

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങളും രൂക്ഷമായി മറുപടി നല്‍കി വിജയ് ദേവരക്കൊണ്ട. കോഫി വിത്ത് കരണ്‍ എപ്പിസോഡിന്റെ പേരില്‍ തന്റേയും രശ്മിക മന്ദാനയുടേയും ദാമ്പത്യത്തെക്കുറിച്ച് അഭിപ്രായം പറയുന്ന, വിമര്‍ശിക്കുന്നവര്‍ക്കാണ് താരം മറുപടി നല്‍കുന്നത്. തങ്ങളെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടെന്നാണ് വിജയ് പറയുന്നത്.
''എന്റെ ബെസ്റ്റ് ഫ്രണ്ട്, എന്റെ ഭാര്യ, എന്റെ പെണ്ണ്. എന്റെ ജീവിതത്തില്‍ ശരിയായി സംഭവിച്ച, ഏറ്റവും മനോഹരമായ ഭാഗം. ആശങ്കപ്പെട്ട എല്ലാവരോടുമായി, ഞങ്ങള്‍ രണ്ടു പേരും വളരെയധികം സന്തോഷത്തിലാണ്. ഞാന്‍ അനുഗ്രഹീതനാണ്. ലോകം മുഴുവന്‍ എനിക്കും അവള്‍ക്കും എതിരെയാണെങ്കില്‍ അങ്ങനെയാകട്ടെ'' എന്നാണ് വിജയ് പറയുന്നത്.
''സ്‌നേഹത്തേയും സന്തോഷത്തോടെ ജീവിക്കുന്നതിന്റെ ലാളിത്യത്തേയും ആഘോഷിക്കുന്ന എല്ലാവരോടും വലിയ സ്‌നേഹം. ഇനി, ഒട്ടും ദയയും ബഹുമാനവും ഉദ്ദേശിക്കാതെ തന്നെ, മറ്റെല്ലാവരും പോയി തുലയട്ടെ'' എന്നും വിജയ് ദേവരക്കൊണ്ട പ്രതികരിക്കുന്നുണ്ട്.
രശ്മികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ പ്രതികരണം. രശ്മികയും വിവാദങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. നീണ്ട കുറിപ്പിലൂടയായിരുന്നു രശ്മികയുടെ പ്രതികരണം.അഭിപ്രായ ഭിന്നത എന്നതിലുപരിയായി, തങ്ങളുടെ അരിശം തീര്‍ക്കാന്‍ ആരെയെങ്കിലും തേടുന്ന രോക്ഷാകുലരായ ആള്‍ക്കൂട്ടത്തെപ്പോലെയാണ് തോന്നിയത്. അതിനാലാണ് പ്രതികരിക്കുന്നതെന്നാണ് രശ്മിക പറയുന്നത്.
''എന്നെപ്പറ്റി എന്തും പറഞ്ഞോളൂ, ഞാന്‍ കേള്‍ക്കും. പക്ഷെ എന്റെ കുടുംബത്തെ അറിയാതെ അവരെക്കുറിച്ച് പറഞ്ഞാല്‍ അത് ഫെമിനിസം അല്ല. ഫെമിനിസമായി ഭാവിക്കുന്ന ബുള്ളിയിങ് ആണ്. ഒരാളെ വലിച്ച് താഴെ ഇടുന്നതോ, അധികാരം ഉറപ്പിക്കുന്നതോ അല്ല ഫെമിനിസം, അത് നിങ്ങള്‍ സ്ത്രീയായാലും പുരുഷനായാലും. സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണത്'' എന്നും രശ്മിക പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates