

സംസ്ഥാന-ദേശീയ അവാര്‍ഡു നിര്‍ണയത്തിനെതിരെ സംവിധായകന്‍ രൂപേഷ് പീതാംബരന്‍. അവാര്‍ഡുകള്‍ പലപ്പോഴും നിര്‍ണയിക്കപ്പെടുന്നത് ലോബിയിങിലൂടെയാണെന്നാണ് രൂപേഷ് പീതാംബരന്റെ ആരോപണം. താന്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും രൂപേഷ് പറയുന്നു.
ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രൂപേഷിന്റെ ആരോപണം. ദേശീയ അവാര്‍ഡിന്റെ കാര്യത്തില്‍ പലപ്പോഴും അത് നടക്കാറുണ്ട്. അങ്ങനെ വരുമ്പോഴാണ് ഒരേസമയം രണ്ട് പേര്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്നും അത്തരത്തിലൊരു സംഭവം താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും രൂപേഷ് പറയുന്നു. പിന്നാലെയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരേയും രൂപേഷ് ആരോപണം ഉന്നയിക്കുന്നത്.
''കേരളത്തില്‍ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഉണ്ടായൊരു സംഭവമുണ്ട്. ഞാനതിന് സാക്ഷിയാണ്. പറഞ്ഞാല്‍ ഏത് സിനിമയാണെന്ന് മനസിലാകും. എങ്കിലും പറയാം. ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവനൊരു പടം ചെയ്തു. ഗംഭീര വിജയമായി. സുഹൃത്തായ രാഷ്ട്രീയക്കാരനോട് എന്താടോ നമുക്കൊന്നും അവാര്‍ഡില്ലേ എന്ന് ചോദിച്ചു'' രൂപേഷ് പറയുന്നു.
''വിശ്വസിക്കാനാകില്ല. ആ സിനിമയ്ക്ക് നടന്‍, സംവിധായകന്‍, സിനിമ, നടി എല്ലാ സ്‌റ്റേറ്റ് അവാര്‍ഡും കിട്ടി. അതിലെ ഒരു നിര്‍മാതാവ് നടനാണ്. ഈ സിനിമയ്ക്ക് കൊടുക്കാന്‍ പറ്റാത്തതിനാല്‍ വേറൊരു സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാര്‍ഡ് കൊടുത്തു. മൊത്തം അവാര്‍ഡും ആ ടീമിനായിരുന്നു. സിനിമയുടെ പേരും വര്‍ഷവും പറയില്ല'' എന്നും രൂപേഷ് പറയുന്നു.
ലോബിയിങ് ആണ്. എന്റെ സിനിമകളൊന്നും അവാര്‍ഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ല. എന്റെ നിര്‍മാണക്കമ്പനിയെടുത്ത ആദ്യത്തെ തീരുമാനം അതായിരുന്നു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ഒരു സിനിമയും അവര്‍ ദേശീയ അവാര്‍ഡിന് അയക്കില്ല. ഫിലിംഫെസ്റ്റിവലിന് മാത്രമാണ് അയക്കുക. അതിന് മറ്റൊരു കാരണമുണ്ട്. ബിസിനസ് നടക്കാന്‍ വേണ്ടിയാണ്. പക്ഷെ അവാര്‍ഡിന് അവര്‍ അയക്കില്ല. ഞാന്‍ അതിനോട് യോജിക്കുന്നു. കാരണം കട്ട ലോബിയിങ് ആണ് നടക്കുന്നതെന്നും രൂപേഷ് പറയുന്നു.
രൂപേഷിന്റെ വാക്കുകള്‍ വൈറലായതോടെ ആ സിനിമ ഏതെന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. പലരും കമന്റുകളിലൂടെ ആരോപിക്കുന്നത് അത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി ആണെന്നാണ്. 2015 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാര്‍ലി. ചിത്രത്തിന് മികച്ച നടന്‍, നടി, സംവിധായകന്‍, തിരക്കഥ ഉള്‍പ്പടെ എട്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ചാര്‍ലിയുടെ നിര്‍മാതാക്കളില്‍ ഒരാളായ ജോജു ജോര്‍ജിന് ആ വര്‍ഷം ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ സിനിമകളിലെ പ്രകടനങ്ങള്‍ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.
രൂപേഷിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. ദുല്‍ഖറിനും ചാര്‍ലിയ്ക്കുമെതിരെ തന്നെയാണോ രൂപേഷിന്റെ ഒളിയമ്പ് എന്ന് വ്യക്തമായിട്ടില്ല. അതേസമയം ചാര്‍ലിയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ ചിത്രം അര്‍ഹിച്ചത് തന്നെയായിരുന്നുവെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാല്‍ ചാര്‍ലിയിലെ പ്രകടനത്തില്‍ ദുല്‍ഖര്‍ അവാര്‍ഡിന് അര്‍ഹനായിരുന്നില്ലെന്നും ചിലര്‍ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates