

ജാനകിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. തന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പാട്ടുകള്‍ പാടിയ ഗായികയെന്ന നിലയില്‍ ഒരിക്കലും മറക്കാനാകാത്ത കടപ്പാടുണ്ട് ജാനകിയമ്മയോടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ അനശ്വര ഗായികയെ സ്മരിച്ചത്. ആ വാക്കുകളിലേക്ക്:
ഭാരതത്തിന്റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളില്‍ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങള്‍ സമ്മാനിച്ച സ്‌നേഹസാഗരമാണ് ജാനകിയമ്മ. മലയാളി മനസ്സുകളില്‍ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങള്‍ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക. എന്റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് എനിക്കുള്ളത്.
സന്തോഷവും, വിഷാദവും, കുട്ടിത്തവും ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങള്‍ക്കും ജാനകിയമ്മ തന്റെ മധുരസ്വരം പകര്‍ന്നു നല്‍കി. ആദ്യചിത്രത്തിന് ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവര്‍. വ്യക്തിപരമായ എനിക്ക് ഏറേ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഗായിക എസ് ജാനകിയുടെ വിയോഗത്തിന്റെ ദു:ഖത്തിലാണ് ഇന്ത്യയൊട്ടാകെ. ഇന്ന് വൈകിട്ട് നാല് വരെ മൈസൂരിലെ മഹാരാജാ കോളജ് ഗ്രൗണ്ടില്‍ ഗായികയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസില്‍ ആണ് സംസ്‌കാരം. മൈസൂരുവില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates