

അമല്‍ നീരദ് ഒരുക്കിയ ബാച്ച്‌ലര്‍ പാര്‍ട്ടി 2 കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. 2012 ല്‍ പുറത്തിറങ്ങിയ ബാച്ചിലര്‍ പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വല്‍ ആണ് പുതിയ ചിത്രം. നസ്ലെന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ചന്തു സലിംകുമാര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് പുതിയ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ബാച്ച്‌ലര്‍ പാര്‍ട്ടി 2. ചിത്രത്തിലെ ചന്തു സലിംകുമാര്‍ പറഞ്ഞൊരു ഡയലോഗിനെക്കുറിച്ചുള്ള നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിന്റെ പ്രതികരണമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. മാധവ് അഭിനയിച്ച കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ ഡയലോഗ് ബാച്ച്‌ലര്‍ പാര്‍ട്ടിയില്‍ ചന്തുവിന്റെ ഡയലോഗില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്ക് ഇടയാക്കിയ മാധവിന്റെ 'നമ്മള്‍ അനാഥരാണ്, ഗുണ്ടകളല്ല' എന്ന ഡയലോഗാണ് ബാച്ച്‌ലര്‍ പാര്‍ട്ടി 2ല്‍ ചന്തുവിന്റെ കഥാപാത്രം പരാമര്‍ശിക്കുന്നത്. തിയേറ്ററില്‍ ഈ രംഗം ചിരിപടര്‍ത്തുകയും ചെയ്തു. എന്നാല്‍ മാധവിന് ഇതത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് താരത്തിന്റെ പ്രതികരണത്തില്‍ നിന്നും സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.
''ഈ അടയാളപ്പെടുത്തലിന് നന്ദി അമല്‍ നീരദ്. തീര്‍ച്ചയായും ചന്തു തന്നെയാണ് അത് പറയേണ്ടത്. അടുത്തതവണയെങ്കിലും അത് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് മാധവ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. മാധവിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുമ്മാട്ടിക്കളിയിലെ മാധവിന്റെ അഭിനയം വലിയ ട്രോളുകള്‍ക്ക് ഇടവരുത്തിയിരുന്നു. ഈ സംഭാഷണവും കളിയാക്കലുകള്‍ നേരിട്ടിരുന്നു.
അതേസമയം സമ്മിശ്ര പ്രതികരണങ്ങളാണ് ബാച്ച്‌ലര്‍ പാര്‍ട്ടി 2 നേടുന്നത്. രജിഷ വിജയന്‍, നദിയ മൊയ്തു, ടൊവിനോ തോമസ്, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ക്രിസ്‌റ്റോ സേവ്യര്‍ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates