

മോഹൻലാൽ-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടിൽ പിറന്ന ലൂസിഫറിനെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ച് നിർമാതാവും നടനുമായ തമ്പി ആന്റണി. എല്ലാവരും നന്നായി കളിച്ചതുകൊണ്ട് വിജയിച്ച ഒരു കളിയെന്നാണ് ലൂസിഫറിന്റെ വിജയത്തെ തമ്പി വിശേഷിപ്പിക്കുന്നത്. സിനിമ ഒരു കൂട്ടായ്‌മയാണെന്നും ഒറ്റക്കു കളിച്ചാൽ ഒരിക്കലും ജയിക്കല്ല എന്നൊരു പാഠംകൂടി മലയാളത്തിലെ പല സംവിധായകരും മനസിലാക്കേണ്ടതുണ്ടെന്നും തമ്പി കുറിച്ചു.
തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ലൂസിഫർ കണ്ടില്ല . അതൊകൊണ്ടിതൊരു നിരൂപണവുമല്ല . ഉടനെ തന്നെ കാണുമെങ്കിലും ഒന്നുമെഴുതാൻ താൽപ്പര്യമില്ല . കാരണം അഭിപ്രായ വ്യത്യാസമില്ലാതെതന്നെ എല്ലാവരും ഗംഭീര പടം എന്നഭിപ്രായപെട്ടുകഴിഞ്ഞു. ഇനിയിപ്പം ഞാനായിട്ടെന്തു പറയാൻ . ലാലേട്ടൻ സൂപ്പർ എന്നുതന്നെ എന്നാണ് എല്ലാവരും ആവർത്തിച്ച് പറയുന്നതും . മഞ്ജു വാര്യരെപ്പറ്റി പിന്നെ പറയേണ്ടതില്ലല്ലോ .ഒരു നടന്മാരും നടിമാരും മോശമല്ല എന്നും പറയുന്നു . കഥ തിരക്കഥ ക്യാമറ സംവിധാനം എല്ലാം മികച്ച നിലവാരം പുലർത്തുന്നു. അങ്ങനെ എല്ലാവരും നന്നായി കളിച്ചതുകൊണ്ട് വിജയിച്ച ഒരു കളി. സിനിമ ഒരു കൂട്ടായ്‌മയാണ് ഒറ്റക്കു കളിച്ചാൽ ഒരിക്കലും ജയിക്കല്ല എന്നൊരു പാഠംകൂടി മലയാളത്തിലെ പല സംവിധായകരും മനസിലാക്കേണ്ടതുണ്ട്. പരിചയസമ്പന്നനായ പൃഥ്വിരാജിനതു നന്നായറിയാം എന്നുകൂടെ തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
ഇനി ഒരനുഭവം പറയാം ...
മഴയും വെള്ളപ്പൊക്കവും സംഹാരതാണ്ഡവമാടുന്ന സമയം. എല്ലാത്തിനും ദൃക്‌സാക്ഷിയായി പുഴയമ്മ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഞാനും നാട്ടിലുണ്ട് . ഇടക്കൊരുദിവസം കുട്ടിക്കാനത്തു ലൂസിഫറിൻറെ ലൊക്കേഷനിൽ പോയിരുന്നു. കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരമായിരുന്നു അന്നത്തെ ലൊക്കേഷൻ. രാവിലെതന്നെ പ്രവർത്തകർ എല്ലാം എത്തിയിരുന്നുവെങ്കിലും പതിവുപോലെ അന്നും മഴകാരണം ഷൂട്ടിങ് മുടങ്ങി. പൃഥ്വിരാജ് പാക്ക് അപ്പ് പറഞ്ഞു വണ്ടിപെരിയാറ്റിനു പോയി എന്നറിഞ്ഞു. അതുകൊണ്ടു പൃഥിയെ കാണാൻ പറ്റിയില്ലങ്കിലും മഹാനടൻ മോഹൻലാലിനെ കണ്ടു. ഞങ്ങൾ ഞാനും പുഴയമ്മയുടെ സംവിധായകൻ വിജീഷ് മണിയും കാണാൻ ചെല്ലുന്നുണ്ടെന്നറിയിച്ചിരുന്നു .മറ്റൊന്നും ചെയ്യാനുമില്ലായിരുന്നതുകൊണ്ട് അദ്ദേഹം ആ പെരുമഴയത്ത് കാരവനിൽതന്നെ ഇരുന്നു. അപ്രതീക്ഷിതമായി കാണാൻ കിട്ടിയ ഒരിടവേളയായിരുന്നെങ്കിലും അദ്ദേഹത്തിന് വേണമെങ്കിൽ കാണാൻ റൂമിലേക്ക് വരൂ എന്ന് പറയാമായിരുന്നു. അതുപറയാഞ്ഞത് അദ്ദേഹത്തിൻറെ ആദിത്യ മര്യാദയും വ്യക്തിത്വവുമാണ് . അതും ഒരു ടെൻഷനുമില്ലാതെ വളരെ റിലാക്‌സായിയാണ് അദ്ദേഹം ഞങ്ങളോടു സംസാരിച്ചതും. പുഴയമ്മയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്യണമെന്നായിരുന്നു വിജീഷ് മണിയുടെ ആവശ്യം . അതദ്ദേഹം സന്തോഷപൂർവ്വം സമ്മതിക്കുകയും ചെയിതു. പിന്നീട് കൂടുതലും സിനിമാക്കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ പങ്കുവെച്ചത്. ഇത്രയധിക സിനിമയേയും കലയേയും സ്നേഹിക്കുന്ന വ്യക്‌തിത്വത്തിൻറെ ഉടമ. അതുകൊണ്ടുതന്നെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരേണ്ടതില്ലന്നു
സ്വയം തീരുമാനിച്ചതും എന്ന് ഞാൻ വിശ്വസിക്കുന്നു . ഒരു യഥാർഥ കലാകാരന് അങ്ങനെയാകാനേ സാധിക്കുകയുള്ളു. കലാകാരന്മാർ സമൂഹത്തിൻറെ സമ്പത്താണ് അവരെവെച്ചു ചൂതുകളിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും അനുവദിക്കരുത് . കാരണം കേരളം മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല . സാംസ്ക്കാരികപരമായും വിദ്യാഭ്യാസപരമായും അവരെക്കാൾ ഒക്കെ മുൻപന്തിയിലാണ്. വായനയിലൂടെയും ചിന്തയുടെയും വളർന്നവരാണ് . കമ്മ്യുണിസവും മതേതര ചിന്തകളും ഉള്ളിൽ ഒളിപ്പിച്ചവരാണ്. സോഷ്യൽ മീഡിയായിൽ മുറവിളികൂട്ടുന്നവരല്ല യെധാർത്ഥ മലയാളി. അതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്. അതുകൊണ്ടുതന്നെ നമ്മുടെ കലാകാരന്മാർ
രാഷ്ട്രീയം മറന്നു നിഷ്പക്ഷമായി സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാകാൻ ശ്രമിക്കുകയാണ് വേണ്ടത്. ആ സന്ദേശംതന്നെയല്ലേ ലൂസിഫർ പോലെയുള്ള പോപ്പുലർ ആയ സിനിമകൾ നമുക്കും സമൂഹത്തിനും നൽകേണ്ടത്.അങ്ങനെ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു . എന്തായാലും ലൂസിഫറിനും മുരളീ ഗോപിക്കും ആന്റണി പെരുമ്പാവൂരിനും ആ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates