

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച വേളയിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് നടൻ രമേശ് പിഷാരടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോ വൈറലായിരുന്നു. കാറിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അരികിലേക്ക് ചെന്ന് കലക്കി, ഒരു ഉമ്മ തന്നേക്ക് എന്ന് പിഷാരടി പറയുമ്പോൾ, കാറിന്റെ വിൻഡോയിലൂടെ തല പുറത്തേക്കിട്ട് മമ്മൂട്ടി രമേശ് പിഷാരടിയുടെ കവിളിൽ ഉമ്മ വെക്കുന്നതായിരുന്നു വിഡിയോ.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ആ സ്നേഹ ചുംബനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രമേശ് പിഷാരടി. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടി ഇക്കാര്യം വ്യക്തമാക്കിയത്. "ആ മൊമന്റ് എന്തായിരുന്നു എന്നു വെച്ചാൽ, തെരഞ്ഞെടുപ്പ് ദിവസം ഞാൻ പാലക്കാട് നിന്നും എറണാകുളത്തേക്ക് വോട്ട് ചെയ്യാൻ വന്നിരുന്നു.
അങ്ങനെ ഞാൻ രാവിലെ തൃപ്പൂണിത്തുറയിൽ വോട്ട് ചെയ്ത് തിരിച്ചു പോകുമ്പോൾ, മമ്മൂക്ക ചെന്നൈയിൽ നിന്നും ഇങ്ങോട്ട് വോട്ട് ചെയ്യാൻ വരികയാണ്. അങ്ങനെ വഴിയിൽ വെച്ച് കണ്ടപ്പോൾ, ഇന്ന് ഇലക്ഷൻ ദിവസം ആണ്, റോഡ് ക്രോസ് ചെയ്തു പോകുമ്പോൾ കാണാം എന്ന് ഞാൻ പറഞ്ഞതാണ്. അങ്ങനെ കണ്ടപ്പോള്‍ ഉമ്മ തന്നതാണ്".- പിഷാരടി പറഞ്ഞു. ഇലക്ഷന് മമ്മൂക്കയെ കൊണ്ടുവരുമോ, സിനിമാനടന്മാർ പ്രചാരണത്തിന് വരുമോ എന്നൊക്കെ എന്നോട് ചോദിച്ചിരുന്നു.
പരമാവധി ഞാൻ ആരെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് പറഞ്ഞത്. അവർ വന്നാൽ നാട്ടുകാർ അവരെയും ചീത്തവിളിക്കും, അതുകൊണ്ട് ആരും വരേണ്ടതില്ലെന്നും ഞാൻ പറഞ്ഞു. മമ്മൂട്ടിക്ക് പിഷാരടിയോടുള്ള ഈ സ്നേഹത്തിന് പിന്നിൽ പ്രത്യേകിച്ചെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനും രമേശ് പിഷാരടി മറുപടി നൽകി.
നമുക്കൊരു നിധി കിട്ടിയാൽ അത് എന്തിനു കിട്ടി, എനിക്ക് എങ്ങനെ കിട്ടി എന്നൊന്നും ആലോചിക്കേണ്ടതില്ലല്ലോ. എന്തെങ്കിലും കഷ്ടപ്പാട് വരുമ്പോൾ ആലോചിച്ചാൽ പോരേ, എനിക്ക് എന്തുകൊണ്ട് ഒരു നല്ല കാലം വന്നു അല്ലെങ്കിൽ എന്തുകൊണ്ട് ഒരു നല്ല സൗഹൃദം കിട്ടി എന്നൊന്നും ചിന്തിക്കേണ്ടതില്ല. മിക്കവാറും എല്ലാ ദിവസവും മമ്മൂക്ക വിളിക്കാറുണ്ട്.
രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിക്കാറുണ്ട്".- രമേശ് പിഷാരടി പറഞ്ഞു. "ഇന്നല്ലെങ്കിൽ പിന്നെ എന്ന്. ഗ്യാലറിയിൽ ഇതിങ്ങിനെ പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു".- എന്ന ക്യാപ്ഷനോടെയായിരുന്നു രമേശ് പിഷാരടി മമ്മൂട്ടിക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates