'വളർന്നത് ചേരിയിൽ, ചെറുപ്പത്തിലെ അച്ഛനേയും രണ്ട് ചേട്ടന്മാരെയും നഷ്ടപ്പെട്ടു, ആരും പിന്തുണച്ചില്ല'; ഐശ്വര്യ രാജേഷിന്റെ പോരാട്ടങ്ങൾ

ചേരിയിൽ ജനിച്ചു വളർന്ന താരം തമിഴിലെ മുൻ നിര നടിയായി മാറിയത് കഠിനാധ്വാനത്തിലൂടെയാണ്
'വളർന്നത് ചേരിയിൽ, ചെറുപ്പത്തിലെ അച്ഛനേയും രണ്ട് ചേട്ടന്മാരെയും നഷ്ടപ്പെട്ടു, ആരും പിന്തുണച്ചില്ല'; ഐശ്വര്യ രാജേഷിന്റെ പോരാട്ടങ്ങൾ
Updated on
2 min read

ന്ന് തെന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് ഐശ്വര്യ രാജേഷ്. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് താരം. എന്നാൽ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള ഐശ്വര്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ചേരിയിൽ ജനിച്ചു വളർന്ന താരം തമിഴിലെ മുൻ നിര നടിയായി മാറിയത് കഠിനാധ്വാനത്തിലൂടെയാണ്. തന്റെ നിറത്തിന്റേയും ഭാഷയുടേയും പേരിൽ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. ടെഡ് ടോക്ക്സിൽ നടത്തിയ പ്രഭാഷണത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

'വേദനയും വിജയവും സന്തോഷവും സ്‌നേഹവും നിറഞ്ഞതായിരുന്നു എന്റെ യാത്ര. ചേരിയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. മൂന്ന് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറു പേരാണ് ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. ഒരു പോരാളിയായിരുന്നു അമ്മ.'

താനിന്ന് നാലുപേര്‍ അറിയുന്ന വ്യക്തിത്വമായി തീര്‍ന്നതിനു പിന്നില്‍ തന്റെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. അമ്മ ബോംബെയില്‍ പോയി വിലകൂടിയതും അല്ലാത്തതുമായ സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ടു വന്നു വില്‍ക്കുമായിരുന്നു. എല്‍ ഐ സി ഏജന്റയാസും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും അമ്മ ജോലി ചെയ്തിട്ടുണ്ട്. വളരെ ബുദ്ധിമുട്ടി അമ്മ ഞങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം തന്നു. എനിക്ക് 12-13 വയസ്സുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരന്‍ രാഘവേന്ദ്ര മരിക്കുന്നത്. ചേട്ടന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവര്‍ പറയുന്നത് ചേട്ടന്‍ ആത്മഹത്യ ചെയ്തെന്നാണ്. അതിന്നും ആര്‍ക്കുമറിയില്ല. വര്‍ഷങ്ങള്‍ കടന്നു പോയി. രണ്ടാമത്തെ സഹോദരന്‍ ചെന്നൈ എസ് ആര്‍ എം കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു. എന്നാല്‍ ഒരു വാഹനാപകടത്തില്‍ ചേട്ടനും മരിച്ചു.

ചേട്ടന്റെ മരണം അമ്മയെ തളര്‍ത്തി. പ്രതീക്ഷകളെല്ലാം നശിച്ചു. ഞാനും എന്റെ സഹോദരനും അമ്മയും മാത്രമായി. ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍ മകളെന്ന നിലയില്‍ കുടുംബത്തെ സംരംക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുകയാണ്. ചെന്നൈ ബസന്ത് നഗറില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ നിന്നുകൊണ്ട് കാഡ്ബറീസ് ചോക്ലേറ്റ് സോസിന്റെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്‌. അന്നെനിക്ക് 225 രൂപ ശമ്പളം കിട്ടി. ബര്‍ത്ത്‌ഡേ പാര്‍ട്ടികളില്‍ ആങ്കറായി ചെന്നും പണമുണ്ടാക്കി. അഞ്ഞൂറും ആയിരവും സമ്പാദിച്ചുകൊണ്ടിരുന്നു. അങ്ങനെ അയ്യായിരം രൂപ വരെ ഒരു മാസം ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു കുടുംബം പോറ്റാന്‍ അതു മതിയാകില്ലല്ലോ. അങ്ങനെ അഭിനയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചു.

ടിവി സീരിയലുകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ദിവസം 1500 രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്നറിഞ്ഞു. രാവിലെ മുതല്‍ രാത്രിവരെയുള്ള അധ്വാനത്തിന് ഇത്ര ചെറിയ തുകയോയെന്നും 25000-50000 ഒക്കെ പ്രതിഫലം കൈപ്പറ്റുന്ന നടീനടന്‍മാര്‍ ഇവിടെയുണ്ടല്ലോ എന്നമ്പരന്ന എന്നോട് അമ്മ പറഞ്ഞു. സിനിമകളില്‍ അങ്ങനെയാണ്. ആദ്യം ചെറിയ ഫ്രതിഫലം കിട്ടും. പിന്നീട് പ്രശസ്തി നേടിയാല്‍ വീണ്ടും കിട്ടും.

ആയിടക്കാണ് ഒരു നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അത് വച്ച് സിനിമകളില്‍ പരിശ്രമിക്കാന്‍ തുടങ്ങി. 'അവര്‍കളും ഇവര്‍കളും' ആയിരുന്നു ആദ്യചിത്രം. അത് സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നെയും പരിശ്രമിച്ചു. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയെന്ന നിലയിലും എന്റെ ഇരുണ്ടനിറം കാരണവും പലയിടത്തും പല അവസരങ്ങളും നഷ്ടപ്പെട്ടു. ഒരു സംവിധായകന്‍ ഒരിക്കല്‍ എന്നോടു നേരിട്ടു പറഞ്ഞു. നിങ്ങളെപ്പോലെയുള്ളവരെ നായികയാക്കാന്‍ പറ്റില്ല. നായികയുടെ സുഹൃത്ത് അങ്ങനെയുള്ള ചെറിയ റോളുകള്‍ നിങ്ങള്‍ക്കു പറ്റും. ഒരിക്കല്‍ വളരെ പ്രശസ്തനായ ഒരു സംവിധായകന്‍ എന്നോടു പറഞ്ഞു. കോമഡി കൈകാര്യം ചെയ്യുന്ന നടനൊപ്പം ഒരു റോള്‍ തരാം. എനിക്കതില്‍ താത്പര്യമില്ലെന്ന് അറിയിച്ചു.

രണ്ടുമൂന്നു വര്‍ഷം അവസരമൊന്നും ലഭിച്ചില്ല.  പിന്നീട് അഭിനയിച്ച അട്ടക്കതിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പനിയേറും പദ്മിനിയും, റമ്മി, തിരുടന്‍ പോലീസ് അങ്ങനെ ലീഡ് റോളുകള്‍ ചെയ്യാന്‍ തുടങ്ങി. രണ്ടു കുട്ടികളുടെ അമ്മയായി അഭിനയിച്ച കാക്കമുട്ടയും ശ്രദ്ധിക്കപ്പെട്ടു. അമ്മ റോള്‍ ചെയ്യാന്‍ ആരും അന്ന് തയ്യാറല്ലായിരുന്നു. എനിക്കതില്‍ ബുദ്ധിമുട്ട് തോന്നിയില്ല. കാക്കമുട്ടയിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നാടറിയുന്ന നടിയായി. ആറേഴു സിനിമകളില്‍ നായികയായി. ആരും പിന്തുണച്ചിട്ടല്ല. ലൈംഗികപരമായ ചൂഷണം വരെ നേരിട്ടിട്ടുണ്ട്. ഒരാള്‍ എന്നോടു മോശമായി പെരുമാറിയാല്‍ അതിന് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയാം.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com