോള്‍ അബി ഇല്ല. വേറെ ഏതോ പരിപാടിയ്ക്ക് പോയി. നാളെ വരാന്‍ പറ്റില്ലെന്ന് അവിടെ നിന്ന് ഫോണ്‍ ചെയ്ത് പറഞ്ഞു. അങ്ങനെ അബി ചെയ്യേണ്ട ഭാഗങ്ങള്‍ സുരാജ് വെഞ്ഞാറമൂട് ചെയ്തു. അടുത്ത ദിവസമാണ് അബി വന്നത്.
അബിയ്ക്ക് സിനിമയില്‍ വിചാരിച്ചത് പോലെ ആകാന്‍ പറ്റാതിരുന്നത് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പിഴവായിരുന്നു. അതേസമയം സുരാജും തിരക്കുള്ള മിമിക്രി താരമായിരുന്നു. പോകാന്‍ പറ്റുന്ന പരിപാടികളെല്ലാം പോകും. പോകുന്നതും വരുന്നതും ആരും അറിയില്ല. അടുത്ത ദിവസം ഷൂട്ടിങ് സമയത്ത് റെഡിയായിട്ടുണ്ടാകും. രാത്രി ഉറങ്ങില്ല. ഇവിടെ നില്‍ക്കണമെന്നുള്ള ഡെഡിക്കേഷനാണത്. അബി അതൊരിക്കലും ഗൗനിച്ചിരുന്നില്ല. ഓരോ ആള്‍ക്കാരുടെ പ്രകൃതമാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം അബിയുടെ മകന്‍ നായകനാകുന്ന സിനിമയായ കിസ്മത്ത് എന്റെ കമ്പനിയാണ് വിതരണം ചെയ്തത്. അബിയുടെ കല്യാണമൊക്കെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. അതിനാല്‍ ചെയ്യാവുന്നതൊക്കെ ആ സിനിമയ്ക്ക് വേണ്ടി ചെയ്യണമെന്ന് ഞാന്‍ കരുതി. റിലീസിന്റെ അന്ന് രാവിലെ ഞാന്‍ അബിയുടെ വീട്ടില്‍ പോയി. അബിയും ഞാനും ഷെയ്‌നുമൊക്കെ ചേര്‍ന്ന് ഒരു ഫോട്ടോയെടുത്തു. കുറേ കാലങ്ങള്‍ക്ക് ശേഷം ഞാനും അബിയും ചേര്‍ന്നെടുത്ത ഫോട്ടോയാണ്. അത് അവസാനത്തേതുമായി. അബിയ്ക്ക് ആ സമയത്ത് രക്തത്തില്‍ എന്തോ പ്രശ്‌നമുണ്ടായിരുന്നു. ക്യാന്‍സറിന്റെ എന്തോ വകഭേദമായിരുന്നുവെന്ന് തോന്നുന്നു.
എനിക്കറിയുന്ന ചില വിദഗ്ധരെയൊക്കെ കൊണ്ടുവന്ന് കാണിച്ചിരുന്നു. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അബി. സ്വന്തമായൊരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. സംവിധാനം ചെയ്യാനുള്ള ഒരുക്കമായിരുന്നു. പക്ഷെ ആരോഗ്യവാനായി കാണപ്പെട്ടിരുന്ന അബി വളരെ അപ്രതീക്ഷിതമായി മരിച്ചു. കോള്‍ വന്ന് ഞാന്‍ ആശുപത്രിയിലേക്ക് ഓടിയെത്തുമ്പോള്‍ ആരുമെത്തിയിരുന്നില്ല. ഹൈബി ഈഡന്‍ മാത്രം അവിടെയുണ്ട്.
അബിയെ അവസാനമായി കാണുന്നത് മോര്‍ച്ചറിയില്‍ വച്ചാണ്. ഷര്‍ട്ട് ഇട്ടിട്ടില്ല. ബെഡ് ഷീറ്റു കൊണ്ട് മുഖം വരെ പുതച്ചിട്ടുണ്ട്. ഞാനാദ്യമായി മരിച്ച ഒരാളുടെ ദേഹത്ത് തൊടുന്നത് അബിയേയാണ്. ഉറങ്ങിക്കിടക്കുന്നത് പോലെയായിരുന്നു. മരിച്ചു എന്ന് വിശ്വസിക്കാനാകില്ല. സുന്ദരനായ മനുഷ്യന്‍. അമിതവണ്ണമോ കുടവയറോ ഒന്നും ഉണ്ടായിരുന്നില്ല. എന്നും അബി കാണാന്‍ സുന്ദരനായിരുന്നു. ഒരു മുടി പോലും കൊഴിഞ്ഞിട്ടില്ല. തണുത്ത മരവിച്ച അബിയെ ഞാന്‍ തൊട്ടു. ഒരു തിരശ്ശീലയില്‍ കാണുന്നത് പോലെ അബിയുടെ ജീവിതം അപ്പോള്‍ എന്റെ കണ്ണിലൂടെ കടന്നുപോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
