

പറഞ്ഞ് പറഞ്ഞ് മടുത്തതാണ് ഇത് അയാളുടെ കാലമാണെന്ന്. പക്ഷെ അതൊരു വെറും പ്രയോഗമല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. 24 വര്‍ഷം മുമ്പിറങ്ങിയൊരു സിനിമയുടെ രണ്ടാം വരവിലൂടെ താന്‍ എന്തുകൊണ്ടാണ് തലമുറകളുടെ നായകനാകുന്നതെന്ന് കാണിച്ചു തരികയാണ് മോഹന്‍ലാല്‍. രാവണപ്രഭു റീ-റിലീസ് ചെയ്ത തിയേറ്ററുകളിലൊക്കെ ഉത്സവത്തിന്റെ പ്രതീതിയാണ്. കണ്ടവര്‍ വീണ്ടും കാണാനെത്തുന്നു, കണ്ട് തീര്‍ന്നവര്‍ തിയേറ്റര്‍ വിടാന്‍ മടിച്ച് ആഘോഷം തുടരുന്നു.
വന്‍ സ്വീകരണാണ് രാവണപ്രഭുവിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസം കേരളത്തില്‍ നിന്ന് മാത്രമായി നേടിയത് 70 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാ വിഷയം രാവണപ്രഭുവാണ്. തീയേറ്ററുകളില്‍ നിന്നുള്ള വിഡിയോകളും ചിത്രങ്ങളുമെല്ലം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും മികച്ച കളക്ഷന്‍ തന്നെ രാവണപ്രഭു നേടുമെന്നാണ് കരുതപ്പെടുന്നത്.
മംഗലശ്ശേരി നീലകണ്ഠനായും മകന്‍ എംഎന്‍ കാര്‍ത്തികേയനായും മോഹന്‍ലാല്‍ തകര്‍ത്താടിയ ചിത്രമാണ് രാവണപ്രഭു. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രം വീണ്ടുമെത്തിക്കുന്നത് മാറ്റ്‌നി നൗ ആണ്. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ മാറി ഡയലോഗുകളും പാട്ടുകളുമെല്ലാം തീയേറ്ററില്‍ വന്‍ കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
മോഹന്‍ലാലിന്റെ റീ-റിലീസുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത സമാനതകളില്ലാത്തതാണ്. നേരത്തെ ഛോട്ടാ മുംബൈയും റീ-റിലീസ് ചെയ്തിരുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തീയേറ്ററിലെത്തിയ ചിത്രം വന്‍ ഓളമാണ് രണ്ടാം വരവില്‍ സൃഷ്ടിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാല്‍ ചിത്രം ഗുരുവും റീ-റിലീസ് കാത്തു നില്‍ക്കുകയാണ്.
അതേസമയം കാര്‍ത്തികേയന്റെ രണ്ടാം വരവിലും തലയുയര്‍ത്തി നില്‍ക്കുകയാണ് ആടുതോമ. രാവണപ്രഭു ആദ്യ ദിനം നേടിയത് 70 ലക്ഷമാണെങ്കില്‍ ആദ്യ ദിവസം ഏറ്റവും കളക്ഷന്‍ നേടിയ റീ-റിലീസിന്റെ റെക്കോര്‍ഡ് സ്ഫടികത്തിനാണ്. 77 ലക്ഷമാണ് സ്ഫടികം നേടിയത്. 2023 ല്‍ റീ-റിലീസ് നേടിയ ചിത്രം നാല് കോടിയോളം നേടുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates