

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോജു ജോർജ് ചിത്രമാണ് വരവ്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ,കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖരൻ മാസ്റ്റർ, തവസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിവർ ഒന്നിച്ച് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രമാണിത്. വ്യത്യസ്ത ശൈലികളും അനുഭവസമ്പത്തും കൈവശമുള്ള ഈ ഏഴ് മാസ്റ്റർമാരുടെ കൂട്ടായ്മ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് പുതിയൊരു ദൃശ്യഭാഷ നൽകുന്നു. ഷാജി കൈലാസ് എന്ന ആക്ഷൻ ചിത്രങ്ങളുടെ സംവിധായകനും കൂടിച്ചേരുമ്പോൾ പ്രേക്ഷകർക്ക് ''വരവ്' ഗംഭീരമാകും.
ഓരോ സ്റ്റണ്ട് മാസ്റ്ററും തങ്ങളുടെ പ്രത്യേകതകളിലൂടെ രംഗങ്ങളെ സമ്പന്നമാക്കുന്നു. സ്റ്റണ്ട് സിൽവയുടെ ആധുനിക ആക്ഷൻ ഡിസൈൻ, മാഫിയ ശശിയുടെ റിയലിസ്റ്റിക് ഫൈറ്റ് സീക്വൻസുകൾ, രാജശേഖർ മാസ്റ്ററുടെ ക്ലാസിക് സ്റ്റണ്ട് ശൈലി, തവസ്സി മാസ്റ്ററുടെ കൃത്യത, ഫീനിക്സ് പ്രഭുവിന്റെ സൃഷ്ടിപരമായ സമീപനം, കലൈ കിംഗ്സന്റെ സ്റ്റൈലിഷ് കൊറിയോഗ്രഫി, ജാക്കി ജോൺസന്റെ സുരക്ഷാ മാനദണ്ഡങ്ങളോടെയുള്ള സൂക്ഷ്മമായ ആക്ഷൻ രൂപകൽപ്പന എന്നിവ ഒന്നുചേർന്ന് “വരവ്” എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ഹൈറേഞ്ച് മേഖലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഈ സ്റ്റണ്ട്മാസ്റ്റർ കൂട്ടായ്മയുടെ മാസ്സ് ആക്ഷനുകൾ ആസ്വദിക്കാം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഭാഷാ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഈ മാസ്റ്റർമാർ, ഓരോ രംഗത്തിനും കഥാപരിസരത്തിനും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും അനുയോജ്യമായ രീതിയിൽ ആക്ഷൻ രൂപകൽപ്പന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനാൽ തന്നെ ചിത്രത്തിലെ ഓരോ ഫൈറ്റ് സീക്വൻസും യാഥാർത്ഥ്യബോധവും ആവേശവും ഒരുപോലെ നൽകുന്നു.
“വരവ്” എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഇന്ത്യൻ സിനിമയിലെ സ്റ്റണ്ട് സംവിധാനത്തിന് പുതിയൊരു നിലവാരം നൽകുന്ന അനുഭവമായി മാറുന്നു. ഈ കൂട്ടായ്മ പുതിയ തലമുറയിലെ ആക്ഷൻ കലാകാരന്മാർക്ക് വലിയ പ്രചോദനവുമാകുന്നു. ഇവർ ഒരുമിക്കുന്ന ചിത്രമായതുകൊണ്ടുതന്നെ 'വരവ് 'എന്ന ഗംഭീര ആക്ഷൻ ചിത്രം യുവതലമുറയും ആക്ഷൻ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും കാത്തിരിക്കുകയാണ്. വോൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 16ന് ശ്രീ ഗോകുലം മൂവീസ് ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ എത്തിക്കും. പി ആർ ഓ മഞ്ജു ഗോപിനാഥ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates