

തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടി സ്വാസികയിപ്പോൾ. ഒന്നിനു പുറകേ ഒന്നൊന്നായി നിരവധി തമിഴ് സിനിമകളാണ് സ്വാസികയുടേതായി റിലീസിനെത്തുന്നത്. 'പിച്ചൈക്കാരൻ' എന്ന ചിത്രത്തിന് ശേഷം വിജയ് ആന്റണി - ശശി കൂട്ടുകെട്ടിലെത്തിയ 'നൂറു സാമി'യിലും സ്വാസികയാണ് നായികയായെത്തിയത്.
മികച്ച അഭിപ്രായമാണ് ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വാസികയെ പ്രശംസിച്ചു കൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭർത്താവും നടനുമായ പ്രേം ജേക്കബ്. "ശശി സാർ നിനക്ക് ഈ ചിത്രത്തിന്റെ കഥ ആദ്യമായി വിവരിച്ചുതന്നപ്പോൾ, എത്രമാത്രം ആവേശത്തോടെയാണ് നീ എന്നെ വിളിച്ചതെന്ന് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.
'സെൽവി' എന്ന കഥാപാത്രത്തിന് തികച്ചും വേറിട്ടൊരു ഭാവത്തിൽ ജീവൻ നൽകാൻ നീ അത്രമേൽ കൊതിച്ചിരുന്നു. ആ കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ നീ നടത്തിയ കഠിനാധ്വാനത്തിന് ഞാൻ സാക്ഷിയാണ്. പുതിയ ഭാവങ്ങളും ചലനങ്ങളും പരീക്ഷിച്ചും, മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിച്ചും, നിന്റെ ദൈനംദിന ശീലങ്ങളിൽ പോലും മാറ്റങ്ങൾ വരുത്തിയും നീ അതിനായി പ്രയത്നിച്ചു.
ഞാൻ അരികിലുള്ളപ്പോൾ പോലും, വളരെ അനായാസമായി സാരിയുടുത്ത് നീ സെൽവിയെന്ന ആ സാധാരണ സ്ത്രീയായി മാറിപ്പോയ നിമിഷങ്ങൾ എന്റെ മനസിലുണ്ട്. എന്നിട്ടും, ചെയ്തതൊന്നും മതിയാകാത്തതു പോലെ വീണ്ടും മികച്ചതാക്കാൻ നീ സ്വയം സമർപ്പിച്ചു കൊണ്ടിരുന്നു. കള്ളക്കുറിച്ചിയിലെ ആ അർദ്ധരാത്രികളിൽ നീ എന്നെ വിളിച്ചത് ഞാൻ ഓർക്കുന്നു; നിന്റെ പ്രകടനത്തിൽ നീ അപ്പോഴും തൃപ്തയായിരുന്നില്ല.
ആ കഥാപാത്രത്തിന്റെ ഏറ്റവും പൂർണമായ രൂപമായി മാറണം എന്ന് നീ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. നിന്റെ ആ സമർപ്പണബോധവും, കലയോടുള്ള അടങ്ങാത്ത ആഗ്രഹവുമാണ് എന്നും എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിച്ചത്. എന്റെ പെണ്ണേ, നീ ഇതുവരെ കാഴ്ചവച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ പ്രകടനങ്ങളിൽ ഒന്നാണിത്.
നീ പ്രേക്ഷകരെ ചിരിപ്പിച്ചു, കരയിപ്പിച്ചു, അവരുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി; ആ കഥാപാത്രത്തിന്റെ എല്ലാ നോവുകളും അവരിലേക്ക് പകർന്നു നൽകി. സ്ക്രീനിൽ നിന്നെ നോക്കിനിൽക്കുക എന്നത് വികാരനിർഭരമായ ഒരു സുന്ദര യാത്രയായിരുന്നു. നിന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായമായി ഈ വേഷം എന്നും അടയാളപ്പെടുത്തപ്പെടും. എന്നാൽ, ഇത് നിന്റെ കരിയറിന്റെ അവസാനത്തെ കൊടുമുടിയല്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.
ഇതിനേക്കാൾ വലിയ വെല്ലുവിളികൾ ഉയർത്തുന്ന മറ്റൊരു കഥാപാത്രം നിന്നെ തേടിയെത്തും, അന്ന്, ഇതിലും ഉയർന്ന ഒരു തലത്തിലേക്ക് നീ നിന്റെ പ്രതിഭയെ എത്തിക്കുമെന്ന് എനിക്കറിയാം. നിറഞ്ഞ പുഞ്ചിരിയോടെ, എന്നാൽ സന്തോഷം കൊണ്ട് കണ്ണുകൾ ഈറനണിഞ്ഞാണ് ഞാൻ ഇതെഴുതുന്നത്.
നിന്നെയോർത്ത് ഞാൻ എന്നും അഭിമാനിക്കുന്നു, എന്റെ പ്രണയമേ... എന്ന് സ്വന്തം, നിന്റെ കണവൻ".- എന്നാണ് പ്രേം കുറിച്ചിരിക്കുന്നത്. പ്രേമിന്റെ കുറിപ്പിന് കമന്റുമായി സ്വാസികയും രംഗത്തെത്തി.
"എന്നെ എപ്പോഴും പിന്തുണയ്ക്കുന്നതിനും മനസിലാക്കുന്നതിനും നന്ദി, എന്റെ പ്രണയമേ... നീ എന്റെ ജീവിതത്തിലേക്ക് വന്ന നാൾ മുതൽ, ചുറ്റുമുള്ള എല്ലാത്തിനും കൂടുതൽ ഭംഗി തോന്നുന്നുണ്ട്; എനിക്കൊരു കാവൽ മാലാഖയെപ്പോലെയാണ് നീ. നിന്നെ എന്റെ പങ്കാളിയായി ലഭിച്ചതിൽ ഞാൻ അത്രമേൽ ഭാഗ്യവതിയാണ്. ഒരുപാട് സ്നേഹം... നന്ദി".- സ്വാസിക കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates