'പത്ത് ലക്ഷം രൂപ ശസ്ത്രക്രിയക്കായി സൗജന്യമായി നല്‍കി; അസാധാരണത്വം കാണാത്ത മമ്മൂട്ടി': തെറ്റയിലിന്റെ കുറിപ്പ്

തനിക്ക് നേരിട്ടറിയുന്ന ആ അനുഭവം പങ്കുവെക്കുന്നു എന്ന ആമുഖത്തോടെയാണ് തെറ്റയില്‍ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 
ജോസ് തെറ്റയില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്‌
ജോസ് തെറ്റയില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്‌
Updated on
2 min read

താന്‍ ചെയ്യുന്ന സഹായങ്ങളോ നന്‍മകളോ ഒന്നും ആരും അറിയരുതെന്ന് ചിന്തിക്കുന്ന ആളാണ് മഹാനടന്‍ മമ്മൂട്ടിയെന്ന് മുന്‍ മന്ത്രി ജോസ് തെറ്റയില്‍. നേരിട്ടറിയുന്ന ഒരു സംഭവം പങ്കുവെച്ചുകൊണ്ട് ജോസ് തെറ്റയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൌജന്യമായി നല്‍കിയ ശേഷം, അതില്‍ വലിയ അസാധാരണത്വം കാണാത്ത നടനാണ് മമ്മൂട്ടിയെന്ന് ജോസ് തെറ്റയില്‍ പറയുന്നു. തനിക്ക് നേരിട്ടറിയുന്ന ആ അനുഭവം പങ്കുവെക്കുന്നു എന്ന ആമുഖത്തോടെയാണ് തെറ്റയില്‍ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

ജോസ് തെറ്റയിലിന്റെ കുറിപ്പ് പൂര്‍ണരൂപം:  

ഇങ്ങനെയും ചില മനുഷ്യര്‍ ഉണ്ട്.... ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവര്‍!!!. പറയുന്നത് മറ്റാരെയും കുറിച്ചല്ല, മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ കുറിച്ച് തന്നെ. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൌജന്യമായി നല്‍കിയ ശേഷം, അതില്‍ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനേക്കാള്‍ വലിയ മനുഷ്യസ്‌നേഹി! ഞാന്‍ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യന്‍ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. 'പത്ത് രൂപയുടെ സഹായം, പത്തു പേര്‍ക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാര്‍ ഉള്ള നാട്ടില്‍ ഒരൊറ്റ ജീവന്‍ രക്ഷിക്കാന്‍ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാ തിരുന്ന  മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാന്‍ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്...

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അഡ്വ.അനില്‍ നാഗേന്ദ്രന്റെ ഒരു ഫോണ്‍ കോള്‍ എന്നെ തേടി വരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് എന്നെ വിളിച്ചതെന്ന് സംസാരത്തില്‍ തന്നെയുണ്ടായിരുന്നു. കാര്യം മറ്റൊന്നുമല്ല,  വീട്ടിലെ പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് മുമ്പ് പരിചയമുളള വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണം. സ്‌ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ഭര്‍ത്താവ് ശ്രീകുമാറിന് ബിന്ദുവിന്റെ ശസ്ത്രക്രിയക്ക് വേണ്ട ഭീമമായ തുക കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. കുടുംബ സാഹചര്യവും പരിതാപകരമായിരുന്നു. വിവിധ സംഘടനകള്‍ക്ക് കീഴിലെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതികളുടെ സാധ്യത തേടിയെങ്കിലും, ബിന്ദുവിനു അതൊന്നും പ്രയോജനപ്പെടുന്നില്ലെന്നും, സഹായിക്കണമെന്നും പറഞ്ഞാണ് അഡ്വ. അനില്‍ നാഗേന്ദ്രന്‍ ഫോണ്‍ കട്ട് ചെയ്തത്.  കാരണം വേറെയൊന്നുമല്ല, ബിന്ദുവിന് വേണ്ടത് ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചിലവ് വരുന്ന സങ്കീര്‍ണമായ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ തന്നെ ആയിരുന്നു. കാരുണ്യ പദ്ധതിയുടെ സാധ്യത തേടിയെങ്കിലും, ഒരു പക്ഷെ അതില്‍ വന്നേക്കാവുന്ന കാലതാമസം, ബിന്ദുവിന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആക്കുമെന്നതിനാല്‍ സമാന്തരമായി മറ്റൊരു വഴി തേടാന്‍ ഞാന്‍ തീരുമാനിച്ചു.

ആ ചിന്തയിലാണ് എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഒരു മുഖം കടന്ന് വന്നത്. ഞാന്‍ ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ജൂനിയര്‍ ആയിരുന്ന ആ പയ്യന്റെ!! അവിടെ ചെത്തി നടന്നിരുന്ന സര്‍വ്വ മഹാന്മാരെയും പിന്നിലാക്കി പെട്ടെന്ന് കോളേജിന്റെ ഹീറോ ആയി, പലരുടേയും ഹൃദയങ്ങള്‍ കീഴടക്കിയ പഴയ ആ കൗമാരക്കാരന്‍. അത് മറ്റാരുമല്ല പിന്നീട് മലയാളത്തിന്റെ മുഖമായി ലോകം കാണുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി. നടനവൈഭവത്തിനപ്പുറം ആയിരക്കണക്കിന് നിരാലംബര്‍ക്ക് കൈ താങ്ങായി മാറിയ ആ മമ്മൂട്ടിയെ തന്നെ ഒന്ന് വിളിച്ചാലോ എന്നായി എന്റെ ചിന്ത. മമ്മൂട്ടിയുടെ പല ജീവ കാരുണ്ണ്യ പദ്ധതികളും അടുത്തറിയുന്ന ഒരാള്‍ എന്ന നിലയിലും, പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെട്ട അയാളുടെ ആദ്യത്തെ 'കാഴ്ച്ച ' പദ്ധതിയുടെ തുടക്കം മുതല്‍ കൂടെ നിന്ന ആള്‍ എന്ന നിലയിലും, ലോ കോളേജിലെ പഴയ സീനിയറിന്റെ സ്വാതന്ത്ര്യത്തോടും ഞാന്‍ മമ്മൂട്ടിയോട് എന്റെ ഈ ആവശ്യം പറഞ്ഞു. അടിയന്തരസാഹചര്യവും വ്യക്തമാക്കി. കാര്യഗൗരവം മനസ്സിലാക്കിയ മമ്മൂട്ടിയുടെ ഇടപെടലിന്റെ വേഗമാണ് എന്നെ എറെ വിസ്മയിപ്പിച്ചത്.

ബിന്ദുവിന്റെ ശസ്ത്രക്രിയയും, ചികിത്സയും അതിവേഗതയില്‍ ഏറ്റെടുക്കാന്‍ തന്റെ ഓഫീസിന് നിര്‍ദ്ദേശം കൊടുത്ത മമ്മൂട്ടി, ആലുവയിലെ രാജഗിരി ആശുപത്രിയും  തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനുമായി സഹകരിച്ചു നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതിയില്‍ തന്നെ ഈ ശസ്ത്രക്രിയ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാര്‍ഡിയാക് സര്‍ജന്‍മാരില്‍ ഒരാളായ ഡോ.ശിവ് കെ നായരുടെ നേതൃത്വത്തില്‍ വിദ്ഗദ ഡോക്ടര്‍മാരുടെ സംഘം സര്‍ജറി എല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് ബിന്ദു പരിപൂര്‍ണ ആരോഗ്യവതിയായി വെഞാറമൂടിലെ വീട്ടില്‍ സന്തോഷത്തോടെ ഇരിക്കുന്നു. ഇത്രയും വലിയ തുക മുടക്കിയ ഒരു ജീവ കാരുണ്യം ആകുമ്പോള്‍ അത് നാളെ മാധ്യമങ്ങളില്‍ വരും, പുറം ലോകം അറിഞ്ഞോളും എന്ന് ഞാന്‍ വിചാരിച്ചു. മൂന്ന് മാസം ഞാന്‍ കാത്തിരുന്നു , പക്ഷെ ഒന്നും സംഭവിച്ചില്ല!ഇതേപ്പറ്റി മമ്മൂട്ടിയുടെ ഈ ജീവകാരുണ്ണ്യം കൈകാര്യം ചെയ്യുന്നവരുമായിരുന്നു ഞാന്‍ സംസാരിച്ചു. അവരുടെ മറുപടി എനിക്ക് മറ്റൊരു അശ്ചര്യമായി ' സഹായം ചെയ്യുന്നത് വിളിച്ചു പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല,പദ്ധതികള്‍ തുടങ്ങുമ്പോള്‍ എല്ലാവരെയും അറിയിക്കാറുണ്ട്. അത് ഗുണഫോക്താക്കള്‍ക്ക് സഹായകമാകാന്‍ വേണ്ടി മാത്രം ആണ്.'

പക്ഷെ ഇത് നിങ്ങള്‍  അറിയണമെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ഞാന്‍ ഇത് എഴുതിയത്. എന്തായാലും നന്ദി മിസ്റ്റര്‍ മമ്മൂട്ടി. പതിനായിരങ്ങള്‍ക്ക് കൈത്താങ്ങായി നിങ്ങള്‍ ഇനിയും വിളങ്ങട്ടെ....

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com