

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്സി പന്നു കടന്നു വരുന്നതും സ്വന്തമായൊരു ഇടം നേടുന്നതും. അതുകൊണ്ട് തന്നെ വെല്ലുവിളികളും പ്രതിസന്ധികളും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചും താപ്‌സി തുറന്നു പറഞ്ഞിട്ടുണ്ട്. ചില ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താപ്‌സി.
കാരണമൊന്നും പറയാതെ തന്നെ സിനിമയില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നാണ് താപ്‌സി പറയുന്നത്. നയന്‍ദീപ് രക്ഷിതിന് നല്‍കിയ അഭിമുഖത്തിലാണ് താപ്‌സിയുടെ വെളിപ്പെടുത്തല്‍. നായകന്‍ പറഞ്ഞതു കൊണ്ട് മാത്രം കാരണമൊന്നും അറിയിക്കാതെ തന്നെ മാറ്റിയിട്ടുണ്ടെന്നാണ് താപ്‌സി പറയുന്നത്.
''എന്നെ സിനിമകളില്‍ നിന്നും മാറ്റിയിട്ടുണ്ട്. നായകന്‍ പറഞ്ഞതു കൊണ്ട് എന്നെ മാറ്റിയ സംഭവമുണ്ടായിട്ടുണ്ട്. ദൈവത്തിന് അറിയാം എന്താണ് കാരണമെന്ന്. ഞാന്‍ പല കാരണവും ചിന്തിച്ചു നോക്കി. അദ്ദേഹത്തിന് ഇന്‍സെക്യൂരിറ്റിയാകാമെന്നും, ഇഷ്ടപ്പെട്ടയാള്‍ക്ക് വേണ്ടിയാകാമെന്നുമൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ എനിക്കൊരു കാരണം വേണമെന്ന് പറഞ്ഞു. കാരണമൊന്നും പറഞ്ഞില്ല, അദ്ദേഹത്തിന് നിങ്ങള്‍ നായികയായി വേണ്ടെന്ന് മാത്രം പറഞ്ഞു'' താപ്‌സി പന്നു പറയുന്നു.
അതേസമയം ആ സംവിധായകനൊപ്പം പിന്നീട് താന്‍ സിനിമ ചെയ്തിട്ടുണ്ടെന്നും താപ്‌സി പറയുന്നു. തന്നെ മാറ്റുന്നതിനായി പറഞ്ഞ ഏറ്റവും മോശം കാരണവും താപ്‌സി പങ്കുവെക്കുന്നുണ്ട്. ''കുറേ മുമ്പുണ്ടായ സംഭവമാണ്. നായകന്റെ ഭാര്യയ്ക്ക് നിങ്ങളെ ഇഷ്ടമായില്ലെന്നാണ് പറഞ്ഞത്. അവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല'' എന്നാണ് താപ്‌സി പറയുന്നത്. ഗാന്ധാരിയാണ് താപ്‌സിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates