

എംപുരാൻ വിവാദങ്ങൾ കത്തിയതോടെ സംവിധായകൻ പൃഥ്വിരാജ് എവിടെ എന്നായിരുന്നു ആരാധകരും സിനിമാ പ്രേക്ഷകരും തിരഞ്ഞത്. സോഷ്യൽ മീഡിയയിൽ മോഹൻലാൽ പങ്കുവച്ച ഒരു ഖേദപ്രകടനത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തു എന്നല്ലാതെ പൃഥ്വിയെ എവിടെയും കണ്ടിരുന്നില്ല. എംപുരാൻ റിലീസിന് മുൻപ് ഇന്ത്യയിലെ വൻ നഗരങ്ങളിൽ ഓടി നടന്ന് പ്രൊമോഷൻ നടത്തിയ പൃഥ്വിയെ കാണാനില്ലല്ലോ എന്ന് സോഷ്യൽ മീഡിയയിലും ആരാധകർ തിരക്കിയിരുന്നു.
ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ മഡോക് ഫിലിംസിന്റെ ഗ്രാൻഡ് പാർട്ടിയിൽ പങ്കെടുത്ത പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്ക് താഴെ 'ഇത്രയും നാൾ ഒളിച്ചിരിക്കുവായിരുന്നോ' എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 'ഒളിച്ചിരിക്കുവല്ല, രാജുവേട്ടൻ ഇവിടെ തന്നെയുണ്ട് എന്ന് പറയുന്നവരും കുറവല്ല'.
മുംബൈയിൽ വച്ചു നടന്ന പാർട്ടിയിൽ വിക്കി കൗശൽ, വരുൺ ധവാൻ, കൃതി സനോൺ, ശ്രദ്ധ കപൂർ, രശ്മിക മന്ദാന, സാറ അലിഖാൻ, അഭിഷേക് ബച്ചൻ, സിദ്ധാർഥ് മല്‍ഹോത്ര, എആർ റഹ്മാൻ, അനന്യ പാണ്ഡെ, മൃണാൽ ഠാക്കൂർ, വാമിഖ ഗബ്ബി തുടങ്ങി നിരവധി പേർ താരങ്ങൾ അതിഥികളായെത്തിയിരുന്നു. മഡോക് ഫിലിംസ് 20 വർഷം പൂർത്തിയാകുന്ന വേളയിലായിരുന്നു ആഘോഷപൂർവമായ പാർട്ടി സംഘടിപ്പിച്ചത്.
ദിനേശ് വിജാന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയാണ് മഡോക്ക് ഫിലിംസ്. ലവ് ആജ്കൽ, ബദ്‌ലാപൂർ, കോക്ക് ടെയ്ൽ, ലുകാ ചുപ്പി, മിമി തുടങ്ങിയ സിനിമകളുടെ നിർമാതാക്കളാണ്. മഡോക് ഹൊറർ കോമഡി യൂണിവേഴ്സ് എന്നൊരു നിർമാണ ബാനറും ഇവർക്കുണ്ട്. സ്ത്രീ, സ്ത്രീ 2, ഭേഡിയ, മുഞ്ജ്യ എന്നിവ ഈ യൂണിവേഴ്സിൽപെട്ട സിനിമകളാണ്.
വിക്കി കൗശല്‍ നായകനായെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘ഛാവ’യാണ് ഇവര്‍ അവസാനമായി നിർമിച്ച സിനിമ. സിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന വേഷങ്ങളിെലത്തുന്ന ‘പരം സുന്ദരി’യാണ് മഡോക് ഫിലിംസിന്റെ ഏറ്റവും പുതിയ പ്രൊജക്ട്. ഈ സിനിമയിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates