

മമ്മൂട്ടി ചിത്രം 'കാഴ്ച'യിലെ കൊച്ചുണ്ടാപ്രിയായെത്തി മലയാളികളുടെ മുഴുവൻ ഇഷ്ടവും പിടിച്ചു പറ്റിയ താരമാണ് യഷ് മാളവ്യ. 2001ല്‍ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കേരളത്തിലെത്തുന്ന കുട്ടിയെയും അവനെ ഏറ്റെടുത്ത് വളര്‍ത്തുന്ന മാധവന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്.
ക്ലൈമാക്സിൽ മാധവൻ കൊച്ചുണ്ടാപ്രിയെ അവന്റെ ജന്മനാടായ ഗുജറാത്തിൽ മനസില്ലാ മനസോടെ കൊണ്ട് ചെന്നാക്കുമ്പോൾ മാധവനൊപ്പം തന്നെ മലയാളികളുടെയും മനസു നീറി. ഗുജറാത്ത് സ്വദേശിയാണെങ്കിലും യഷ് ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിലാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഓർമകൾ മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ പങ്കുവച്ചിരിക്കുകയാണ് യഷ് മാളവ്യ.
"സിനിമ കാണുമ്പോൾ ഞാനും കരയാറും ഇമോഷണലാവാറുമുണ്ട്. അതുകൊണ്ട് ഞാനും അധികം കാണാൻ പോവാറില്ല. ഹൃദയഭേദകമായ സിനിമായാണത്. ഞാൻ ഇതുവരെയും ഇങ്ങനെ വേറൊരു സിനിമ കണ്ടിട്ടില്ല. ബ്ലെസി സാർ ഇവിടെ വന്ന് ഒരു ഗുജറാത്തി പയ്യനെ നോക്കുന്നുണ്ടായിരുന്നു. ഇവിടെ വെച്ച് ഒഡിഷനൊക്കെ നടത്തി. എന്റെ ഡാൻസൊക്കെ കണ്ടു.
അങ്ങനെയാണ് എന്നെ കാസ്റ്റ് ചെയ്യുന്നത്. ഓഡിഷൻ കഴിഞ്ഞതിനു ശേഷം പ്രൊഡ്യൂസറെ കാണാൻ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലാണ് പോയത്. അന്നവിടെ ടേബിളിൽ മുന്തിരിങ്ങ വെച്ചിരുന്നു. ഞാൻ പേടിയൊന്നും കൂടാതെ അതൊക്കെ എടുത്തു കഴിച്ചു. അങ്ങനെ എന്റെ കുസൃതിയും ആത്മവിശ്വാസവുമൊക്കെ കണ്ടിട്ടാണ് എന്നെ ആ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്.
'ഡപ് ഡപ് ജാനകി...' പാട്ട് എടുക്കുന്ന സമയത്ത് ഞാൻ ഛർദ്ദിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. സനുഷയും ഭയങ്കര സപ്പോർട്ടായിരുന്നു ആ സമയത്ത്. സനുഷയെ പിന്നെ ഞാൻ അടുത്തിടെ കണ്ടിട്ടുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിലൊക്കെ നമ്മൾ സംസാരിക്കാറുണ്ട്. പിന്നെ ഈ സിനിമയ്ക്ക് വേണ്ടി ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല.
കരയിപ്പിക്കേണ്ട സമയത്ത് അച്ഛനെയും അമ്മയെയും എന്റെ അടുത്ത് നിന്ന് മാറ്റും. അപ്പോൾ ഞാൻ കരയാൻ തുടങ്ങും. ഗുജറാത്തിൽ ഭൂകമ്പം നടന്ന സ്ഥലത്താണ് ഷൂട്ടൊക്കെ നടന്നത്. ഒരു ഒന്നൊന്നര ദിവസം എന്നെ എന്റെ മാതാപിതാക്കളെ കാണിച്ചില്ല കരയുന്ന ഷോട്ട് എടുക്കാൻ". -യഷ് പറഞ്ഞു. മൂന്നാമതൊരാൾ എന്ന ചിത്രത്തിലും യഷ് അഭിനയിച്ചിട്ടുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates