

നൂറ് കോടിയും കടന്ന് സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ് നിവിൻ പോളി- അഖിൽ സത്യൻ കൂട്ടുകെട്ടിന്റെ സർവ്വം മായ. നിവിനൊപ്പം അജു വർഗീസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സർവ്വം മായയിൽ നിവിനും അജുവിനും പകരം മോഹൻലാലും മമ്മൂട്ടിയും ആയിരുന്നെങ്കിലോ. പ്രഭേന്ദു നമ്പൂതിരിയും രൂപേഷ് നമ്പൂതിരിയുമായി മോഹൻലാലും മമ്മൂട്ടിയുമെത്തിയ ഒരു എഐ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
'സർവം Big M's' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ വൈറലായത്. എക്സെൻ എഐ മീഡിയ പുറത്തിറക്കിയ ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഒരുമിച്ച് പൂജ ചെയ്യുന്നതും, കുളത്തിൽ കുളിക്കുന്നതും, വണ്ടിയിൽ യാത്ര പോകുന്നതുമെല്ലാം ഒറിജിനൽ സീനുകളാണെന്ന തോന്നൽ പ്രേക്ഷകർക്കുണ്ടാകുന്ന തരത്തിലാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
കഥാപാത്രങ്ങളുടെ ശരീരഭാഷയും ഭാവങ്ങളും വരെ അത്രമേൽ കൃത്യമായി പകർത്തിയതോടെ ഇത് എഐ തന്നെയാണോ എന്ന സംശയം പോലും പലർക്കും തോന്നുന്ന അവസ്ഥയാണ്. നിവിൻ പോളിയായി മമ്മൂക്കയും, അജുവായി ലാലേട്ടനും എത്തിയതോടെ കമന്റ് ബോക്സ് ചിരിയുടെയും ആഘോഷത്തിന്റെയും വേദിയായി.
'ഇത് കത്തും… ഒരു ഒന്നൊന്നര കത്തൽ കത്തും', 'ഈ ചുള്ളന്മാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ', 'ഇനി കുറച്ച് അജുവും നിവിനും മാറി നിൽ… ഇത് ഇവർ തൂക്കി' എന്നിങ്ങനെ രസകരമായ പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് പിന്നാലെ വരുന്നത്.
മോഹൻലാൽ– മമ്മൂട്ടി കോമ്പോ മലയാളികൾക്ക് എക്കാലവും ആഘോഷമാണ്. അതുകൊണ്ടുതന്നെ സെക്കൻഡുകൾക്കുള്ളിൽ വിഡിയോ വൈറലാവുകയും ചെയ്തു. അതേസമയം റിയ ഷിബു, പ്രീതി മുകുന്ദൻ, മധു വാര്യർ, രഘുനാഥ് പലേരി തുടങ്ങിയവരും സർവ്വം മായയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ക്രിസ്തുമസ് റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി തിയറ്ററിൽ വിജയപ്രദർശനം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates