'ജില്ലയുടെ പേരിൽ വിദ്വേഷം പരത്തുന്നവരോട് ലജ്ജ തോന്നുന്നു'; ​മേനക ​ഗാന്ധിക്കെതിരെ പാർവതി

മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധി മലപ്പുറം ജില്ലയെക്കുറിച്ച് ആരോപണം ഉന്നയിച്ചത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്
'ജില്ലയുടെ പേരിൽ വിദ്വേഷം പരത്തുന്നവരോട് ലജ്ജ തോന്നുന്നു'; ​മേനക ​ഗാന്ധിക്കെതിരെ പാർവതി
Updated on
1 min read

​ഗർഭിണിയായ ആന സ്ഫോടക വസ്തു നിറച്ച പൈനാപ്പിൽ ഭക്ഷിച്ച് ചരിഞ്ഞ സംഭവം ലോകശ്രദ്ധ നേടുകയാണ്. അതിനിടെ സംഭവം നടന്നത് മലപ്പുറത്താണ് എന്നാരോപിച്ച് വംശീയവിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധി മലപ്പുറം ജില്ലയെക്കുറിച്ച് ആരോപണം ഉന്നയിച്ചത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി പാർവതി. 

ആനയെ ആക്രമിച്ചവരെ വിമർശിച്ചതിനൊപ്പം ജില്ലയെ  ലക്ഷ്യംവച്ചുകൊണ്ട് വിദ്വേഷം പ്രചരിക്കുന്ന നടപടിയേയും താരം എതിർത്തു. മൃ​ഗങ്ങൾക്കെതിരേയുള്ള ഇത്തരം അക്രമങ്ങൾ  അവസാനിപ്പിക്കേണ്ടതാണ് അത്  ക്രിമിനൽ കുറ്റം തന്നെയാണെന്നും  എന്നാൽ ഈ വിഷയത്തിൽ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു എന്നും പാർവതി ട്വീറ്റ് ചെയ്തു. 

സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മേനക ഗാന്ധിയുടെ ആരോപണം. വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന വനം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. മേനക ​ഗാന്ധിയുടെ പ്രതികരണം വന്നതോടെ ഇവർക്കെതിരെയുള്ള വിമർശനം രൂക്ഷമായി. 

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. 15 വയസു തോന്നിക്കുന്ന പിടിയാനയെ മെയ് 25നാണ് വെള്ളിയാർപ്പുഴയിൽ  അവശനിലയിൽ കണ്ടെത്തിയത്. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. അവശനിലയിലായ ആനയെ പുറത്തേക്കുകൊണ്ടുവന്ന് ചികിത്സ നൽകാൻ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നെങ്കിലും ബുധനാഴ്ച വൈകീട്ട് നാലോടെ വെള്ളത്തിൽ നിൽക്കുന്നതിനിടെ ആന ചെരിഞ്ഞു. തുടർന്നാണ് ആന ​ഗർഭിണിയാണെന്ന് മനസിലായത്. ലോകവ്യാപകമായി നിരവധി പേരാണ് ഇതിനെതിരെ ശബ്ദം ഉയർത്തുന്നത്. കുറ്റവാളിക്കെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com