

ബ്ലോക്ക്ബസ്റ്റർ ചിത്രം തുടരുമിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ സെറ്റിൽ വച്ച് തന്റെ മകന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. മനോഹരമായ ഒരു കുറിപ്പിനൊപ്പമാണ് തരുൺ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
മോഹൻലാലും മീര ജാസ്മിനും കുട്ടിയ്ക്ക് പിറന്നാൾ സമ്മാനം നൽകുന്നതും കേക്ക് മുറിക്കുന്നതുമായ ചിത്രമാണ് തരുൺ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ ഒരു സന്തോഷം തന്റെ മകന് പിറന്നാളിന് ലഭിക്കാനില്ലെന്നും തരുൺ കുറിച്ചു.
"എന്റെ മകന് അവന്റെ പിറന്നാളിന് വേറെ എന്താണ് ചോദിക്കാനുള്ളത്? ഇതിഹാസം മോഹൻലാലിൽ നിന്ന് ഒരു പ്രത്യേക സമ്മാനം, നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ. അവന്റെ ഇഷ്ടങ്ങൾ, അഭിനിവേശങ്ങൾ, ചെറിയ സന്തോഷങ്ങൾ എന്നിവയെക്കുറിച്ച് സ്നേഹപൂർവ്വം അന്വേഷിച്ചു, പരിപാലിക്കാനും കളിക്കാനും ഏറ്റവും മനോഹരമായ കളിപ്പാട്ടങ്ങൾ സമ്മാനിച്ചു.
പിന്നെ മീര വരുന്നു, സ്നേഹത്തിൽ പൊതിഞ്ഞ മധുരം കൊണ്ടുവന്ന്, മനോഹരമായ മധുരപലഹാരങ്ങളും ഊഷ്മളമായ ആശംസകളും വഹിച്ചുകൊണ്ട്. ഒന്നിച്ചു, ഓരോ ആലിംഗനവും, ഓരോ പുഞ്ചിരിയും, എല്ലാ അനുഗ്രഹവും യഥാർഥ കരുതലും വാത്സല്യവും കൊണ്ട് നിറഞ്ഞിരുന്നു. ഈ സെറ്റ് ശരിക്കും സവിശേഷമാണ്.
അതിന്റെ പേര് അതിമനോഹാരം, നമ്മുടെ ഹൃദയങ്ങളുടെ ഉള്ളിലെ ആ മനോഹരമായ ഇടത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു, അവിടെ സ്നേഹവും നിഷ്കളങ്കതയും മറക്കാനാവാത്ത ഓർമകളും എന്നെന്നേക്കുമായി നിലനിൽക്കുന്നു".- തരുൺ മൂർത്തി കുറിച്ചു. അതേസമയം അതിമനോഹരം സിനിമയിൽ ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates