മമ്മൂട്ടി നായകനായി എത്തുന്ന പുഴു റിലീസിന് ഒരുങ്ങുകയാണ്. നാളെ സോണി ലിവിലൂടെയാണ് ചിത്രം റിലീസിന് എത്തുക. ഇപ്പോൾ മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പം പുഴു കണ്ടതിനെക്കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയി. അത്രയേറെ ദേഷ്യംതോന്നിയെന്നാണ് ആന്റോ കുറിക്കുന്നത്. മമ്മൂക്ക എന്ന നടന്‍ പുതുമുഖസംവിധായകരിലൂടെ മലയാളസിനിമയെ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് പുഴു. പാർവതിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ആന്റോ പറയുന്നു.
ആന്റോ ജോസഫിന്റെ കുറിപ്പ് വായിക്കാം
മമ്മൂക്കയുടെ ‘പുഴു’ സോണി ലിവിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കുറച്ചുദിവസം മുമ്പ് മമ്മൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ചിത്രം കാണാന്‍ അവസരമുണ്ടായി. കഥാപരിസരത്തെക്കുറിച്ചോ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ചോ പറഞ്ഞ് രസച്ചരട് മുറിക്കുന്നില്ല. പക്ഷേ ഒന്നുപറയട്ടെ, സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയി. അത്രയേറെ ദേഷ്യംതോന്നി, പേരു പോലുമില്ലാത്ത ആ നായകനോട്.
ഒരു പുഴു ദേഹത്ത് ഇഴഞ്ഞുകയറിയതിന്റെ അസ്വസ്ഥത. അത്രയും നേരം എനിക്കരികെയുണ്ടായിരുന്ന, കാലങ്ങളായി പരിചിതനായ ഒരാളാണോ സ്‌ക്രീനില്‍ ഇങ്ങനെ രൂപമാറ്റം സംഭവിച്ച് എന്റെയുള്ളിലേക്ക് കോപം കോരിയിട്ടത്. കഥാപാത്രത്തോടു ദേഷ്യം തോന്നിയപ്പോൾ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുകയായിരുന്നു. കൂടുവിട്ടുകൂടുമാറ്റം എന്ന ജാലവിദ്യയാണ് എനിക്ക് പരിചയമുള്ള പഞ്ചപാവം മമ്മൂക്കയുടെ അടുത്തിരുന്നു കൊണ്ട് ഞാന്‍ തൊട്ടുമുന്നിലെ സ്‌ക്രീനില്‍ കണ്ടത്.
കഥാപാത്രങ്ങളോടുള്ള മമ്മൂട്ടി എന്ന നടന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ നേര്‍ക്കാഴ്ച. മമ്മൂക്കയ്ക്ക് ഒരിക്കലും അഭിനയിച്ച് കൊതിതീരുന്നില്ല. നമുക്ക് മമ്മൂക്കയെ കണ്ടും കൊതിതീരുന്നില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ മമ്മൂക്കയെയും നമ്മളെയും കൊതിപ്പിക്കാന്‍ കാലം കാത്തുവച്ചിട്ടുണ്ട് എന്നുറപ്പാണ്. പാര്‍വതിയാണ് മമ്മൂക്കയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു വേഷം സ്വീകരിക്കുന്നതു മുതല്‍ സംവിധായകയുടെ മനസ്സിലെ രൂപത്തെ സാക്ഷാത്കരിക്കുന്നതുവരെയുള്ള ഘട്ടങ്ങളില്‍ പാര്‍വതി കാണിച്ച ധൈര്യവും ആത്മാര്‍പ്പണവും അഭിനന്ദനാര്‍ഹമാണ്. നമ്മുടെയൊക്കെ പ്രിയങ്കരനായ അപ്പുണ്ണി ശശിയുടെ പ്രകടനവും എടുത്തുപറയണം. എല്ലാ അഭിനേതാക്കളും അത്യുഗ്രന്‍.
ഇങ്ങനെയൊരു കഥയ്ക്ക് സിനിമാരൂപമേകിയ രത്തീന എന്ന സംവിധായികയ്ക്ക് ബിഗ്‌സല്യൂട്ട്. ആദ്യചിത്രം കൊണ്ടുതന്നെ രത്തീന സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഉണ്ട, വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്, സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ. അവര്‍ക്ക് നൂറില്‍ നൂറുമാര്‍ക്ക്. നിര്‍മാതാവും എന്റെ പ്രിയസുഹൃത്തും സഹോദരതുല്യം സ്നേഹിക്കുകയും ചെയ്യുന്ന എസ്.ജോര്‍ജിനും സഹനിര്‍മാതാക്കളായ രാജേഷ് കൃഷ്ണ, റെനീഷ് അബ്‌ദുൽഖദാർ തുടങ്ങി എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആലിംഗനങ്ങള്‍. നിങ്ങളൊരുക്കിയത് ഒന്നാന്തരം സിനിമ തന്നെയാണ്. മമ്മൂക്ക എന്ന നടന്‍ പുതുമുഖസംവിധായകരിലൂടെ മലയാളസിനിമയെ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് പുഴു. ഇനിയും ഒരുപാട് പുതിയ സംവിധായകരെ നമുക്ക് സമ്മാനിക്കാന്‍ മമ്മൂക്കയ്ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു. 'പുഴു'വിന് എല്ലാ വിജയാശംസകളും..
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates