

മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ മരണത്തിന് മൂന്ന് വര്‍ഷമാവുകയാണ്. മലയാളി ഇന്നും ഞെട്ടലോടെയാണ് ആ വാര്‍ത്ത ഓര്‍ക്കുന്നത്. സ്‌റ്റേജ് പരിപാടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരണപ്പെടുന്നത്. ഒപ്പമുണ്ടായ ബിനു അടിമാലിയടക്കമുള്ളവര്‍ക്ക് ഗുരുതമായി പരുക്കേല്‍ക്കുകയും ചെയ്തു.
കൊല്ലം സുധിയുടെ മരണത്തിന് മൂന്ന് വര്‍ഷമാകുമ്പോള്‍ ആണ്ട് നടത്തുന്നതിനെക്കുറിച്ചുള്ള രേണു സുധിയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. രണ്ട് വര്‍ഷം എല്ലാ ചടങ്ങുകളും നടത്തിയെന്നും ഇക്കൊല്ലം ചടങ്ങുകളൊന്നും ഉണ്ടാകില്ലെന്നാണ് മെയിന്‍സ്ട്രീം വണ്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രേണു സുധി പറഞ്ഞത്.
''സുധിച്ചേട്ടന്റെ ആണ്ടിന് ഞാന്‍ ഇവിടെ കാണുമോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ എവിടെയാണെങ്കിലും പ്രാര്‍ത്ഥിക്കും. ഇത്തവണ ഒരു ചടങ്ങും ഇല്ല. മൂന്നാമത്തെ വര്‍ഷമായി, നമ്മുടെ ചടങ്ങുകള്‍ രണ്ടു വര്‍ഷം കൊണ്ട് കഴിഞ്ഞു. ഒരു ചടങ്ങും ഇല്ല'' എന്നാണ് രേണു പറയുന്നത്. അതേസമയം മകനേയും കൂട്ടി അനാഥലയത്തിലെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണമെന്നുണ്ടെന്നും രേണു പറയുന്നു.
''എന്റെ ഒരു ആഗ്രഹം ഇവിടെ അടുത്തൊരു അനാഥാലയത്തില്‍ കുറച്ചു കുഞ്ഞുപിള്ളേരുണ്ട്, അവര്‍ക്ക് റിതപ്പനെയൊക്കെ കൊണ്ടുപോയി ചോറ് കൊടുത്ത് അവരോടൊപ്പം ഇരുന്ന് കഴിക്കണം എന്നാണ്. ഞാന്‍ എവിടെയെങ്കിലും പോവുകയാണെങ്കില്‍ ഇവരെ പറഞ്ഞേല്‍പ്പിച്ചിട്ട് പോകും. അല്ലാതെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ പള്ളിയില്‍ അച്ഛനൊക്കെ വന്നുള്ള പ്രാര്‍ത്ഥന ഒന്നുമില്ല' എന്നാണ് താരം പറയുന്നത്.
''ആത്മാവിന് നിത്യശാന്തി കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കാനെ നമ്മളെകൊണ്ട് പറ്റൂ. എനിക്കിപ്പോള്‍ ആ കുഴിയില്‍ ചെന്ന് അകത്തോട്ട് കേറി കിടന്ന് സുധിച്ചേട്ടനെ എടുത്തുകൊണ്ട് വരാന്‍ ഒന്നും പറ്റില്ലല്ലോ. ഞാനും കുഴിയില്‍ ചെന്ന് ചാടണം എന്നാണ് നെഗറ്റീവ് പറയുന്നവര്‍ പറയുന്നത്. എനിക്ക് അങ്ങനെ പറ്റില്ല, ഒരു കുഞ്ഞു കൊച്ച് ഉള്ളതാ. മക്കളുള്ളവര്‍ക്ക് എന്തായാലും സതി ചെയ്യാന്‍ പറ്റില്ല'' എന്നും രേണു സുധി തുറന്നടിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates