അബുദാബി: ഡ്രൈവറില്ലാ ടാക്‌സികളുടെ പ്രവർത്തനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് അബുദാബി. അല്‍ റീം, അല്‍ മറിയ ദ്വീപുകളിലേക്ക് കൂടി സർവീസുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വീറൈഡ്,ഊബര്‍ എന്നി കമ്പനികൾ സംയുക്തമായി ആണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ തവസുലിനാണ് ഡ്രൈവറില്ലാ ടാക്‌സികളുടെ നടത്തിപ്പ് ചുമതല.
2040 ൽ അബുദാബിയിലെ എല്ലാ യാത്രകളുടെയും 30% ഡ്രൈവറില്ലാ വാഹനങ്ങൾ വഴിയാക്കുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം. ആഗോള തലത്തിൽ തന്നെ സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഹബ് ആയി മാറാൻ രാജ്യം ശ്രമിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനസാന്ദ്രതയേറിയ ഈ ദ്വീപുകളിൽ സർവീസ് നടത്തുമ്പോൾ ഭാവിയിൽ സാങ്കേതികമായി എന്തൊക്കെ മാറ്റങ്ങൾ വാഹനങ്ങളിൽ വരുത്തേണ്ടതെന്ന് കമ്പനികൾക്ക് മനസിലാക്കാനും കഴിയും.
യാസ്,സഅദിയാത്ത് ദ്വീപുകളിലും സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്വയം നിയന്ത്രിത ടാക്‌സി വാഹനങ്ങള്‍ സർവീസ് ആരംഭിച്ചിരുന്നു. അബുദാബിയിലെ മറ്റു സ്ഥലങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കാൻ അധികൃതർ ശ്രമം തുടങ്ങി.
സ്മാര്‍ട്ട് മൊബിലിറ്റി വാഹനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചതായും രാജ്യത്തിൻറെ ലക്ഷ്യങ്ങൾ കൈവരിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അബുദാബി മൊബിലിറ്റിയുടെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ഗഫീലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates