

നടൻ എന്ന നിലയിൽ മാത്രമല്ല നിർമാതാവെന്ന നിലയിലും ശ്രദ്ധേയനാണ് മണിയൻ പിള്ള രാജു. അദ്ദേഹത്തിന്റെ നിരവധി സിനിമകളാണ് ബോക്സ് ഓഫിസിൽ ഹിറ്റായത്. ഇപ്പോൾ നടക്കാതെപോയ ഒരു സിനിമയെക്കുറിച്ച് പറയുകയാണ് മണിയൻ പിള്ള രാജു. മോഹൻലാലിനേയും പൃഥ്വിരാജിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ചിത്രം പ്ലാൻ ചെയ്തത്. പുതിയ ചിത്രം മഹേഷും മാരുതിയുടെ വാർത്താ സമ്മേളനത്തിനിടെയാണ് തുറന്നു പറച്ചിൽ.
സച്ചി- സേതു തിരക്കഥ എഴുതി അൻവർ റഷീദിന്റെ സംവിധാനത്തിൽ ചിത്രം ഒരുക്കാനാണ് തീരുമാനിച്ചിരുന്നത്. ചോക്ലേറ്റ് സിനിമയുടെ കഥാതന്തു കേട്ട് പുതുമ തോന്നിയാണ് സച്ചി- സേതുവിനെ മണിയൻ പിള്ള സമീപിക്കുന്നത്. തനിക്കു വേണ്ടി ഒരു പടം ചെയ്യണമെന്ന് അവരോട് ആവശ്യപ്പെട്ടു.
ഒരു ഫ്ലാറ്റ് എടുത്ത് ഞങ്ങൾ നാലുപേരുംകൂടി ഇരുന്നു. പക്ഷേ കൊണ്ടുവരുന്ന ഒരു കഥയിലേക്കും അൻവർ അടുക്കുന്നില്ല. അവസാനം മോഹൻലാലിനെവച്ച് ഇവർ (സച്ചി- സേതു) ഒരു കഥയുണ്ടാക്കി. ഞാൻ നോക്കുമ്പോൾ ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്നെക്കൊണ്ട് അത് ബാലൻസ് ചെയ്യാനാവില്ല. മോഹൻലാൽ വലിയ ഒരു ഗുസ്തിക്കാരനായിട്ടും അയാളുടെ അടുത്ത് പഠിക്കാൻ പോകുന്ന ആളായി പൃഥ്വിരാജും. നായകനായി ട്രൈ ചെയ്തിട്ട് പരാജയപ്പെട്ട ആളാണ് പൃഥ്വിയുടെ കഥാപാത്രം. ഹൈദരാബാദ് ആണ് കഥാപശ്ചാത്തലം. ഹെലികോപ്റ്റർ സംഘട്ടനമൊക്കെയുണ്ടെന്ന് ഇവർ പറഞ്ഞപ്പോഴേ ഞാൻ ഞെട്ടി. ഞാൻ മോഹൻലാലിനെ നോക്കി കണ്ണ് കാണിച്ചു. എൻറെ മുഖത്തെ വിളർച്ച കണ്ട് മോഹൻലാൽ ഇടപെട്ടു- ഇത് ക്ലീഷേ പോലെയുണ്ടല്ലോ, നമുക്ക് വേറെ പിടിച്ചൂടേ എന്ന്. അപ്പോഴാണ് എനിക്ക് ശ്വാസം വീണത്. അപ്പോൾ അൻവർ റഷീദും പറഞ്ഞു, നമുക്ക് ഒരു ഇടവേള എടുക്കാമെന്ന്. - മണിയൻപിള്ള രാജു പറഞ്ഞു.
സേതു തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മഹേഷും മാരുതിയും. പിന്നീടൊരിക്കലാണ് മഹേഷും മാരുതിയും എന്ന ചിത്രത്തിൻറെ കഥ സേതു തന്നോടു പറഞ്ഞതെന്നും മണിയൻപിള്ള രാജു പറഞ്ഞു. ആസിഫ് അലിയും മംമ്ത മോഹൻദാസുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates