

മലയാളികളെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രങ്ങളിലൊന്നായിരുന്നു 'എന്റെ വീട് അപ്പൂന്റേം'. സിബി മലയിൽ സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് കൂട്ടുകെട്ടായിരുന്നു. 'എന്റെ വീട് അപ്പൂന്റേം' സിനിമയിലെ പല കാര്യങ്ങളും തന്റെ ജീവിതത്തിൽ നടന്നിട്ടുള്ളതാണെന്ന് പറയുകയാണ് സഞ്ജയ് ഇപ്പോൾ.
സഹോദരങ്ങൾ തമ്മിലുണ്ടാകുന്ന മത്സരം ചെറിയ അളവിൽ അനുഭവിച്ചിട്ടുള്ളയാളാണ് താനെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അതോടൊപ്പം ജ്യോതിർമയിയെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ചും സഞ്ജയ് വ്യക്തമാക്കി. പോർട്രയൽസ് ബൈ ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സഹോദരങ്ങൾ തമ്മിലുണ്ടാകുന്ന മത്സരം ഒരു ചെറിയ അളവിൽ അനുഭവിച്ചിട്ടുള്ളയാളാണ് ഞാൻ. അതിലെ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളാണ്. അത് നമ്മുടെ അനുഭവത്തെ കുറച്ചു കൂടി തീവ്രമാക്കുമല്ലോ. എന്നുവച്ച് എന്റെ വീട് അപ്പൂന്റേം സിനിമയിലെ കാരക്ടർ അല്ല ഞാൻ. അതിലൂടെ കുറച്ച് കടന്നുപോയിട്ടുള്ള ആളായതു കൊണ്ട്, അതിൽ നേരിട്ടുള്ള അനുഭവമുണ്ട്. എഴുത്ത് പല സമയങ്ങളിലും ഇമോഷണൽ ആണ്.
എഴുതിത്തീർത്ത ശേഷം ഇത് ഭയങ്കര ഒബ്ജെക്ടീവ് ആണ്. വളരെ ഒബ്ജെക്ടീവായിട്ടും ക്ലിനിക്കലായും മാത്രമേ നമുക്ക് സിനിമയെ കാണാൻ പറ്റുകയുള്ളൂ. എന്തൊക്കെ പറഞ്ഞാലും, രണ്ടര മണിക്കൂറിൽ തീരണ്ട ഒരു കലാരൂപമാണിത്. ഒരിടത്ത് ലാഗ് ഉണ്ടെങ്കിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഡയലോഗ് ചിലപ്പോൾ വെട്ടി കളയേണ്ടി വരും. ഏറ്റവും പ്രിയപ്പെട്ടത് എന്ന് പറയുമ്പോൾ ആ ഡയലോഗിന് ഒരു തീവ്രത ഉണ്ടായിരിക്കും. അത് നമ്മൾ വെട്ടിക്കളയണം.
ഒരു ഡയലോഗും ഒരു എഴുത്തുകാരനും പ്രിയപ്പെട്ടതായിരിക്കാൻ പാടില്ല. കാരണം എഡിറ്റിങ് ടേബിളിൽ ചിലപ്പോൾ അത് ഇല്ലാതായി പോകും. 'കിൽ യുവർ ഫേവറീറ്റ്' എന്നൊരു തത്വം ഉണ്ട് തിരക്കഥയിൽ. ആ മനസ്ഥിതി എപ്പോഴും വേണം. സംവിധായകന് ഇഷ്ടപ്പെട്ടില്ലെങ്കിൽ, ആ സിനിമയ്ക്ക് അത് ആവശ്യമില്ലെങ്കിൽ എഡിറ്റിങ് ടേബിളിൽ അത് ഒഴിവാക്കേണ്ടി വരും". - സഞ്ജയ് പറഞ്ഞു.
അതോടൊപ്പം ചിത്രത്തിൽ ജ്യോതിർമയിയെ നായികയായി തിരഞ്ഞെടുത്തതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. "ജ്യോതിർമയി ഒരു നല്ല നടിയായതു കൊണ്ട് തന്നെയാണ് അവരെ നായികയാക്കിയത്. ഒരു കാരക്ടറിനെ ആഴത്തിൽ അവതരിപ്പിക്കാൻ ഒരു അഭിനേതാവിന് എത്രത്തോളം പറ്റും എന്നാണ് ഞങ്ങൾ നോക്കുന്ന ഒരു കാര്യം. അത് ഏറ്റവും ബ്രില്യന്റായി ചെയ്തു കൊണ്ടിരുന്ന ആളാണ് ജ്യോതിർമയി.
അവരുടെ കയ്യിൽ ആ കഥാപാത്രം കൊടുത്താൽ അത് സെയ്ഫ് ആയിരിക്കുമെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് എടുത്ത വളരെ സിംപിൾ തീരുമാനമാണത്. ഇത്രയും പേരുണ്ടല്ലോ എന്നതിനേക്കാൾ ഒരു നല്ല നടിയുണ്ടല്ലോ എന്നുള്ളതേ ഞങ്ങൾ ചിന്തിച്ചിട്ടുള്ളൂ". - സഞ്ജയ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates