

ഒരു സിനിമാ പരാജയപ്പെടുമ്പോൾ അതിന്റെ സകല ഉത്തരവാദിത്വവും സംവിധായകന്റെ തലയിൽ കെട്ടി വയ്ക്കാറുണ്ടെന്ന് സംവിധായകനും നടനുമായ മേജർ രവി. അക്കാര്യത്തിൽ നടൻ ദുൽഖർ സൽമാനെ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും മേജർ രവി പറഞ്ഞു. ദുൽഖർ നായകനായെത്തിയ 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ പരാജയം നടൻ തന്നെ ഏറ്റെടുത്തതിനെ പ്രശംസിച്ചു കൊണ്ടായിരുന്നു മേജർ രവി ഇക്കാര്യം പറഞ്ഞത്.
"ഞാൻ എപ്പോഴും എന്റെ ടീമിനൊപ്പം ഉറച്ചുനിൽക്കും. ഇതിൽ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ കുറ്റപ്പെടുത്താം" എന്നായിരുന്നു ദുൽഖർ ഒരു ആരാധകന്റെ കമന്റിന് മറുപടിയായി കുറിച്ചത്. "എനിക്കതിലൊന്നും വിഷമമില്ല. പലയിടത്തും ഞാൻ കേൾക്കാറുണ്ട്, ഒരു പടം പരാജയപ്പെട്ടാൽ അതിന്റെ ഫുൾ പരാതിയും സംവിധായകന്റെ തലയിൽ കെട്ടി വയ്ക്കും.
നിർമാതാവ് തെറി വിളിക്കും, അഭിനേതാക്കൾ തെറി വിളിക്കും. അങ്ങനെ എല്ലാമുണ്ട്. പക്ഷേ എല്ലാം എടുക്കുന്നത് ഈ സംവിധായകനാണ്. അവിടെയാണ് ഞാനിന്ന് ദുൽഖറിനെ സല്യൂട്ട് ചെയ്യുന്നത്. ദുൽഖർ ഒരു പടം ചെയ്തു. അതുകഴിഞ്ഞ് ദുൽഖറിന്റെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ കണ്ടു. അതിനെയാണ് വളർത്തുഗുണം എന്ന് പറയുന്നത്.
ഏത് വീട്ടിൽ ആണ് ജനിച്ച് വളർന്നതെന്ന് കാണിച്ചു ആ കുട്ടി. 'ഞാനും കൂടി കഥ കേട്ടിട്ടാണ് ഞാൻ ആ സിനിമ ചെയ്തത്. അത് ജയിച്ചാലും തോറ്റാലും അതിന്റെ ക്രെഡിറ്റ് എന്റെ ടീമിലുള്ള എല്ലാവർക്കുമാണ്. പരാജയപ്പെട്ടതു കൊണ്ട് അതിന്റെ പ്രശ്നങ്ങൾ ഞാനേറ്റെടുക്കുന്നു' എന്നാണ് ദുൽഖർ പറഞ്ഞത്. അതാണ് വളർത്തുഗുണം. അതിനൊരുപാട് പൈസയൊന്നും വേണ്ട.
വളർത്തുഗുണം, വിത്തുഗുണം എന്നൊക്കെ പറയില്ലേ. അതാണ് ദുൽഖർ കാണിച്ചത്. അല്ലാതെ, ഇത് പോയാൽ മറ്റൊന്ന്. ഹിറ്റായി കഴിഞ്ഞാൽ, ഇത് അയാളൊന്നുമല്ല ഷൂട്ട് ചെയ്തത്, അത് വേറെ ആളാണ് ഷൂട്ട് ചെയ്തത് എന്ന് പറയുന്നത് നിങ്ങളുടെ വിത്തുഗുണമാണ്. അത് നമുക്ക് മാറ്റാനും പറ്റില്ല". - മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോട് മേജർ രവി പറഞ്ഞു.
"ഞാൻ അത് മുഴുവൻ വായിച്ചു. നിങ്ങളുടെ വിശകലനം തെറ്റാണെന്ന് ഞാൻ പറയുന്നില്ല, നിങ്ങൾ പറഞ്ഞതിൽ ഭൂരിഭാഗവും ശരിയായിരുന്നു. ഇതെല്ലാം ഞങ്ങൾക്കും ബോധ്യമുള്ള കാര്യങ്ങളാണെന്ന് വിശ്വസിക്കുക. എന്നാൽ ചില സമയങ്ങളിൽ, ഞങ്ങളുടെ ഭാഗത്തുനിന്ന് കാര്യങ്ങളെല്ലാം ശരിയായി ചെയ്താലും, പുറത്തുനിന്നുള്ള ഘടകങ്ങളോ മറ്റ് സാഹചര്യങ്ങളോ എല്ലാം തലകീഴായി മറിച്ചേക്കാം.
ഒരു സിനിമയുടെ അന്തിമ ഫലത്തെയോ ഉൽപ്പന്നത്തെയോ കുറിച്ച് വിശകലനം ചെയ്യാൻ എളുപ്പമാണ്. എന്നാൽ ഒരു സിനിമ നിർമിക്കാൻ 200 മുതൽ 300 വരെ ആളുകൾ അധ്വാനിക്കുന്നുണ്ട്. അത് ഒരിക്കലും എളുപ്പമുള്ളതോ ലളിതമായതോ ആയ ഒരു കാര്യമല്ല. അതിൽ ഫോർമുലകളോ അക്കാദമിക് സിദ്ധാന്തങ്ങളോ പ്രയോഗിക്കാനും കഴിയില്ല.
ലോക സിനിമയിലെ ഒരു നിർമാണക്കമ്പനിയും അല്ലെങ്കിൽ ഒരു നടനും ബോധപൂർവം തെറ്റുകൾ വരുത്താനോ ഒരു മോശം സിനിമ ഉണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. ജീവിതത്തിൽ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ തന്നെയാണോ എല്ലാ കാര്യങ്ങളും നടന്നിട്ടുള്ളത് ?.
അപ്പോൾ ഒരു ആന്തരിക ടീമും നിരവധി ബാഹ്യ ടീമുകളും ചേർന്ന് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അവസ്ഥ ചിന്തിച്ച് നോക്കൂ. ഞാൻ എപ്പോഴും എന്റെ ടീമിനൊപ്പം ഉറച്ചുനിൽക്കും. ഇതിൽ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ കുറ്റപ്പെടുത്താം".- ദുൽഖർ ആരാധകന് നൽകിയ മറുപടി ഇങ്ങനെയാണ്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates