

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് അഭിനന്ദനങ്ങളുമായി മകൾ വിസ്മയ. മോഹൻലാലിന്റെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ചേർത്തൊരുക്കിയ കോളാഷിനൊപ്പമാണ് വിസ്മയുടെ അഭിനന്ദന പോസ്റ്റ്. ‘അഭിനന്ദനങ്ങൾ അച്ഛാ... അതുല്യനായ ഒരു കലാകാരൻ എന്ന നിലയിലും അതുല്യനായ മനുഷ്യൻ എന്ന നിലയിലും അച്ഛനെ ഓർത്ത് എന്നും അഭിമാനം,’ വിസ്മയ മോഹൻലാൽ കുറിച്ചു.
ശനിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായാണ് ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകൾക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനെ തേടിയെത്തിയത്. ഫിലിപ്പീൻസ് യാത്ര കഴിഞ്ഞ് ചെന്നൈയിൽ എത്തിയ താരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സെറ്റിൽ ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിലായിരുന്നു.
‘48 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ കാര്യമാണ് ഈ അവാർഡ്. ഈ നിമിഷത്തെ വളരെ ഉൾപ്പുളകത്തോടെ ഞാൻ ഏറ്റുവാങ്ങുന്നു. ഒരുപാട് പേർക്ക് പ്രചോദനമാണ് ഈ അംഗീകാരം,’ മോഹൻലാൽ പറഞ്ഞു.
അടൂരിന് ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ഡൽഹിയിൽ സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി മോഹൻലാലിന് പുരസ്കാരം കൈമാറും. അതേസമയം അച്ഛനും സഹോദരൻ പ്രണവിനും പിന്നാലെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിസ്മയയും.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates