

മലയാളികളെ ഇന്നും ഏറെ ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുകയും ചെയ്തൊരു സിനിമയാണ് മോഹൻലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ 'തന്മാത്ര'. അൽഷിമേഴ്സ് ബാധിതനായ രമേശൻ നായരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെടുത്താല്‍ ആദ്യ ആദ്യസ്ഥാനങ്ങളില്‍ 'തന്മാത്ര'യിലെ ഈ കഥാപാത്രവുമുണ്ടാകും.
ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു. മോഹൻ സിത്താരയായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. 'ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ...' എന്ന ചിത്രത്തിലെ പാട്ട് മോഹൻലാൽ തന്നെയാണ് ആലപിച്ചതും. ഈ പാട്ട് മോഹൻലാലിനെ കൊണ്ട് പാടിച്ചതിനെക്കുറിച്ച് പറയുകയാണ് മോഹൻ സിത്താര.
മോഹൻലാൽ അല്ലാതെ വേറെ ആര് പാടിയാലും ആ പാട്ടിന് അത്ര ഫീൽ കിട്ടില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ സിത്താര ഇക്കാര്യം പറഞ്ഞത്. "ബ്ലെസിയാണ് അതിന് പിന്നിൽ.
ആദ്യം ഞാൻ ജയേട്ടനെ കൊണ്ട് പാടിച്ച് എല്ലാം ഓക്കെയായി. അപ്പോൾ ബ്ലെസി പറഞ്ഞു, മോഹൻ നമുക്ക് ലാലിനെ കൊണ്ട് ഇതൊന്ന് പാടിച്ചാലോ. അദ്ദേഹമാകുമ്പോൾ ആ സിറ്റുവേഷന് കുറച്ചുകൂടി യോജിക്കില്ലേ എന്ന്. അങ്ങനെ ഓക്കെ പറഞ്ഞു. അത് റഫ് ആയിട്ടാണ് മോഹൻലാൽ അന്ന് പാടിയത്. അദ്ദേഹം തിരക്കിലായിരുന്ന കൊണ്ട് കറക്ട് ആയിട്ട് പഠിച്ചിട്ടുണ്ടായിരുന്നില്ല.
ഒരു വിധത്തിൽ പാടി ഒപ്പിച്ചു. പക്ഷേ ആ സീൻ കണ്ടു കഴിഞ്ഞപ്പോൾ, കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നു പോയി. കാരണം എന്താണെന്നു വച്ചാൽ, പക്കാ.. ഇനി അതിലപ്പുറം അത് ശരിയാകില്ല. ഓർമ നഷ്ടപ്പെട്ട് ട്യൂണുകളൊന്നും പാടാൻ പറ്റാത്ത അവസ്ഥയിൽ.. ആ മൂഡ് ഉണ്ടല്ലോ.
അതിപ്പോൾ ദാസ് സാറോ ജയേട്ടനോ പാടുകയാണെങ്കിൽ പോലും അത്ര ഫീൽ കിട്ടില്ല. അത് ഭയങ്കര നാച്വറൽ ആണ്. മറ്റേത് ആർട്ടിഫിഷ്യൽ ആയി പോകും. അതാണ് ഗുണം ചെയ്തത് മോഹൻലാൽ പാടിയപ്പോൾ". -മോഹൻ സിത്താര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates