'ഇപ്പോൾ നിങ്ങൾക്ക് അവിടെ കമ്പനിയായില്ലേ, രണ്ടുപേരും ഒന്നിച്ചിരുന്നു കുടിക്കുന്നുണ്ടാകും'; വേദനയോടെ പൃഥ്വിരാജ്

തന്റെ പ്രിയപ്പെട്ടവരെ ഓർമിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് ആരാധകരെ ദുഃഖത്തിലാഴ്ത്തുന്നത്
പൃഥ്വിരാജ്, അനിലും സച്ചിയും അയ്യപ്പനും കോശിയും ലൊക്കേഷനിൽ/ ഇൻസ്റ്റ​ഗ്രാം
പൃഥ്വിരാജ്, അനിലും സച്ചിയും അയ്യപ്പനും കോശിയും ലൊക്കേഷനിൽ/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മലയാളത്തിന് തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് നടൻ അനിൽ നെടുമങ്ങാടും യാത്രയായി. തന്റെ പ്രിയപ്പെട്ട സംവിധായകൻ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വേർപാട്. സച്ചിയെ ഓർമിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയായിരുന്നു മരണം. ഇപ്പോൾ ഇതാ തന്റെ പ്രിയപ്പെട്ടവരെ ഓർമിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് ആരാധകരെ ദുഃഖത്തിലാഴ്ത്തുന്നത്. 

ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഐ മിസ് യു സച്ചി- പൃഥ്വിരാജ് കുറിച്ചു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടേയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. 

അനിലിന്റെ വേർപാട് അറിഞ്ഞതിന് പിന്നാലെ ഹൃദയം നുറുങ്ങുന്ന വേദനയോടെ പൃഥ്വിരാജ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇല്ല, എനിക്കൊന്നും പറയാനില്ല... നിങ്ങൾ ഇപ്പോൾ സമാധാനത്തിലാണെന്നു കരുതുന്നു അനിലേട്ടാ- കുറിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് മൂവരും ഒന്നിച്ചു പ്രവർത്തിച്ചത്. ചിത്രത്തിൽ അനിൽ അഭിനയിച്ച സിഐ സതീഷ് എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ അനിൽ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com