

വിശാല മനസിനുടമയാണ് സലിം കുമാറെന്ന് മലയാളികൾക്ക് പലപ്പോഴായി മനസിലായിട്ടുള്ള കാര്യമാണ്. മനുഷ്യരേക്കാൾ തനിക്കിഷ്ടം മൃഗങ്ങളേയാണെന്നും സലിം കുമാർ ഒരിക്കൽ പറഞ്ഞിരുന്നു. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ തനിക്ക് മനുഷ്യ ജന്മം വേണ്ടെന്നും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞു.
"മനുഷ്യ ജന്മം വേണ്ട ഇനി. അതിന്റെ സുഖമൊക്കെ അറിഞ്ഞല്ലോ. ഇനി വേറെ ഏതെങ്കിലും ജന്മത്തിൽ വരണമെന്നാണ് ആഗ്രഹം. നല്ല മനുഷ്യരെ എപ്പോഴും ഇഷ്ടമാണ്. നല്ല മനുഷ്യരില്ല ഇപ്പോൾ, അതാണ് പ്രശ്നം. അവനവന്റെ കാര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്ന മനുഷ്യരായി മാറി കഴിഞ്ഞിരിക്കുന്നു.
അവനവന്റെ സ്വാർഥ ലാഭത്തിനുവേണ്ടി എന്തു വേണേൽ ചെയ്യാമെന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. എന്തു വേണമെങ്കിലും ചെയ്യാം. കുരങ്ങൊക്കെ കോമഡി കാണിക്കുന്നില്ലേ. അവരു ചിരിക്കുന്നുണ്ട്. നമ്മൾ അത് ശ്രദ്ധിക്കാത്തതുകൊണ്ടാണ്. മത്സ്യങ്ങൾ കോമഡി കാണിക്കുന്നുണ്ട്. അതൊക്കെ നമ്മൾ ശ്രദ്ധിക്കണം.
നമുക്കൊരു ജന്മം തന്നിരിക്കുന്നത് എല്ലാത്തിനെയും നോട്ട് ചെയ്യാനാണ്. നമ്മൾ ഒന്നിനെയും നോട്ട് ചെയ്യില്ല. നമ്മൾ കുറേ മനുഷ്യൻമാരെ മാത്രം നോട്ട് ചെയ്തിട്ട് ഇരിക്കുകയാണ്. അവൻ പണക്കാരനാകുന്നതും ഇവൻ പണക്കാരനാകുന്നതും മാത്രമേ നമ്മൾ നോട്ട് ചെയ്യുന്നുള്ളൂ. എല്ലാവരും മുകളിലേക്കല്ലേ നോക്കുകയുള്ളൂ.
താഴേക്ക് ഒരാളും നോക്കില്ല. മൃഗങ്ങൾക്ക് ഉണ്ടാകുമെന്നേ നാഷണൽ അവാർഡ്. അവരുടെ ഇടയിൽ വില്ലൻമാരില്ലേ, അപ്പോൾ പിന്നെ കോമഡിക്കാരും ഉണ്ടാകുമെന്നേ. എനിക്ക് മനുഷ്യരേക്കാളും ഇഷ്ടം മൃഗങ്ങളേയാണ്. ജീവിതത്തിൽ എന്ത് ദുരിതങ്ങൾ വന്നാലും ഫെയ്സ് ചെയ്യുന്നത് അവരല്ലേയുള്ളൂ. മനുഷ്യൻ ആത്മഹത്യ ചെയ്ത് കളയും. ഏതെങ്കിലും പുലി ആത്മഹത്യ ചെയ്തതായിട്ട് കേട്ടിട്ടുണ്ടോ.
ഒരു മുയൽ ആത്മഹത്യ ചെയ്തതായിട്ട് കേട്ടിട്ടുണ്ടോ ?. ഒന്നുമില്ല. ആത്മഹത്യ ചെയ്യുന്നത് മനുഷ്യരാണ്. എന്നിട്ട് പറയുകയും ചെയ്യും, ആറാം ഇന്ദ്രിയമുള്ളത് മനുഷ്യനാണ്, ചിന്തിക്കാനുള്ള അവസരമുള്ളത് മനുഷ്യനാണ്. പക്ഷേ മൃഗങ്ങളിലുള്ളതിന്റെ പത്തിലൊന്ന് പോലും ചിന്തിക്കുന്നില്ല. ഒരു കന്നുകാലിയെ അഴിച്ചു വിടുകയാണെങ്കിൽ അതിനറിയാം ഏതൊക്കെയാണ് തിന്നേണ്ടതെന്നും അല്ലാത്തതെന്നും.
എന്നാൽ ഒരു മനുഷ്യന്റെ കുട്ടിയെ അഴിച്ചു വിട്ടാൽ അത് ആദ്യം കുഴപ്പങ്ങളിൽ മാത്രമേ കയറി പിടിക്കുകയുള്ളൂ. സുമേത്ര ദ്വീപുകളിൽ സുനാമി വന്നപ്പോൾ ആയിരക്കണക്കിന് മനുഷ്യൻമാർ മരിച്ചു. കെട്ടിയിട്ടതല്ലാത്ത ഒരു മൃഗം പോലും മരിച്ചിട്ടില്ല. പക്ഷികളൊക്കെ അവിടുന്ന് രായ്ക്ക്‌രാമാനം വിട്ടു കളഞ്ഞു.
ചന്ദ്രനിൽ പോയ മനുഷ്യനാണ് അവിടെ വെള്ളം കുടിച്ച് ചത്തത്. അപ്പോൾ ആരാണ് ബുദ്ധിമാനും ആറാം ഇന്ദ്രിയം ഉള്ളവനും. മൃഗങ്ങൾ തന്നെയാണ്. എനിക്ക് മനുഷ്യരേക്കാൾ ഇഷ്ടം മൃഗങ്ങളേയാണ്. എന്ത് തോന്ന്യവാസമാണ് മനുഷ്യൻ മൃഗങ്ങളോട് കാണിക്കുന്നത്. കാണിക്കുന്നത് മുഴുവൻ ദ്രോഹമല്ലേ. കൊല്ലാൻ കൊണ്ടുപോകുന്നതിനെ പോലും കൊല്ലാക്കൊല ചെയ്താണ് കൊണ്ടുപോകുന്നത്. ഏറ്റവും ദുഷ്ടനായ ജീവി മനുഷ്യൻ തന്നെയാണ്". - സലിം കുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates