

മലയാളം സിനിമകളുടെ ഓവർസീസിലെ പ്രമുഖ വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസിനെതിരെ രംഗത്തെത്തി നോർത്ത് അമേരിക്കൻ ഡിസ്ട്രിബ്യൂട്ടർമാരായ അച്ചായൻസ് ഫിലിം ഹൗസ്. മമ്മൂട്ടി ചിത്രം ബസൂക്കയുടെ നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസില്‍ നിന്ന് തങ്ങള്‍ വാങ്ങിയിരുന്നെന്നും എന്നാല്‍ റിലീസിന് ശേഷം തങ്ങള്‍ക്ക് സംഭവിച്ച വലിയ നഷ്ടം വരും ചിത്രങ്ങളിലൂടെ പരിഹരിക്കാമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അച്ചായന്‍സ് ഫിലിം ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നു.
വിഷയത്തില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെതിരെ നടപടിക്ക് ഒരുങ്ങുകയാണെന്നും അച്ചായന്‍സ് ഫിലിം ഹൗസ് അറിയിച്ചു. മിനിമം ഗ്യാരന്‍റി പ്രകാരം വലിയ തുകയ്ക്കാണ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസില്‍ നിന്നും ബസൂക്കയുടെ നോര്‍ത്ത് അമേരിക്കന്‍ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ഞങ്ങള്‍ വാങ്ങിയത്.
ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പ്രകടനം മോശമാകുന്നപക്ഷം തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ കളങ്കാവലിന്‍റെ വിതരണാവകാശത്തിന്‍റെ ഡീലില്‍ നഷ്ടം നികത്താമെന്ന് കരാറില്‍ ഉറപ്പ് പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ ബസൂക്ക നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഞങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സമ്മാനിച്ചത്.
ഇക്കാര്യം ഞങ്ങള്‍ അറിയിച്ചപ്പോള്‍ കളങ്കാവലിന്‍റെ റൈറ്റ്സ് വരുമ്പോള്‍ നഷ്ടം പരിഹരിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കി. എന്നാല്‍ കളങ്കാവല്‍ റിലീസ് ആയ സമയത്ത് ചിത്രത്തിന്‍റെ റൈറ്റ്സ് തങ്ങള്‍ക്ക് അല്ലെന്നാണ് ട്രൂത്ത് ഗ്ലോബല്‍ അറിയിച്ചത്. വരാനിരിക്കുന്ന മറ്റൊരു ചിത്രത്തിലൂടെ നഷ്ടം പരിഹരിക്കാമെന്നും പറഞ്ഞു. ഒരു വര്‍ഷത്തിനിപ്പുറവും ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല.
മാത്രമല്ല ഞങ്ങളുടെ കോളുകള്‍ക്കോ മെസേജുകള്‍ക്കോ പ്രതികരണവും ഇല്ല. താന്‍ ഒരു ഇടനിലക്കാരന്‍ മാത്രമാണെന്നും നല്‍കിയ പണം മമ്മൂട്ടി ഇതിനകം കൈപ്പറ്റി എന്നുമാണ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്‍റെ സമദ് ട്രൂത്ത് ഞങ്ങളോട് നേരത്തേ പറഞ്ഞിരുന്നത്. നഷ്ടം സംഭവിച്ചാല്‍ പരസ്പരമുള്ള കൊടുക്കല്‍വാങ്ങലുകളിലൂടെ പരിഹരിക്കുന്നതാണ് സിനിമാ മേഖലയിലെ നടപ്പുരീതി.
അതൊന്നും ഇവിടെ ഉണ്ടായില്ല. അതിനാല്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമായി ഇനിയൊരു കരാറില്‍ ഏര്‍പ്പെടാനുള്ള വിശ്വാസം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. കാര്യങ്ങളുടെ സുതാര്യതയ്ക്കും ഇന്‍ഡസ്ട്രിയുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിക്കാനും വേണ്ടിയാണ് ഈ പ്രസ്താവന.
ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെതിരെ തങ്ങള്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും വിദേശത്തുള്ള പാര്‍ട്നേഴ്സ് കൂടി എത്തിയതിന് ശേഷം വിഷയത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ബിജോ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates