

മലയാള സിനിമയെ ഒരു കാരണവരെപ്പോലെ മുന്നില്‍ നിന്ന് നയിക്കുകയാണ് മമ്മൂട്ടി. മാറുന്ന മലയാള സിനിമയ്‌ക്കൊപ്പം തന്നെയോ, ഒരു പടി മുന്നിലോ ആയി മമ്മൂട്ടിയും സഞ്ചരിക്കുന്നു. മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റായ ലോകയിലും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ലോകയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോക 2വില്‍ താനുണ്ടാകുമെന്ന് മമ്മൂട്ടി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന പേട്രിയറ്റ് ടീമിന്റെ പത്രസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂക്കയുടെ വാമ്പയര്‍ വരുമോ എന്ന ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 'ഇതിന് പേടിക്കണ്ട, കുറച്ച് കഴിഞ്ഞേ വരൂ... ഞെട്ടിക്കും' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഈ വാക്കുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
ലോകയില്‍ മമ്മൂട്ടിയെ പറ്റിച്ചാണ് അഭിനയിപ്പിച്ചതെന്ന് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ എന്നെ പറ്റിച്ചിട്ട് എവിടെ പോകാന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഇത്തവണ അവരെ താന്‍ പറ്റിക്കുമെന്നും മമ്മൂട്ടി പറയുന്നുണ്ട്. നേരത്തെ അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലും മമ്മൂട്ടി തന്റെ വാമ്പയര്‍ വേഷത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
അഭിമുഖത്തിനിടെ താനൊരു വാമ്പയറായി വരുമെന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന് അനുപമയോട് മമ്മൂട്ടി ചോദിക്കുകയായിരുന്നു. അങ്ങനെയൊന്ന് സംഭവിക്കുമോ എന്ന് അനുപമ ചോദിച്ചപ്പോള്‍ സസ്പെന്‍സ് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അങ്ങനൊന്ന് സംഭവിച്ചാല്‍ അത് ഗംഭീരമായിരിക്കുമെന്ന് അനുപമ പറഞ്ഞപ്പോള്‍ ഇന്‍ഷാ അള്ളാഹ് എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഈ വിഡിയോ വൈറലായി മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates