

അബുദാബി: വിവാഹമോചിതരായ ദമ്പതികള്‍ മക്കളുടെ സംരക്ഷണ ചെലവ് തുല്യമായി പങ്കിടണമെന്ന് അബുദാബി കോടതി. വിവാഹമോചിതരായ ജര്‍മ്മന്‍ ദമ്പതികളുടെ കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതി ഇപ്രകാരം ഉത്തരവിട്ടത്.
മക്കളുടെ പ്രതിമാസ ചെലവ്, സ്‌കൂള്‍ ഫീസ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ചികിത്സ, യാത്രാച്ചെലവുകള്‍ എന്നിവ ദമ്പതികള്‍ തുല്യമായി നല്‍കണമെന്നാണ് ഉത്തരവ്. പിതാവിന്റെ പ്രത്യേക അഭ്യര്‍ഥനയും സമര്‍പ്പിച്ച രേഖകളും പരിഗണിച്ച്, ജര്‍മന്‍ നിയമത്തിലെ (ജര്‍മന്‍ സിവില്‍ കോഡ്) വകുപ്പുകള്‍ പ്രകാരമാണ് അബൂദബി കോടതി അപൂര്‍വ വിധി പ്രസ്താവിച്ചത്.
മൂത്ത മകള്‍ക്ക് 5,000 ദിര്‍ഹമും ഇളയ മകള്‍ക്ക് 4,000 ദിര്‍ഹമും പ്രതിമാസ ജീവനാംശമായി നിശ്ചയിക്കുകയും ഇതിന്റെ പകുതി തുക വീതം പിതാവും മാതാവും നല്‍കണമെന്നാന് കോടതി നിര്‍ദേശം. ജര്‍മ്മന്‍ സിവില്‍ കോഡിലെ പ്രായാധിഷ്ഠിത വകുപ്പുകളുടെയും വ്യവസ്ഥകളും പ്രകാരമാണ് കോടതിയുടെ നിര്‍ദേശം. കുട്ടികളുടെ സംരക്ഷണം രണ്ടുപേര്‍ക്കും ഒരുപോലെയാണെന്നതും മക്കള്‍ക്ക് സ്വന്തമായി വരുമാനമില്ലെന്നതും കണക്കിലെടുത്താണ് സാമ്പത്തിക ബാധ്യത രണ്ടുപേര്‍ക്കുമായി വീതിച്ചു നല്‍കിയത്.
അഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. വിദേശികള്‍ക്ക് തങ്ങളുടെ സ്വന്തം രാജ്യത്തെ കുടുംബനിയമങ്ങള്‍ തെരഞ്ഞെടുക്കാന്‍ യുഎഇ വ്യക്തിനിയമം അനുവദിക്കുന്നുണ്ട്. ദമ്പതികള്‍ ഇരുവരും ദുബൈയിലാണ് താമസമെന്നും അതിനാല്‍ കേസ് പരിഗണിക്കാന്‍ അബുദാബി കോടതിക്ക് അധികാരമില്ലെന്നുമുള്ള മാതാവിന്റെ വാദം കോടതി തള്ളി. പിതാവിന് അബുദാബിയില്‍ സാധുതയുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് ഫയലില്‍ സ്വീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates