

മലയാളത്തിലെ ഐക്കോണിക് കൂട്ടുകെട്ടാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ കൂട്ടുകെട്ട്. ആ കുട്ടുകെട്ടിന് ഇപ്പോഴിതാ പുതിയൊരു അധ്യായം കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സിനിമയൊരുക്കുകയാണ്.
പേരിടാത്ത, തല്‍ക്കാലത്തേക്ക് L 368 എന്ന് വിളിക്കുന്ന സിനിമയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വലിയൊരു താരനിരയുമായാണ് അനൂപിന്റെ മോഹന്‍ലാല്‍ ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ അനൂപിന്റെ മോഹന്‍ലാല്‍ ആരാധനയെക്കുറിച്ച് സത്യന്‍ അന്തിക്കാട് സംസാരിച്ച വാക്കുകള്‍ ചിരി പടര്‍ത്തുകയാണ്.
''അനൂപ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഏറ്റവും വലിയ മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. ഞാനും ലാലും ഒരുമിച്ച് സിനിമ ചെയ്യാതിരുന്ന ചെറിയ കാലമുണ്ടായിരുന്നു. ചെറുതല്ല, 10-12 കൊല്ലമുണ്ടായിരുന്നു. ചിലദിവസം അനൂപ് സ്‌കൂളില്‍ പോകാന്‍ റെഡിയായി ഡ്രസ് ഒക്കെ മാറി വന്ന് എന്നോട് ചോദിക്കും, അടുത്ത സിനിമയില്‍ മോഹന്‍ലാലാണോ? ഞാന്‍ പറയും അല്ല. പിന്നെ രണ്ട് ദിവസത്തേക്ക് എന്നോട് മിണ്ടില്ല'' സത്യന്‍ അന്തിക്കാട് പറയുന്നു.
''പിന്നെ അടുത്ത സിനിമ തുടങ്ങും. മഴവില്‍ക്കാവടിയോ, പൊന്മുട്ടയിടുന്ന താറാവോ, സന്ദേശമോ ഇതൊക്കെ ചെയ്യുന്ന സമയത്ത് വരും. ആകെ ഒറ്റ ചോദ്യമേ ചോദിക്കൂ. ഈ സിനിമയില്‍ മോഹന്‍ലാലുണ്ടോ? ഇല്ല. പിന്നെ മിണ്ടില്ല. അത്രയും വലിയ മോഹന്‍ലാല്‍ ഫാനായിരുന്ന കുട്ടിയായിരുന്നു'' എന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ അനൂപും അച്ഛനൊപ്പം ചേര്‍ന്ന് ഓര്‍മ പങ്കിടുന്നുണ്ട്.
''ഒരു തവണ വഴക്കുണ്ടാക്കിയിട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഞാന്‍ തീരുമാനിച്ചു. എവിടേക്കാ പോകുന്നതെന്ന് ചോദിച്ചപ്പോള്‍, ഞാന്‍ മോഹന്‍ലാലിന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന് പറഞ്ഞു.'' എന്നാണ് അനൂപ് പറഞ്ഞത്.
''അത്രയും വലിയ ഫാനായിരുന്ന ഒരാള്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുന്നുവെന്നതില്‍ വ്യക്തിപരമായ സന്തോഷം എനിക്ക് കൂടുതലുണ്ട്. എല്ലാം നല്ല രീതിയില്‍ സംഭവിക്കും. ഞാന്‍ പലപ്പോഴും പറയാറുണ്ട്, മോഹന്‍ലാലിനെ കാമറയ്ക്ക് മുന്നില്‍ നിര്‍ത്തി അഭിനയിപ്പിച്ച് കൊതി തീരാത്ത ആളാണ് ഞാനെന്ന്. അതുകൊണ്ട് എന്റെ അടുത്ത സിനിമയും മോഹന്‍ലാലിനൊപ്പമാണ്. എല്ലാ ആശംസകളും, നന്നായിരിക്കട്ടെ'' എന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates