മനാമ: വിമാനമാർഗം ലഹരി ഗുളിക കടത്തിയ കേസിലെ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി. ജോർദാൻ പൗരനായ 29 കാരനെയാണ് അഞ്ചുവർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പുറമെ ഇയാൾ 3000 ബഹ്റൈൻ ദിനാർ പിഴയും അടക്കണമെന്ന് കോടതി ഉത്തരവിട്ടു. തടവ് ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. പ്രതിയോ,ഇയാളെ പ്രതിനിധികരിക്കുന്ന അഭിഭാഷകനോ കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടെ കോടതി കേസ് പരിഗണിച്ച ശേഷം ഉടൻ തന്നെ വിധി പറയുകയായിരുന്നു
6,40,000 ബഹ്റൈൻ ദിനാർ (1.4 കോടി രൂപ) രൂപ വിലമതിക്കുന്ന ലഹരി ഗുളികകളാണ് ഇയാൾ വിമാനം വഴി കടത്താൻ ശ്രമിച്ചത്. പ്രതിയുടെ പേരിലുള്ള ഒരു പാർസലിൽ ലോഹ, റബർ പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആണ് 22.15 കിലോഗ്രാം വരുന്ന ലഹരി മരുന്ന് ഗുളികകൾ കണ്ടെത്തിയത്. ഇയാളുടെ പേരിൽ എത്തിയ പാർസൽ വാങ്ങാൻ സഹോദരിയെ ഏൽപ്പിച്ച ശേഷം പ്രതി രാജ്യം വിട്ടു.
പാർസൽ വാങ്ങാൻ എത്തിയ സഹോദരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് കേസുമായി ഇവർക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ സഹോദരിയെ ഉദ്യോഗസ്ഥർ വിട്ടയച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് ഡയറക്ടറേറ്റും കസ്റ്റംസ് അധികൃതരും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നുകൾ പിടിച്ചെടുത്തത്. പ്രതിയെ ഉടൻ തന്നെ രാജ്യത്ത് എത്തിച്ചു ജയിലലടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates