മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാറിന്റെ റിലീസായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ പ്രധാന ചർച്ചാ വിഷയം. എന്നാൽ ചിത്രം ഒടിടി റിലീസായിരിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇന്നലെ വ്യക്തമാക്കി. അതിന് പിന്നാലെ തിയറ്റർ ഉടമകൾക്കെതിരെ ആന്റണി പെരുമ്പാവൂരും പ്രിയദർശനുമെല്ലാം രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഒടിടി റിലീസ് ചെയ്യാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സഹനിർമാതാവ് സന്തോഷ് ടി കുരുവിള. വമ്പൻ റിട്ടേൺസ് ലഭിക്കില്ലായെങ്കിലും നിലവിലെ സാഹചര്യം മൂലം തീയറ്ററിൽ നിന്നും സംഭവിക്കാവുന്ന വരുമാന നഷ്ടത്തിന്‍റെ ആഘാതം പരിഹരിക്കുന്ന ഒരു സേഫ്റ്റി വാൽവാണ് ഒടിടിയുടെ ഓഫർ എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. തിയറ്റർ ഉടമകൾ കുറച്ചുകൂടി ഉൾകാഴ്ചയോടെ ഒരു നീക്കം നടത്തിയിരുന്നുവെങ്കിൽ അത് ഒരു വിപ്ളവമാകുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. മോഹൻലാൽ എന്ന വിസ്മയം ഇവിടെ തന്നെയുണ്ട്. ഇനിയും ലോകോത്തര സിനിമകൾ അദ്ദേഹവുമായ് ചേർന്നൊരുക്കുകയെന്നത് സാധ്യവുമാണ്. അത് സംഭവിയ്ക്കുക തന്നെ ചെയ്യും തട്ടകങ്ങൾ മാറിമാറിവന്നാലും അരങ്ങ് നിറയ്ക്കാനുള്ള വിഭവങ്ങൾ ഇവിടെയുണ്ടാവുമെന്നും സന്തോഷ് ടി കുരുവിള കുറിച്ചു.
സന്തോഷ് ടി കുരുവിളയുടെ കുറിപ്പ് വായിക്കാം
മോഹൻലാൽ മലയാളത്തിൽ നിന്ന് ലോകത്തിന്‍റെ തന്നെ ഉത്തുംഗത്തിലേയ്ക്ക് 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയിലൂടെ എത്തുകയാണ്. മഹാമാരിയുടെ താണ്ഡവത്തിൽ ഇനിയും സാധാരണത്വം അതിന്‍റെ പൂർണ്ണാർത്ഥത്തിൽ തിരിച്ചു പിടിക്കാൻ കഴിയാത്ത മനുഷ്യ ജീവിതങ്ങൾക്ക് വിനോദ വ്യവസായത്തിന്‍റെ പുത്തൻ ഉപാധികളെ ആശ്രയിക്കുക എന്നത് മാത്രമാണ് കരണീയമായിട്ടുള്ളത്. അതെ കുഞ്ഞാലിമരയ്ക്കാർ ഒടിടി എന്ന ആധുനിക തട്ടകം പ്രയോജനപ്പെടുത്താൻ നിർബന്ധിതമായിരിയ്ക്കുയാണ്. തീയറ്റർ റിലീസ് എന്നത് മാത്രമായിരുന്നു 2018 മുതൽ ഈ ചിത്രത്തിനായി നിക്ഷേപം നടത്തി തുടങ്ങുമ്പോൾ ഞാനടക്കമുള്ള നിർമ്മാതാക്കളുടെ ലക്ഷ്യം. വേറൊരു പദ്ധതിയും മനസാ വാചാ കർമ്മണാ ചിന്തയിലുണ്ടായിരുന്നില്ല. മോഹൻലാൽ എന്ന മഹാനടനിലൂടെ ഒരു ലോകോത്തര ചിത്രം എന്നതായിരുന്നു ശ്രീ ആന്‍റണി പെരുമ്പാവൂർ എന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച നിർമ്മാതാവിന്‍റെ സ്വപ്ന പദ്ധതി. ആശിർവാദ് സിനിമാസിനൊപ്പം കോ പ്രൊഡ്യൂസേഴ്സായ മാക്സ് ലാബ്, ശ്രീ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്ന ഞാനടക്കം വിപണിയിലെ അതിസാഹസികത അറിഞ്ഞു കൊണ്ടുതന്നെയാണ് ഈ മോഹസാക്ഷാത്കാരത്തിന്‍റെ ഭാഗമായത്.
ഈ പ്രൊജക്ടിനോടൊപ്പം ചേർന്ന പ്രിയദർശൻ എന്ന ഇന്ത്യ കണ്ട മികച്ച സംവിധായകനടക്കമുള്ളവർ, മറ്റു ഭാഷകളിൽ നിന്നും മലയാളത്തിൽ നിന്നുമുള്ള നടീ നടൻമാർ എന്നിങ്ങനെ സകലരും പ്രതിഫലത്തിനപ്പുറം സ്വയ പ്രയത്നം കൂടി ഈ സിനിമയ്ക്കായി സമർപ്പിച്ചവരാണ്. ലോക സിനിമാ വിപണിയിലും ഇന്ത്യൻ സിനിമാ ബിസിനസിലും പ്രാദേശിക ഭാഷാ ചിത്രങ്ങൾക്ക് പരിമിതികളുണ്ട്. നിക്ഷേപിക്കാവുന്ന തുകയ്ക്ക് തന്നെ വരമ്പുകളുണ്ട്. പക്ഷെ അത്തരം ബിസിനസ് ലോജിക്കുകളെപ്പോലും ചലഞ്ച് ചെയ്തു കൊണ്ടാണ് നൂറുകോടിക്കടുത്ത് ശ്രീ ആന്‍റണി പെരുമ്പാവൂർ എന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ആത്മവിശ്വാസത്താൽ നിക്ഷേപിയ്ക്കപ്പെട്ടത്.
ഈ ബ്രഹ്മാണ്ഡചിത്രത്തിന്‍റെ റിലീസിന് തൊട്ടു മുമ്പുള്ള മാസങ്ങളിലാണ് കൊവിഡ് എന്ന മഹാമാരി പൊട്ടിപുറപ്പെടുന്നത്. പല തവണ റിലീസ് തീയതികൾ മാറ്റി നിക്ഷേപകർ തീയറ്റർ റിലീസിനായ് കാത്തിരുന്നു. ലോകം തന്നെ സാധാരണത്വത്തിലേയ്ക്ക് തിരികെയെത്തുമ്പോൾ തീയറ്ററുകളെ തികച്ചും സജീവമാക്കാൻ ഈ ചിത്രത്തിന് സാധിയ്ക്കും എന്നതും അത്യന്തികമായി സിനിമയെ സ്നേഹിക്കുന്ന നിർമ്മാതാക്കൾക്ക് അറിയുമായിരുന്നു. കൊവിഡ് ഭീഷണി താരതമ്യേന കുറഞ്ഞു വെങ്കിലും വിപണിയിലേ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന്‍റെ ഓഫർ. വമ്പൻ റിട്ടേൺസ് ലഭിക്കില്ലായെങ്കിലും നിലവിലെ സാഹചര്യം മൂലം തീയറ്ററിൽ നിന്നും സംഭവിക്കാവുന്ന വരുമാന നഷ്ടത്തിന്‍റെ ആഘാതം പരിഹരിക്കുന്ന ഒരു സേഫ്റ്റി വാൽവാണിത്, ഒരർത്ഥത്തിൽ ലൈഫ് ലൈൻ തന്നെയാണ്.
തീയറ്റർ മാത്രം ലക്ഷ്യമാക്കിയിരുന്ന ശ്രീ ആന്‍റണി പെരുമ്പാവൂർ, ഈ ഓഫർ നിൽക്കെ തന്നെ തീയറ്റർ ഉടമകളേക്കൂടി വിശ്വാസത്തിലെടുത്തും പങ്കാളിത്തവും നൽകി ഒരു ബദൽ മാർഗ്ഗമാണ് പരിഗണിച്ചിരുന്നത്. ഇൻഷുറൻസ് കമ്പനികൾ പോലും റീ ഇൻഷുറൻസെടുത്ത് റിസ്കുകൾ ലഘൂകരിക്കുന്ന കാലത്ത് തീയറ്റർ കളക്ഷനിലൂടെ മാത്രം ലഭിക്കേണ്ട വരുമാനത്തിന് ഉറപ്പ് തേടുക എന്നത് ഒരു നിർമ്മാതാവിന്‍റെ സാധാരണ യുക്തിയിൽ പെടുന്നതാകയാൽ അതിനായി ശ്രമങ്ങൾ നടത്തി. റിസ്ക് എന്നത് നിർമ്മാതാവിന്‍റെ മാത്രം ഉത്തരവാദത്തിൽ പെടും എന്ന നിലയിൽ എത്തിയപ്പോൾ തീയറ്ററുടമകളുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. മലയാള സിനിമയുടെ ചെറിയ ചരിത്രത്തിൽ തന്നെ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാക്കൾ വലിയ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്നതിന് നമ്മൾ സാക്ഷിയായിട്ടുണ്ട്. എടുത്തു പറയാൻ ഒട്ടേറെ പേരുകൾ, കമ്പനികൾ ധാരാളം. ആത്യന്തികമായ് ചലച്ചിത്ര പ്രേമികളായ സംരംഭകരുടെ നിലനിൽപ്പ് അനിവാര്യതയാണ്, ഇന്നേവരെ അഭിമുഖീകരിയ്ക്കാത്ത പ്രതിസന്ധി ലോകം തന്നെ നേരിടുമ്പോൾ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുക എന്നതാണ് ആധുനിക ബിസിനസ് മാനേജ്മെന്‍റ് സിദ്ധാന്തങ്ങൾ തന്നെ പറയുന്നത്. നിലനിൽപ്പാണ് പ്രധാനം. ഇപ്പോൾ അതാണ് പ്രായോഗികവുമായിട്ടുള്ളത്. ഈ കപ്പലിന്‍റെ കപ്പിത്താൻ ശ്രീ ആന്‍റണി പെരുമ്പാവൂർ ഈ മഹായാനത്തെ കരയ്ക്കടുപ്പിക തന്നെ ചെയ്യും.
ഒരു പക്ഷെ കേരളത്തിലെ തീയറ്റർ ഉടമക ൾ കുറച്ചുകൂടി ഉൾകാഴ്ചയോടെ ഒരു നീക്കം നടത്തിയിരുന്നുവെങ്കിൽ അത് ഒരു വിപ്ളവമാകുമായിരുന്നു. തീയറ്ററുകളെ സമ്പൂർണ്ണമായ് സജീവമാക്കാനുള്ള ഒന്നാന്തരം ലോഞ്ചായിരുന്നു ഈ ബ്രഹ്മാണ്ഡ ചിത്രം. ഇനി ഈ വിഷയത്തിൽ ചർച്ചകൾക്ക് ഭാവിയില്ല എന്നതാണ് യാഥാർത്ഥ്യം. മോഹൻലാൽ എന്ന വിസ്മയം ഇവിടെ തന്നെയുണ്ട്. ഇനിയും ലോകോത്തര സിനിമകൾ അദ്ദേഹവുമായ് ചേർന്നൊരുക്കുകയെന്നത് സാധ്യവുമാണ്. അത് സംഭവിയ്ക്കുക തന്നെ ചെയ്യും തട്ടകങ്ങൾ മാറിമാറിവന്നാലും അരങ്ങ് നിറയ്ക്കാനുള്ള വിഭവങ്ങൾ ഇവിടെയുണ്ടാവും. മലയാള സിനിമയുടെ വിസ്തൃതിയും സ്വീകാര്യതയും കൂടുതൽ വർദ്ധിപ്പിയ്ക്കാൻ എല്ലാ സിനിമാ പ്രേമികളും ഇനിയും ഒപ്പമുണ്ടാവണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates