

നടി ഖുശ്ബു സുന്ദറിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മൂത്ത മകളും നടിയുമായ അവന്തിക സുന്ദർ വിവാഹിതയായി. ഗോവയിലെ ഒരു ആഢംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. ശ്രാവൺ ശ്രീനിവാസനാണ് അവന്തികയുടെ വരൻ. സിനിമാ- രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ വിവാഹചടങ്ങിൽ പങ്കെടുത്തു.
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയത്. തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന അക്കിനേനി, വെങ്കിടേഷ് എന്നിവരും അമല അക്കിനേനി, തൃഷ കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ചെന്നൈയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല. വിജയ്‌യുടെ അസാന്നിധ്യത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ചർച്ചകൾ.
വിവാഹ ചടങ്ങിനിടെ തൃഷ ചിരഞ്ജീവിയുമായും അദ്ദേഹത്തിന്റെ ഭാര്യയുമായും സംസാരിച്ചിരിക്കുന്ന വിഡിയോകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രമുഖ താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബോളിവുഡിൽ നിന്നും ജാക്കി ഷ്രോഫ്, അനിൽ കപൂർ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.
പരമ്പരാഗത ദക്ഷിണേന്ത്യൻ വേഷമായ മുണ്ടും വേഷ്ടിയും ധരിച്ചാണ് താരങ്ങൾ ചടങ്ങിൽ എത്തിയത്. വിവാഹത്തിന് മുന്നോടിയായി ഖുശ്ബുവും സുന്ദർ സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ക്ഷണിച്ചിരുന്നു. 2000 ത്തിലായിരുന്നു ഖുശ്ബുവും സുന്ദർ സിയും തമ്മിലുള്ള വിവാഹം. അവന്തികയെ കൂടാതെ അനന്ദിത എന്നൊരു മകൾ കൂടി താരദമ്പതികൾക്കുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates