

അടുത്തിടെയാണ് നടി ഷക്കീല തന്റെ കഴുത്തിന് ശസ്ത്രിക്രിയ ചെയ്ത വിവരം ആരാധകരുമായി പങ്കുവച്ചത്. അമിതമായി ഫോൺ ഉപയോഗിച്ചതിനാലാണ് തനിക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായതെന്നും ഷക്കീല പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ശസ്ത്രക്രിയയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷക്കീല.
കഴിഞ്ഞ ഡിസംബറിലായിരുന്നു തനിക്ക് ഇടത് തോളിൽ വേദന തുടങ്ങിയതെന്നും എന്നാൽ അത് താൻ കാര്യമാക്കിയില്ലെന്നും ഷക്കീല പറഞ്ഞു. സിനിഉലകത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "ഞാൻ ഗാഡ്ജറ്റുകൾ അമിതമായി ഉപയോഗിക്കുമായിരുന്നു.
ഒന്നോ രണ്ടോ ഗെയിം അല്ല, എന്റെ ഫോണിലും ടാബിലും നിറയെ ഗെയിമുകളാണ്. കുട്ടിക്കാലത്ത് ടിവിയിൽ കണക്ട് ചെയ്ത് ഗെയിം കളിക്കുന്ന ഒരു സംഭവമുണ്ടായിരുന്നു. എന്റെ വീട്ടുകാർക്ക് അത് വാങ്ങിത്തരാനാകില്ലായിരുന്നു. അങ്ങനെയൊരു സിറ്റുവേഷനിൽ നിന്നാണ് ഞാൻ വരുന്നത്. ഇപ്പോഴുള്ള ഫോണുകളിൽ ഏറ്റവും വില കൂടിയ ഫോൺ ഏതാണെന്ന് നോക്കി അതാണ് ഞാൻ വാങ്ങിയിരിക്കുന്നത്.
ഞാൻ ഐഫോൺ ഉപയോഗിക്കാറില്ല. പിന്നെ ടാബ് വാങ്ങി അതിൽ ഗെയിം കളിക്കാൻ തുടങ്ങി. കുട്ടിക്കാലത്ത് ഗെയിമൊന്നും കളിക്കാൻ പറ്റാത്തതിന്റെ സങ്കടം ഇപ്പോൾ തീർത്തതു പോലെയായിരുന്നു ഞാൻ. എപ്പോൾ നോക്കിയാലും ഗെയിം കളി. അതു കഴിഞ്ഞാൽ ഇൻസ്റ്റഗ്രാമോ യൂട്യൂബോ കണ്ടു കൊണ്ടിരിക്കും.
അതും ഒരേ പൊസിഷനിൽ കിടന്നു കൊണ്ടായിരുന്നു. എപ്പോഴും അങ്ങനെ തന്നെ. 5- 6 മണിക്കൂർ വരെ അങ്ങനെ തന്നെയായിരിക്കും. ആദ്യം ഇടത് തോളിന് ഭയങ്കര വേദന വന്നു തുടങ്ങി. കഴിഞ്ഞ ഡിസംബറിലായിരുന്നു എനിക്ക് ഈ വേദന വന്നു തുടങ്ങിയത്. എന്തെങ്കിലും ആയിരിക്കുമെന്ന് കരുതി കാര്യമാക്കിയില്ല. പിന്നെ ഫിസിയോ തെറാപ്പി ഒക്കെ ചെയ്ത് അത് മാറി.
അതിന് ശേഷമാണ് ഞാൻ ഉംറയ്ക്ക് പോയത്. പിന്നെ വീണ്ടും ഭയങ്കര വേദനയായി. ആശുപത്രിയിൽ ചെന്നപ്പോൾ ഉടനെ ശസ്ത്രക്രിയ ചെയ്യണമെന്ന് പറഞ്ഞു. ഉടനെ സർജറി വേണമെന്ന് പറഞ്ഞാൽ നമ്മൾ വിശ്വസിക്കില്ലല്ലോ. അങ്ങനെ കുറേ ഡോക്ടർമാരെ വിളിച്ചു ചോദിച്ചു.
പിന്നെ എംആർഐ എടുത്തപ്പോഴും ശസ്ത്രക്രിയ ചെയ്യണമെന്ന് തന്നെ ഡോക്ടർമാർ പറഞ്ഞു. അങ്ങനെയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. 3 ലക്ഷം രൂപയായി. കഴുത്തിന് പിന്നിൽ ടൈറ്റാനിയം പ്ലേറ്റ് ഡിസ്ക് പോലെ വച്ച് സ്ക്രൂ ചെയ്തിരിക്കുകയാണിപ്പോൾ. ഇപ്പോൾ വേദനയൊക്കെ കുറഞ്ഞു വരുന്നു". - ഷക്കീല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates