

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമ പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റിലാണ് അദ്ദേഹം ഒരുക്കിയത്. വില്ലന്‍ വേഷത്തിലുള്ള മമ്മൂട്ടിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. കേരളത്തിന് പുറത്തും ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ഭ്രമയുഗം കണ്ട് തനിക്ക് അസൂയ തോന്നിയെന്നും രാത്രി ഉറക്കമില്ലാതായെന്നുമാണ് സംവിധായകന്‍ മാരി സെല്‍വരാജ് പറയുന്നത്. രാഹുലിന്റെ മേക്കിംഗ് ആണ് മാരി സെല്‍വരാജിനെ അത്ഭുതപ്പെടുത്തിയത്. അങ്ങനൊരു സിനിമ ചെയ്യാന്‍ സാധിച്ചിരുന്നുവെങ്കിലെന്ന് തോന്നിയെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
''ഭ്രമയുഗം കണ്ട് ഭയങ്കരമായി അസൂയ തോന്നി. അസൂയയെന്നാല്‍ രാത്രി ഉറക്കമേ വന്നില്ല. ആ വിഷ്വലുകള്‍ താങ്ങാന്‍ സാധിച്ചില്ല. ഏറെനാള്‍ മനസില്‍ തങ്ങി നിന്നു. കുറേ നേരം അത് തന്നെ നോക്കി നില്‍ക്കാന്‍ തോന്നിപ്പോയി. അങ്ങനൊരു അനുഭവമാണ് എനിക്ക് ഭ്രമയുഗം തന്നത്. മൂന്ന് നാല് ദിവസം ഷൂട്ടിനൊന്നും പോയില്ല. നമ്മളിതുപോലെ പാട്ടിലും മറ്റും ചെറിയ ഭാഗം ബ്ലാക്ക് ആന്റ് വൈറ്റില്‍ കണ്ടിട്ടുണ്ട്. പക്ഷെ ഒരു സിനിമ മുഴുവനും ബ്ലാക്ക് ആന്റ് വൈറ്റില്‍ സംവിധായകന്‍ എടുക്കുന്നു. അങ്ങനെ തന്നെ അത് കണ്ട് എഡിറ്റര്‍ എഡിറ്റ് ചെയ്യുന്നു. എന്തൊരു അനുഭവമായിരിക്കും അത്'' എന്നാണ് മാരി സെല്‍വരാജ് പറയുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം സിദ്ധാര്‍ത്ഥ് ഭരതനും അര്‍ജുന്‍ അശോകനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഭ്രമയുഗം. അതേസമയം പരിയേറും പെരുമാളിലൂടെ സിനിമാ ലോകത്തെ അമ്പരപ്പിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പിന്നീട് കര്‍ണന്‍, മാമന്നന്‍, വാഴൈ തുടങ്ങിയ സിനിമകളും അദ്ദേഹം ഒരുക്കി. ബൈസണ്‍ ആണ് ഏറ്റവും പുതിയ സിനിമ.
ധ്രുവ് വിക്രം നായകനാകുന്ന ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം. ലാല്‍, കലൈയരസന്‍, രജിഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബര്‍ 17 നാണ് സിനിമയുടെ റിലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates