ബാംഗ്ലൂര്‍ ഡെയ്‌സ് പുറത്തിറങ്ങി നാലുവര്‍ഷങ്ങള്‍ക്കുശേഷം എത്തുന്ന ഒരു അഞ്ജലി മേനോന്‍ ചിത്രം, വിവാഹശേഷം നസ്‌റിയ ആദ്യമായി അഭിനയിക്കുന്നു, പൃഥ്വിരാജ്-പാര്‍വതി വിജയജോഡി വീണ്ടും ഒന്നിക്കുന്നു. 'കൂടെ' എന്ന മലയാള ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നതിന് പിന്നില്‍ ഇങ്ങനെ കുറേയധികം കാരണങ്ങളുണ്ട്. സിനിമയുടെ പേരിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സമൂഹമാധ്യമങ്ങളില്‍ ലഭിച്ച വരവേല്‍പ്പ് ഈ കാത്തിരിപ്പിന്റെ പ്രതിഫലനമാണ്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള പൃഥ്വിയുടെ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിത ഘട്ടങ്ങളാണ് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രം 2014ല്‍ പുറത്തിറങ്ങിയ മറാഠി സിനിമ ഹാപ്പി ജേര്‍ണിയുടെ റീമേക്ക് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാപ്പി ജേര്‍ണി മലയാളത്തില്‍ പുനര്‍നിര്‍മിക്കാനുള്ള അവകാശം ഔദ്യോഗികമായി അഞ്ചലി മേനോന്‍ നേടിയെടുത്തെന്നും മലയാളി പ്രേക്ഷകരുടെ താത്പര്യങ്ങളുമായി ഇണങ്ങുന്ന തരത്തില്‍ തിരകഥയില്‍ മാറ്റം വരുത്തുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഹാപ്പി ജേര്‍ണിയും കഥപറഞ്ഞത്. സഹോദരനും സഹോദരിക്കും ഇടയിലെ സ്‌നേഹബന്ധത്തിന് പ്രാധാന്യം നല്‍കിയാണ് ഹാപ്പി ജേര്‍ണി ഒരുക്കിയിരുന്നത്.
അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവരാണ് കൂടെയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എം. രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദ് വരികളും എം. ജയചന്ദ്രനും രഘു ദിക്ഷിതും സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates